പ്രമേഹവും പാർശ്വഫലങ്ങളും
text_fieldsലോക പ്രമേഹദിനം നവംബർ 14ാം തീയതിയാണ്. ലോകത്തിൽ ഇന്ന് 422 ദശലക്ഷം പ്രമേഹ രോഗികളുണ്ട്. 2030 ആകുമ്പോഴേക്ക് 500 ദശലക്ഷം കടക്കുമെന്നാണ് ഡബ്ലു.എച്ച്.ഒയുടെ അറിയിപ്പ്. ഇന്ത്യയിൽ അഞ്ച് ആളുകളിൽ ഒരാൾ വീതം പ്രമേഹബാധിതരാണ്. അതുകൊണ്ട് പ്രമേഹ രോഗികളുടെ തലസ്ഥാനമായി ഇന്ത്യ അറിയപ്പെടുന്നു.
സാധാരണ വ്യക്തികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് 75 എം.ജി മുതൽ 100 എം.ജി വരെ ആയിരിക്കും. പ്രമേഹരോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പ്രഭാതത്തിൽ(ഫാസ്റ്റിങ്)126 എം.ജി ആയിരിക്കും. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞാൽ 200 എം.ജി വരെ എത്തും.
സാധാരണ വ്യക്തികളിൽ പഞ്ചസാര സാധാരണ നിലയിലാകുന്നത് ഇൻസുലിൻ എന്ന ഹോർമോൺ വഴിയാണ്. പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റ കോശങ്ങളാണ് ഇത് ഉൽപാദിപ്പിക്കുന്നത്. സാധാരണ പ്രമേഹം ഉണ്ടാകുന്നത് ഇൻസുലിന്റെ ഉൽപാദനക്കുറവുകൊണ്ടോ അത് കോശങ്ങളിലേക്ക് ആകിരണം ചെയ്യാനുള്ള അപര്യാപ്തത കൊണ്ടോ ആയിരിക്കും.
പ്രമേഹം: രണ്ട് തരങ്ങൾ
ടൈപ്പ് 2 പ്രമേഹമാണ് 95 ശതമാനം രോഗികളിലും കാണപ്പെടുന്നത്. 5 ശതമാനം മാത്രം ടൈപ്പ് ഒന്നിൽ കാണപ്പെടുന്നു. ഇതിൽ ടൈപ്പ് രണ്ട് പ്രമേഹ രോഗികളിൽ മിക്കവാറും ഭക്ഷണ നിയന്ത്രണവും ടാബ്ലറ്റുകളും മതി. ടൈപ്പ് ഒന്ന് പ്രമേഹം ഭീകരമായതാണ്. ബീറ്റ കോശങ്ങൾ പൂർണമായി നശിച്ച് ഇൻസുലിൻ ഉൽപാദിക്കപ്പെടുന്നേയില്ലാത്തതാണ് ഇതിന് കാരണം. ചികിത്സക്കായി ഇൻസുലിൻ ഇഞ്ചക്ഷൻ മൂന്നോ നാലോ തവണ വേണ്ടി വരും.
പ്രമേഹത്തിന്റെ കാരണങ്ങൾ
1. അമിത ഭക്ഷണം: നമുക്ക് ആവശ്യത്തിലധികം ഭക്ഷണം കഴിച്ചുണ്ടാകുന്ന പൊണ്ണത്തടി ഒരു കാരണമാകുന്നു. തെറ്റായ ഭക്ഷണരീതിയും ഭക്ഷണത്തിൽ ധാരാളം കൊഴുപ്പും കാർബോ ഹൈഡ്രേറ്റും അടങ്ങിയ ബർഗർ, ഫ്രഞ്ച് ഫ്രൈ, പീറ്റ്സ, പെപ്സി, കൊക്കകോള, ഐസ്ക്രീം ഇങ്ങനെയുള്ള ഭക്ഷണം സദാനേരവും കഴിക്കുന്നത് പ്രമേഹത്തെ ക്ഷണിച്ചു വരുത്തും.
2. വ്യായാമം: വ്യായാമമില്ലായ്മയും പ്രമേഹത്തിന് കാരണമാണ്. പണ്ട് കുട്ടികൾ മൈതാനത്ത് കളിക്കുകയും സ്കൂളുകളിൽ കായിക വിനോദങ്ങളിൽ (സ്പോർട്സ്) ആകൃഷ്ടരാവുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കുട്ടികൾ ടി.വി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവകളിൽ കേന്ദ്രീകരിക്കുകയാണ്. മുതിർന്നവർ ചെറിയ ദൂരം പോലും സ്കൂട്ടറിലോ കാറിലോ സഞ്ചരിക്കും. നടത്തമെന്ന ഒരു പരിപാടിയുമില്ല. അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണ് പ്രമേഹത്തിന് പ്രധാന കാരണം.
