പ്രമേഹം ഉറപ്പിച്ചാൽ ഈ മൂന്ന് കാര്യങ്ങൾ വാങ്ങണം -ഡോ. ഹാരിസ് ചിറക്കൽ
text_fieldsതിരുവനന്തപുരം: പ്രമേഹം സ്ഥിരീകരിച്ചാൽ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്ന മൂന്ന് സാധനങ്ങൾ രോഗി സ്വന്തമായി വാങ്ങി സൂക്ഷിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. നാല് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ലോക പ്രമേഹദിനമായ ഇന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
‘ഇതിനൊക്കെ ചെറിയ ചിലവേ ഉള്ളൂ. എന്നാൽ, ഷുഗർ നാനൂറും അഞ്ഞൂറും കടന്ന് കോംപ്ലിക്കേഷൻ ആയാൽ ചിലവുകൾ ലക്ഷങ്ങൾ കടക്കും. ഷുഗർ സ്ഥിരമായി നിയന്ത്രണത്തിൽ ആണെങ്കിൽ ആ വ്യക്തി ഭയപ്പെടേണ്ട കാര്യമില്ല. പഞ്ചസാര മാത്രമല്ല വില്ലൻ. അന്നജം അഥവാ കാർബോഹൈഡ്രേറ്റ് എല്ലാം പഞ്ചസാര പോലെ തന്നെയാണ്. ചോറ് തന്നെ പ്രധാന പ്രശ്നം. അന്നജം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുക. എല്ലാ അന്നജവും മധുരവും പ്രശ്നം തന്നെ. ചോറിലും ഗോതമ്പിലും ഒരേ അന്നജം തന്നെ. ചപ്പാത്തി പോലെയുള്ള ഗോതമ്പ് പലഹാരങ്ങൾ ആണെങ്കിൽ എണ്ണം കൃത്യമായി നോക്കാം. ചോറ് കഴിക്കുമ്പോൾ അളവ് ഏറെയാകും. ആഹാരം നാലോ അഞ്ചോ തവണയായി ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്. ആഹാരം കഴിക്കാതെ ഇരിക്കരുത്. ധാരാളം പ്രോട്ടീൻ കഴിക്കുക. മുട്ട, മത്സ്യം, മാംസം, പയറ് വർഗങ്ങൾ, കടല ഇതൊക്കെ കൂടുതൽ ഉൾപ്പടുത്തി അന്നജം നന്നായി കുറയ്ക്കുക. പച്ചക്കറികൾ കൂടുതൽ ഉൾപ്പടുത്തുക’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
14/11/25. ഇന്ന് ലോക പ്രമേഹദിനമാണ്. മനുഷ്യരെ ഇഞ്ചിഞ്ചായി കൊന്ന്, രോഗിയേയും കുടുംബത്തേയും സാമ്പത്തികമായി തളർത്തി ഏറെ ബുദ്ധിമുട്ടിക്കുന്ന വില്ലൻ രോഗമാണ് പ്രമേഹം. ഇത് വായിക്കുന്ന ബഹുമാനപ്പെട്ട പ്രേക്ഷകരിൽ തന്നെ ഒരു നല്ല വിഭാഗം പ്രമേഹം ഉള്ളവരായിരിക്കും. ഇതിന് മുമ്പും ഞാൻ പ്രമേഹരോഗത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1. രോഗിയുടെ സഹകരണമാണ് ആദ്യത്തെ നടപടി.
മുപ്പത്, നാൽപത് വയസ് ആയ എല്ലാവരും ബ്ലഡ് ഷുഗർ ഒന്ന് നോക്കുക. യാതൊരു ലക്ഷണവും ഈ രോഗത്തിന് തുടക്കത്തിൽ ഉണ്ടാകണമെന്നില്ല. ബ്ലഡ് ഷുഗർ അധികമാണെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ കാണിക്കുക.
പ്രമേഹം ഉറപ്പിച്ചാൽ കുറച്ചു കാര്യങ്ങൾ രോഗി വാങ്ങണം (എന്റെ വ്യക്തിപരമായ നിർദേശം ആണ്). ഒരു നോട്ട് ബുക്ക്, ഒരു വെയിംഗ് മെഷീൻ, ഒരു ഗ്ലൂക്കോമീറ്റർ.
ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ പരിശോധിക്കാൻ പഠിക്കുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഷുഗർ പരിശോധിച്ച് ബുക്കിൽ കുറിച്ച് വെയ്ക്കുക.
