കോവിഡ്: രാജ്യത്ത് 3,961 സജീവ കേസുകൾ; 24 മണിക്കൂറിനിടെ നാലുമരണം, റിപ്പോർട്ട് തേടി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതുതായി 203 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 3,961 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ നാല് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 2025 ജനുവരി ഒന്നുമുതൽ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളം (1,435), മഹാരാഷ്ട്ര (506), ഡൽഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാൾ (331) എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നോഡല്‍ ഓഫിസര്‍ ഡോ. പവന് കുമാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രോഗബാധ കഴിഞ്ഞയാഴ്ചയിൽ നിന്നും അഞ്ച് മടങ്ങ് വർധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതിനിടെ, രാജ്യത്തെ കോവിഡ് കേസുകളുടെ സാമ്പിൾ ശേഖരണം, പരിശോധന രീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദ തൽസ്ഥിതി റിപ്പോർട്ട് തേടി ഡൽഹി ഹൈകോടതി. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിൽ നിന്നാണ് ഹൈകോടതി റിപ്പോർട്ട് തേടിയത്.
കോവിഡ് കേസുകളുടെ സാമ്പിൾ ശേഖരണത്തിലും പരിശോധന കേന്ദ്രങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈകോടതി നിർദേശം. തിങ്കളാഴ്ച ഇന്ത്യയിൽ 3,961 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 47 കേസുകൾ ഉൾപ്പെടെ രാജ്യത്ത് 203 പുതിയ കേസുകളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.