3. മൂന്നാമത്തെ കാരണം ജനിതകമാണ്. പാരമ്പര്യത്തിന്നും പ്രമേഹം ഉണ്ടെങ്കിൽ അവരുടെ കുട്ടികൾക്ക് പ്രമേഹത്തിന് സാധ്യത കൂടുതലാണ്.
പ്രമേഹ ലക്ഷണങ്ങൾ
അമിതമായ ദാഹം, അമിതമായി മൂത്രം ഒഴിക്കൽ, തൂക്കം കുറയുക, ശരീരത്തിൽ വ്രണമുണ്ടായാൽ ഉണങ്ങാൻ താമസിക്കുക, കാഴ്ചക്ക് മങ്ങൽ, ജനനേന്ദ്രിയങ്ങളിൽ ചൊറിച്ചിൽ.
പാർശ്വഫലങ്ങൾ
അനിയന്ത്രിതമായ പ്രമേഹം ശരിയായ ചികിത്സയുടെ അഭാത്തിൽ നിരവധി വർഷങ്ങൾ കഴിഞ്ഞാൽ അനവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതിൽ പെട്ടതാണ് വൃക്കരോഗം, കാഴ്ചക്ക് മങ്ങൽ എന്നിവ. കാഴ്ചക്ക് മങ്ങൽ ചികിത്സിച്ചില്ലെങ്കിൽ അന്ധത വരെ ബാധിക്കാം. ഹൃദയാഘാതം, തളർവാതം എന്നീ രോഗങ്ങൾ സാധാരണ വ്യക്തികളേക്കാൾ നാലിരട്ടി വരെ പ്രമേഹരോഗികളിൽ കാണപ്പെടുന്നു. ബി.പിയും കൊളസ്ട്രോളും പ്രമേഹരോഗികളിൽ അധികരിച്ച് കാണാം.
ചികിത്സ
1. ഭക്ഷണ ക്രമീകരണം: കാലറി നിയന്ത്രിക്കൽ, മധുരം ഏതു രൂപത്തിലായാലും വർജിക്കൽ, തെറ്റായ ഭക്ഷണ ശീലം ഒഴിവാക്കൽ. ഭക്ഷണ ക്രമീകരണം പ്രമേഹ ചികിത്സയുടെ ഒരു അഭിവാജ്യ ഘടകമാണ്. പ്രാരംഭ ദിശയിൽ തന്നെ പ്രമേഹം ഭക്ഷണ ക്രമീകരണവും ശരീരഭാരവും കുറച്ചാൽ പ്രമേഹശമനം സംഭവിക്കുന്നത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. വ്യായാമം: 30 മിനിറ്റ് നേരം ആഴ്ചയിൽ 5 ദിവസമെങ്കിലും നടത്തം, ഓട്ടം, നീന്തൽ, യോഗ എന്നിങ്ങനെ എന്തെങ്കിലും വ്യായാമം ചെയ്യുന്നത് അഭികാമ്യമായിരിക്കും.
3. മരുന്നുകൾ: ഇൻസുലിൻ, ഗുളികകൾ (ഇന്ന് പ്രമേഹ നിവാരണ ഗുളികകൾ നിരവധിയുണ്ട്). അടുത്തിടെ വിപണിയിൽ മേത്തരം ഗുളികകളുണ്ട്. പ്രമേഹത്തിന് പുറമെ തടി കുറക്കാനും ബി.പിക്കും ഹൃദ്രോഗത്തിനും വൃക്ക രോഗികൾക്കും ഇവ ഫലപ്രദമാണ്. രോഗിയുടെ അവസ്ഥ അനുസരിച്ച് മാത്രമേ പ്രമേഹ രോഹ വിദഗ്ധൻ ചികിത്സാ പദ്ധതി തയായിക്കുകയുള്ളൂ.
ഇന്ന് പ്രമേഹരോഗി ഭക്ഷണ ക്രമീകരണവും വ്യായാമവും ചികിത്സയും എടുത്താൽ പാർശ്വഫലങ്ങൾ കൂടാതെ വർഷങ്ങളോളം പൂർണ ആരോഗ്യവാനായി ജീവിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

