അമീബിക് മസ്തിഷ്ക ജ്വരം; ക്ലോറിനേഷന് കാമ്പയിന് ഇന്നും നാളെയും
text_fieldsകാസർകോട്: വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊർജിത ക്ലോറിനേഷന് നടത്തും. കാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും യോഗങ്ങള്‍ ചേര്‍ന്നു. വാര്‍ഡ് തലത്തിലും മേഖല തലത്തിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, ഹരിതകർമസേന അംഗങ്ങള്‍, കുടുംബശ്രീ ആരോഗ്യ വളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന് അംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനം നല്കി.
ഓരോ കിണറിലെയും വെള്ളത്തിന്റെ അളവ് കണ്ടെത്തി ആയിരം ലിറ്ററിന് 2.5 ഗ്രാം എന്ന തോതില്‍ ബ്ലീച്ചിങ് പൗഡര്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം നേര്‍പ്പിച്ച് തെളിഞ്ഞ വെള്ളം കിണറുകളില്‍ ഒഴിച്ചാണ് ക്ലോറിനേഷന് നടത്തുന്നത്. അതുവഴി കിണറുകള്‍ ശുചിയാവുകയും അമീബക്ക് ലഭിക്കുന്ന ബാക്ടീരിയകള്‍ നശിക്കുകയും ചെയ്യും. ക്ലോറിനേറ്റ് ചെയ്ത് ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ ശുദ്ധജലം ഉപയോഗിക്കാം.
രോഗം പിടിപെട്ടാല്‍ ഗുരുതരമാകുന്നതിനാല്‍ പ്രതിരോധവും ശുദ്ധജല സാധ്യത വര്‍ധിപ്പിക്കുന്നതുമാണ് പ്രതിവിധിയെന്ന തിരിച്ചറിവിലാണ് 'ജലമാണ് ജീവന്' കാമ്പയിന് നടത്തുന്നത്. കാമ്പയിനിന്റെ ഭാഗമായി ബോധവത്കരണ പ്രവര്‍ത്തനങ്ങളും സെപ്റ്റംബര്‍ മാസത്തില്‍ നടക്കും. വാര്‍ഡുതല സമിതികള്‍ നേതൃത്വം നല്‍കും. അമീബയുടെ വ്യാപനത്തെ ചെറുക്കുന്നതിന് കാമ്പയിന് സംഘടിപ്പിക്കാന്‍ ഫെഡറേഷന് ഓഫ് റെസിഡന്‍ഷ്യല്‍ അസോസിയേഷന് കാസര്‍കോട് (ഫ്രാക്) നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഫ്രാകിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വെസ് പ്രസിഡന്റ് ഷീല ജയിംസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പത്മാക്ഷന് സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, ആരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന് എന്നിവര്‍ കാമ്പയിന് വിശദീകരിച്ചു. കൃഷ്ണന് നമ്പൂതിരി നന്ദി പറഞ്ഞു. ജില്ലയിലെ ഇരുപത്തിയഞ്ചോളം റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍നിന്ന് പങ്കാളിത്തമുണ്ടായിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.