പ്രോട്ടീൻ ഡയറ്റിനെ അമിതമായി വിശ്വസിക്കേണ്ട, റിസ്ക്കുണ്ട്
text_fields‘കാർബ്’ ഡയറ്റിൽനിന്ന് പ്രോട്ടീൻ ഡയറ്റിലേക്ക് മാറുന്നത് മസിൽ ബിൽഡിങ്ങിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണെന്ന് അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ യുവതലമുറയും മുതിർന്നവരും ഒരുപോലെ അരി ഭക്ഷണത്തിൽനിന്ന് പ്രോട്ടീൻ റിച്ച് ഡയറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ മാറ്റം പേശികൾക്ക് ശക്തി നൽകുമെങ്കിലും പലരും ശ്രദ്ധിക്കാത്ത ചില പാർശ്വ ഫലങ്ങളും ഇതിനൊപ്പം നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മൂത്രാശയ അണുബാധ അഥവാ യു.ടി.എസ് ഇത്തരമൊരു പാർശ്വഫലമാണെന്ന് ചൂണ്ടിക്കാണിക്കുന്നു, ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അരുൺ റാട്ടി. ‘‘മൃഗ പ്രോട്ടീനോ സസ്യ പ്രോട്ടീനോ ഏതുമാകട്ടെ, കൂടുതൽ ഉപയോഗിക്കുന്നവരിൽ മൂത്രാശയ അണുബാധക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കാണാം. പ്രോട്ടീനുകൾ മൂത്രത്തിലെ അസിഡിറ്റി കൂട്ടുന്നതാണ് കാരണം’’ -ഡോ. അരുൺ റാട്ടി പറയുന്നു.
എന്നാൽ, പ്രോട്ടീൻ മാത്രമല്ല മറ്റു പല ഘടകങ്ങളും കൂടി യു.ടി.എസിന് കാരണമാകുന്നുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു. ശുചിത്വക്കുറവ്, മറ്റു രോഗങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കാത്ത അവസ്ഥ തുടങ്ങിയവയും പ്രധാന കാരണങ്ങളാണ്.
സുരക്ഷിതമായി പ്രോട്ടീൻ കഴിക്കാൻ
മിതമായി പ്രോട്ടീൻ കഴിക്കുകയാണ് സുരക്ഷിതം. ‘‘ശരീരഭാരത്തിൽ ഒരു കിലോഗ്രാമിന് 0.8 ഗ്രാം എന്ന അടിസ്ഥാനത്തിൽ പ്രോട്ടീൻ പരിമിതപ്പെടുത്തുന്നതാണ് ഉത്തമം. ഇത്തരം അണുബാധ റിസ്ക് ഉള്ളവർ ഇത് പാലിക്കുന്നതാണ് നല്ലത്’’ -ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, സ്പൈസി ഭക്ഷണം, മധുരം, വൈറ്റ് ബ്രഡ്, പാസ്ത, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയും യു.ടി.എസ് വരുത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.