വിവാഹം കഴിക്കുന്നത് പുരുഷന്മാരിൽ പൊണ്ണത്തടിക്ക് കാരണമാകുന്നോ?!
text_fieldsലോകത്ത് 100 കോടി പേർ പൊണ്ണത്തടി അല്ലെങ്കിൽ അമിതവണ്ണം കാരണം കഷ്ടപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2022ൽ 43 ശതമാനം മുതിർന്നവർക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനിടയിലാണ് മറ്റൊരു ശ്രദ്ധേയ പഠന ഫലം വന്നിരിക്കുന്നത്. വിവാഹം കഴിക്കുന്നത് പുരുഷന്മാരിൽ പൊണ്ണത്തടിക്കുള്ള സാധ്യത വർധിപ്പിക്കുന്നു എന്നാണ് പഠനം കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ പുരുഷന്മാരിൽ പൊണ്ണത്തടിക്കുള്ള സാധ്യത 62 ശതമാനമാണത്രെ. എന്നാൽ വിവാഹിതരായ സ്ത്രീകളിൽ പൊണ്ണത്തടി സാധ്യത 39 ശതമാനം മാത്രമാണ്. പോളണ്ടിലെ വാർസോയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലെ ഗവേഷകരുടേതാണ് പഠനം. പഠനം മെയ് മാസത്തിൽ സ്പെയിനിലെ മലാഗയിൽ നടക്കുന്ന ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ അവതരിപ്പിക്കും.
അവിവാഹിതരായ പുരുഷന്മാരേക്കാൾ വിവാഹിതരായ പുരുഷന്മാർക്ക് പൊണ്ണത്തടി സാധ്യത 3.2 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. വിവാഹം മാത്രമല്ല, പ്രായവും ശരീരഭാരം വർധിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. നിരീക്ഷണത്തിന് വിധേയമാക്കിയവരിൽ പ്രായം 50-കളിലുള്ളവരിൽ 35.3 ശതമാനം പേർക്ക് സാധാരണ ഭാരമാണ് കണ്ടെത്തിയത്. 38.3 ശതമാനം പേർക്ക് അമിതഭാരവും 26.4 ശതമാനം പേർക്ക് പൊണ്ണത്തടിയും കണ്ടെത്തി.
വിവാഹശേഷം പുരുഷന്മാർ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് വർധിപ്പിക്കുന്നത്, ഒത്തുചേർന്ന് കൂടുതൽ കഴിക്കുന്നത്, ശാരീരികാധ്വാനങ്ങളിലെ കുറവ് തുടങ്ങിയ കാരണങ്ങളാൽ ശരീരഭാരം വർധിക്കാൻ സാധ്യത വർധിക്കുന്നു. എന്നാൽ, സ്ത്രീകൾ സാമൂഹിക സമ്മർദ്ദങ്ങൾ കാരണം ശരീരഭാരത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കാമെന്ന് ഗവേഷകർ പറയുന്നു.
പെണ്ണത്തടിയെ നിശ്ശബ്ദ മഹാമാരിയെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. പൊണ്ണത്തടി പ്രായവും, വൈവാഹിക നില, മാനസികാരോഗ്യം എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നു. ഹൃദ്രോഗവും കാൻസറും മൂലം അകാല മരണത്തിന് സാധ്യത കൂടുതലുള്ളവരാണ് പുരുഷന്മാർ. ഈ അവസ്ഥകളിൽ ഭാരം ഒരു പ്രധാന ഘടകമാണ്.
2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ കുട്ടികളിൽ മൂന്നിലൊന്ന് പേരും മുതിർന്നവരിൽ പകുതിയിലധികം പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് ലാൻസെറ്റ് പഠനം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.