റസ്റ്റാറന്റ് കൊള്ളാം, പക്ഷേ, ഭക്ഷണം വീട്ടിൽനിന്ന് മതി
text_fieldsകാലം മാറി. വീട്ടിലെ ഭക്ഷണത്തേക്കാൾ രുചിയുള്ള വിഭവങ്ങൾ റസ്റ്റാറന്റുകളിൽ നിന്ന് കഴിക്കുന്നവരാണ് ഇന്ന് മിക്കവരും. ജോലിയുടെയോ പഠനത്തിന്റെയോ ഭാഗമായി വീട് വിട്ട് നിൽക്കുന്നവരുടെയും പ്രധാന ആശ്രയം ഹോട്ടൽ ഭക്ഷണം തന്നെയായിരിക്കും. എന്നാൽ നിരന്തരം ഇത്തരം ഭക്ഷണം കഴിക്കുന്നതിന്റെ ആപത്ത് വലുതാണ്. റസ്റ്റാറന്റ് ഭക്ഷണങ്ങളിൽ അമിതമായി അടങ്ങിയിരിക്കുന്ന സോഡിയം, അനാരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവയാണ് വില്ലൻമാരെന്ന് വിദഗ്ധർ പറയുന്നു. ‘‘ഇത്തരം ഭക്ഷണത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ പോഷക മൂല്യമുണ്ടാകൂ. ഇവ പതിവായി കഴിക്കുന്നത് അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു. അതിനേക്കാൾ വലിയ പ്രശ്നം, അമിനോ ആസിഡുകൾ പോലുള്ള അവശ്യ മാക്രോ ന്യൂട്രിയന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ബയോ-ആക്ടീവ് പദാർഥങ്ങൾ തുടങ്ങിയ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള താൽപര്യം എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും’’ - ചെന്നൈയിലെ പ്രമുഖ ഡയറ്റീഷ്യൻ ദീപാലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
രുചിക്ക് വലിയ വില നൽകേണ്ടി വരും
വാണിജ്യാടിസ്ഥാനത്തിൽ തയാറാക്കുന്ന പല ഭക്ഷണങ്ങളിലും പോഷകത്തേക്കാൾ രുചിക്കാണ് പ്രാധാന്യം. സംസ്കരിച്ചതും കൃത്രിമ രുചി വർധിപ്പിക്കുന്നതുമായ ചേരുവകൾ, പ്രിസർവേറ്റിവുകൾ, അനാരോഗ്യകരമായ പാചക രീതികൾ തുടങ്ങിയവയാണ് ആരോഗ്യത്തെ തകർക്കുന്നത്. പല പ്രമുഖരും ഇന്ന് റസ്റ്റാറന്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനു പിന്നിലും കാരണമിതാണ്. താൻ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയെന്നും ഇപ്പോൾ വീട്ടിൽ തയ്യാറാക്കുന്ന ഓർഗാനിക് ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കുന്നതെന്നും പ്രമുഖ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോം സ്ഥാപകൻ നിധിൻ കാമത്തും ഈയിടെ വെളിപ്പെടുത്തിയിരുന്നു.
ആവിയിൽ, കുറഞ്ഞ എണ്ണയിൽ
ആവിയിൽ വേവിക്കുക, കുറഞ്ഞ എണ്ണയിൽ വഴറ്റുക തുടങ്ങിയ ആരോഗ്യകരമായ പാചക രീതികളാണ് വീട്ടിലെ പാചകംകൊണ്ടുള്ള നേട്ടം. ഇത് ഭക്ഷണത്തിന്റെ പോഷകമൂല്യം സംരക്ഷിക്കുകയും ചെയ്യുന്നു. ശ്രദ്ധാപൂർവ്വം ഭക്ഷണം പാചകം ചെയ്യാനും ആരോഗ്യകരമായ വിഭവങ്ങൾ തിരഞ്ഞെടുക്കാനും ഭക്ഷണശീലങ്ങളെക്കുറിച്ച് ശക്തമായ അവബോധം വളർത്തിയെടുക്കാനും വീട്ടിൽ പാചകം ചെയ്യുന്നതുവഴി സാധിക്കുമെന്ന് ദീപലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
വീട്ടിൽ എല്ലാം നല്ലതല്ല
വീട്ടിലുണ്ടാക്കുന്നതെല്ലാം നല്ലതാണെന്ന ധാരണയും വേണ്ട. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഏറ്റവും പുതിയ ഭക്ഷണ മാർഗനിർദേശങ്ങൾ അനുസരിച്ച്, വീട്ടിലുണ്ടാക്കുന്നതാണെങ്കിലും അമിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവയുള്ള ഭക്ഷണങ്ങളെല്ലാം അനാരോഗ്യകരമാണ്. ‘‘ഭക്ഷണ പദാർഥങ്ങൾ അമിതമായി വറുക്കുന്നത് ഒഴിവാക്കുക. സസ്യ എണ്ണ ഉപയോഗിക്കുന്നത് ദോഷകരമായ കൊഴുപ്പുകളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനാൽ അത് പരിമിതപ്പെടുത്തണം. ആരോഗ്യകരമെന്ന് പലപ്പോഴും കരുതപ്പെടുന്ന ജ്യൂസുകൾ, ധാന്യങ്ങൾ തുടങ്ങിയവയിലും പഞ്ചസാര കൂടുതലായിരിക്കാം. ഇന്ത്യൻ ഭക്ഷണങ്ങൾ ഉപ്പിന്റെ അമിത ഉപയോഗത്തിന് പേരുകേട്ടതാണ്. എരിവിനും രുചിക്കും വേണ്ടി പലരും ടേബ്ൾ സോൾട്ട് ആശ്രയിക്കുന്നു, ഇത് സോഡിയം ഉപഭോഗം വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു’’ -പോഷകാഹാര വിദഗ്ധ ഇപ്സിത ചക്രവർത്തിയും മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.