പ്രതികരിക്കാതെ ആരോഗ്യമന്ത്രി; യുവതിയുടെ നെഞ്ചിൽ ‘ഗൈഡ് വയർ കുടുങ്ങിയതിൽ വലിയ വീഴ്ച
text_fieldsതിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ പ്രകടമാകുന്നത് ആരോഗ്യവകുപ്പിന്റെ വലിയ വീഴ്ച. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ല മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, ട്യൂബ് കുടുങ്ങിയതിൽ മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന വിചിത്രവാദവും ആരോഗ്യവകുപ്പ് ഉന്നയിക്കുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചില്ല.
ഗുരുതര ചികിത്സാ പിഴവിനെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വീണ ജോർജ് മറുപടി നൽകിയില്ല. എല്ലാം ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുംവിധം നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യ (26) ആണ് നെഞ്ചിൽ ട്യൂബ് കുടുങ്ങി ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ചിൽ ജനറൽ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ സുമയ്യയുടെ നെഞ്ചിലാണ് ‘ഗൈഡ് വയർ’ എന്ന ട്യൂബ് കുടുങ്ങിയത്.
ശസ്ത്രക്രിയക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നും നൽകാനായി ഉപയോഗിച്ച സെൻട്രൽ ലൈനിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നതത്രേ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ശ്രീചിത്ര, പിന്നീട് ആർ.സി.സി എന്നീ ആശുപത്രിയിലടക്കം ചകിത്സതേടി. ആർ.സി.സി യിലെ ചികിത്സയുടെ ഭാഗമായി നടത്തിയ എക്സ്റേ പരിശോധനയിലാണ് ഗൈഡ് വയർ ശ്രദ്ധയിപെട്ടത്. അന്നുതന്നെ തുടർ നടപടികൾ സ്വീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതത്രേ. ഗുരുതരപിഴവ് ഉണ്ടായതിൽ നീതി ലഭിക്കണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
ഇതിനിടെ, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്, വിദഗ്ധ ചികിത്സക്കായി പണം നൽകിയെന്ന് രോഗിയുടെ ബന്ധുക്കൾ പറയുന്നു. ഡോക്ടര് പണം അയച്ചുനൽകിയതിന്റെ സ്ക്രീൻ ഷോട്ടും ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ തുടർ നടപടി ആരംഭിച്ചു -ഡി.എച്ച്.എസ്
തിരുവനന്തപുരം: ശസ്ത്രക്രിക്ക് വിധേയയായ യുവതിയുടെ നെഞ്ചിൽ ‘ഗൈഡ് വയർ’ കണ്ടെത്തിയകാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ആവശ്യമായ തുടർ നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അറിയിച്ചു. 2023 മാർച്ചിൽ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധേയയായ യുവതിയുടെ തൊണ്ടയിൽ ഗൈഡ് വയർ കണ്ടെത്തിയകാര്യം ശ്രദ്ധയിൽപ്പെട്ടത് 2025 ഏപ്രിലിലാണ്. അപ്പോൾ തന്നെ ആവശ്യമായ നടപടികൾ ആരംഭിച്ചിരുന്നു.
ഇതുസംബന്ധിച്ച് ഒരു പരാതിയും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ലഭിച്ചിട്ടില്ലെങ്കിലും വിഷയം ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അന്വേഷിക്കാൻ ആരോഗ്യവകുപ്പിലെ അഡിഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ ഏപ്രിലിൽ തന്നെ ചുമതലപ്പെടുത്തിയിരുന്നു.
വിദഗ്ധ സമിതി 2025 ആഗസ്റ്റ് 14ന് ഇതുസംബന്ധിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ചെങ്കിലും പൂർണ നിഗമനത്തിലെത്താൻ സാധിച്ചിട്ടില്ല. സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഭാഗം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ പരിശോധന നടത്തിയതിനെ തുടർന്ന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് യുവതി റീജിയണൽ കാൻസർ സെന്റററിൽ ചികിത്സ തേടി. കഴിഞ്ഞ രണ്ടുവർഷമായി യുവതി ആർ.സി.സിയിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.