സ്താനാർബുദം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചർ സ്ഥാപനത്തിനെതിരെ വീണ്ടും പരാതി
text_fieldsകോഴിക്കോട്: കാൻസർ മൂർച്ഛിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അക്യുപങ്ചർ സ്ഥാപനത്തിനെതിരെ പൊലീസിൽ വീണ്ടും പരാതി നൽകി കുടുംബം. കുറ്റ്യാടി മരുതോങ്കര സ്വദേശിനി ഹാജറ മരിച്ച സംഭവത്തിലാണ് പരാതി നൽകിയത്. നേരത്തെ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് ആരോപിച്ചാണ് വീണ്ടും കുടുംബം പരാതി നൽകിയിരിക്കുന്നത്.
സ്താനാർബുദം ബാധിച്ച ഹാജറ ഞായറാഴ്ചയാണ് മരിച്ചത്. ശരീര വേദനയെ തുടർന്നാണ് യുവതി കുറ്റ്യാടിയിലെ അക്യുപങ്ചർ സ്ഥാപനത്തിൽ ചികിത്സ തേടിയത്. ഹാജറക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ചു. സ്തനാർബുദം മൂർച്ഛിച്ചപ്പോഴും എന്താണ് അസുഖമെന്ന് പറയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്തെന്ന് കുടുംബം പറയുന്നു. അസുഖം പൂർണമായി ഭേദമാകുമെന്നും എന്തെങ്കിലും റിയാക്ഷൻ ഉണ്ടാകുന്നുണ്ടെങ്കിൽ അത് രോഗം ഭേദമാകുന്ന ലക്ഷണമാണെന്നും ഹാജറയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് എം.വി.ആർ കാൻസർ സെന്‍ററിലെത്തിയപ്പോഴേക്കും രോഗം നാലാം ഘട്ടം പിന്നിട്ടിരുന്നു.
ഹാജറയെ ചികിത്സിച്ച സ്ഥാപനത്തിന് രജിസ്ട്രേഷനില്ലെന്നും, ചികിത്സാ രേഖകൾ കൈമാറിയില്ലെന്നും പുതിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രോഗി മരിക്കുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ കുറ്റ്യാടി സി.ഐക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ചികിത്സ നടത്തുന്നവരെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയയായ കുറ്റ്യാടിയിലെ അക്യുപങ്ചറിസ്റ്റ് ഫെമിന, ഇപ്പോൾ വിദേശത്താണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.