ഇതിനൊക്കെ ചെറിയ ചിലവേ ഉള്ളൂ. ഷുഗർ നാനൂറും അഞ്ഞൂറും കടന്ന് കോംപ്ലിക്കേഷൻ ആയാൽ ചിലവുകൾ ലക്ഷങ്ങൾ കടക്കും. ഷുഗർ സ്ഥിരമായി നിയന്ത്രണത്തിൽ ആണെങ്കിൽ ആ വ്യക്തി ഭയപ്പെടേണ്ട കാര്യമില്ല.
വെയിംഗ് മെഷീന് ആയിരം രൂപയിൽ താഴെയേ വരൂ. മാസം ഒരിക്കൽ എങ്കിലും ശരീര ഭാരം നോക്കുക. അതും ബുക്കിൽ കുറിച്ച് വെയ്ക്കുക. ആറ് മാസം കൂടുമ്പോൾ രക്തത്തിലെ ക്രിയാറ്റിനിൻ ടെസ്റ്റ് ചെയ്യുക. എഴുതി വെയ്ക്കുക. കാണിക്കുന്ന ഡോക്ടറെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുക, ഉപദേശം തേടുക.
2. ഇന്നത്തെ പത്രത്തിൽ "പഞ്ചസാര ഇല്ലാത്ത വീട്" എന്നൊരു ചിത്രം ഉണ്ട്. തെറ്റായ സന്ദേശം. പഞ്ചസാര മാത്രമല്ല വില്ലൻ. അന്നജം അഥവാ കാർബോഹൈഡ്രേറ്റ് എല്ലാം പഞ്ചസാര പോലെ തന്നെയാണ്. ചോറ് തന്നെ പ്രധാന പ്രശ്നം. അന്നജം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുക. എല്ലാ അന്നജവും മധുരവും പ്രശ്നം തന്നെ. ചോറിന് പകരം ഗോതമ്പ് ആണെങ്കിൽ എണ്ണം കൃത്യമായി നോക്കാനും ഏറെ നേരം വിശപ്പ് നിയന്ത്രിക്കാനും കഴിയും. അല്ലാതെ, ചോറിലും ഗോതമ്പിലും ഒരേ അന്നജം തന്നെ. ചപ്പാത്തി പോലെയുള്ള ഗോതമ്പ് പലഹാരങ്ങൾ ആണെങ്കിൽ എണ്ണം കൃത്യമായി നോക്കാം. ചോറ് കഴിക്കുമ്പോൾ അളവ് ഏറെയാകും. ആഹാരം നാലോ അഞ്ചോ തവണയായി ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്. ആഹാരം കഴിക്കാതെ ഇരിക്കരുത്. ധാരാളം പ്രോട്ടീൻ കഴിക്കുക. മുട്ട, മത്സ്യം, മാംസം, പയറ് വർഗങ്ങൾ, കടല ഇതൊക്കെ കൂടുതൽ ഉൾപ്പടുത്തി അന്നജം നന്നായി കുറയ്ക്കുക. പച്ചക്കറികൾ കൂടുതൽ ഉൾപ്പടുത്തുക
3. വ്യായാമം : അഞ്ച് പൈസയുടെ ചിലവില്ലാതെ ഷുഗറിനെ പിടിച്ചു കെട്ടാൻ ഇത്രയും നല്ല മാർഗമില്ല. ദിവസവും അര മണിക്കൂർ നല്ല വേഗത്തിൽ നടക്കുക.
4. മരുന്ന്: മുടങ്ങരുത്. ഒരുപാട് ചിലവുള്ള മരുന്നുകൾ ആവശ്യമില്ല. പ്രോട്ടോകോൾ അനുസരിച്ച് ചിലവ് കുറഞ്ഞ മരുന്നുകൾ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
ആഹാര നിയന്ത്രണം, വ്യായാമം, മരുന്ന്. ഇതാണ് പ്രമേഹത്തിനെ നേരിടാനുള്ള മന്ത്രം. ഒരു കാര്യം ഓർക്കുക. പ്രമേഹത്തിനെ തുടക്കത്തിൽ തന്നെ നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ പിന്നീട് എന്തൊക്കെ ചെയ്താലും ശരിയാകില്ല. പ്രമേഹം കടുത്തു കഴിഞ്ഞാൽ, നിരവധി തരം അണുബാധകൾ, കാലിലെ വ്രണങ്ങൾ, കാല് മുറിച്ചു മാറ്റുക, കാഴ്ച നഷ്ടപ്പെടുക, ഹൃദ്രോഗം, കാലുകളിലെ മരവിപ്പ്, പലതരം ഞരമ്പ് സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാറ്, ഡയാലിസിസ്, മരണം.... ഇങ്ങനെ പോകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

