കാലവർഷക്കെടുതികൾക്കൊപ്പം സജീവമായി പകർച്ച വ്യാധികളും
text_fieldsതൊടുപുഴ: കാലവർഷക്കെടുതികൾക്കുപുറമെ ജില്ലയിൽ പനിയടക്കം പകർച്ച വ്യാധികളും വ്യാപകമാകുകയാണ്. ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പനി വ്യാപകമാണ്. ദിവസേന നൂറുകണക്കിന് പേരാണ് ചികിത്സ തേടി ആതുരാലയങ്ങളിലെത്തുന്നത്. കാലവർഷത്തോടനുബന്ധിച്ച് ഇടവിട്ടെത്തുന്ന തോരാമഴ സമ്മാനിക്കുന്ന ദുരിതങ്ങൾക്ക് പുറമേ പകർച്ച വ്യാധികളും ജനങ്ങൾക്ക് തലവേദനയാകുന്നു.
പനിച്ച് വിറച്ച് രോഗികൾ
പകർച്ച പനിയാണ് ജില്ലയിൽ വ്യാപകം.ഒപ്പം ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമെല്ലാം സജീവ കേസുകളായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിൽ കോവിഡ് കേസുകളും സജീവമായെങ്കിലും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
കാലവർഷത്തോടൊപ്പം പനികേസുകളും സജീവമായതോടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം ഹാജർ നിലയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ജില്ലയിൽ വിവിധ സർക്കാർ ആതുരാലയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം
ജില്ലയിലെ ദേവികുളം, ഇടുക്കി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലാണ് കൂടുതലായി എലിപ്പനി ,ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാണ് ഇത് വ്യാപകം. ഇതോടൊപ്പം മഞ്ഞപ്പിത്തവും പിടിപെട്ട് ആളുകൾ ചികിത്സ തേടുന്നുണ്ട്. ഗുരുതരമായ ഹെപ്പറ്റെറ്റിസ് ബി കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് അധികൃതർക്ക് ആശ്വാസം.എന്നാൽ അപകടരമായ സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
എലിപ്പനി മരണ സംഭവങ്ങളിൽ ആദ്യഘട്ടങ്ങളിൽ പനിയെ നിസാരവത്കരിച്ചതും പ്രതിരോധ മരുന്നുകൾ അവഗണിക്കുന്നതുമാണ് പലപ്പോഴും വില്ലനാകുന്നതെന്നും ആരോഗ്യ വകുപ്പധികൃതർ പറയുന്നു. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുനശീകരണ പ്രവർത്തനങ്ങളെല്ലാം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ലെന്നാണ് ആക്ഷേപം.
അപര്യാപ്തതകളിൽ വലഞ്ഞ് ആതുരാലയങ്ങൾ
പകർച്ചപ്പനിയടക്കമുളളവ വ്യാപകമാകുമ്പോഴും ആയിരങ്ങൾക്ക് ആശ്വാസമാകേണ്ട ജില്ലയിലെ സർക്കാർ ആശുപത്രികൾ അപര്യാപ്തതകളിൽ വലയുകയാണ്. ഇടുക്കി മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമെല്ലാം ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് പറയാനുളളത് പരാതി പ്രളയമാണ്.
ഡോക്ടർമാരടക്കമുളള ജീവനക്കാരുടെ കുറവാണ് പലയിടങ്ങളിലും തിരിച്ചടിയാകുന്നത്. ഇത് പരിഹരിക്കുമെന്ന് പ്രഖ്യാപനങ്ങളല്ലാതെ ക്രിയാത്മക നടപടികൾക്ക് അധികൃതർ തയാറാകാത്തതാണ് ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കർഷകരും ആദിവാസികളും അടക്കമുളളം സാധാരണക്കാർ ഏറെയുളള ജില്ലയിൽ ഇവരിൽഭൂരിഭാഗവും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്.അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ അപര്യാപ്തതകൾക്ക് ഏറെ ഇരയാകുന്നതും ഇവരാണ്.
ഗുരുതര സാഹചര്യമില്ലെന്ന് ഡി.എം.ഒ
പകർച്ച വ്യാധികളുണ്ടെങ്കിലും ഗുരുതര സാഹചര്യമില്ലെന്ന് ജില്ല മെഡിക്കൽ ആഫീസർ "മാധ്യമ" ത്തോട് പറഞ്ഞു. പലഭാഗങ്ങളിൽ നിന്നും പനിയടക്കമുളളവ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അതെല്ലാം നേരിടാനുളള സജ്ജീകരണങ്ങൾ ആശുപത്രികളിലുണ്ട്. മരുന്നിനും ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.