കുറഞ്ഞ സമയം, കൂടുതൽ ഗുണം; ഇത് ഇന്റർമിറ്റന്റ് എക്സർസെസ്
text_fieldsപ്രതീകാത്മക ചിത്രം
ഫിറ്റ്നസ് രംഗത്ത് ട്രെൻഡുകൾ വന്നും പോയും ഇരിക്കുമെങ്കിലും ചിലത് എന്നും ജനപ്രിയമായിരിക്കും. അതിലൊന്നാണ് ഇടവിട്ടുള്ള വ്യായാമം (Intermittent exercise). കടുത്ത വ്യായാമവും വിശ്രമവും സംയോജിപ്പിച്ചുള്ള ഈ വിദ്യയിലൂടെ കുറഞ്ഞ സമയം കൊണ്ട് പരമാവധി ഗുണമെന്നതാണ് പ്രധാനം. ഹൃദയാരോഗ്യം വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. വളരെ കടുത്ത സമയക്രമത്തിലൂടെ നീങ്ങുന്നവർക്ക് പലപ്പോഴും ജിമ്മിൽ ഏറെ നേരം വർക്കൗട്ട് ചിന്തിക്കാൻ കഴിയാറില്ല.
അത്തരക്കാർക്കടക്കം ഫിറ്റ്നെസ് വർധിപ്പിക്കാനും കൊഴുപ്പു കളയാനും മെറ്റബോളിസം നന്നാക്കാനുമെല്ലാം ഇന്റർമിറ്റന്റ് എക്സർസൈസ് അനുഗ്രഹമാണ്. അതേസമയം, എല്ലാത്തിനുമുള്ള പരിഹാരമാണിതെന്ന് കരുതരുതെന്നും ഗുണത്തോടൊപ്പം ദോഷങ്ങളം അറിഞ്ഞിരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചണ്ഡീഗഢിലെ ക്ലൗഡ് നയൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ ഫിസിയോതെറപിസ്റ്റ് നേഹ ഗിൽ, ഇടവിട്ടുള്ള വ്യായാമത്തിന്റെ സവിശേഷതകൾ വിവരിക്കുന്നു:
ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് (എച്ച്.ഐ.ഐ.ടി) രീതികൾക്കൊപ്പം പറഞ്ഞുകേൾക്കുന്ന ഇന്റർമിറ്റന്റ് എക്സർസെസ്, കടുത്ത വ്യായാമത്തിനൊപ്പം വിശ്രമം+ ലളിതമായ വ്യായാമം എന്നിവ ചേർന്നുള്ളതാണ്. ഇന്റർമിറ്റന്റ് എക്സർസെസ് ഇനി പറയും പ്രകാരം പ്രാക്ടീസ് ചെയ്യാവുന്നതാണ്:
- വാംഅപ്: അഞ്ചു മിനിറ്റ് ലളിതമായ ആക്റ്റിവിറ്റി (ഉദാ: നടത്തം, ലളിതമായ സൈക്ലിങ് തുടങ്ങിയവ)
- ഹൈ ഇന്റൻസിറ്റി ഘട്ടം: പരമാവധി ശക്തിയെടുത്ത് 30 സെക്കൻഡ് ഓട്ടം/ചാട്ടം.
- ലളിത ഘട്ടം/വിശ്രമം: ഒരു മിനിറ്റ് പതുക്കെയുള്ള ജോഗിങ്/നടത്തം
- ആവർത്തനം: 15 മുതൽ 30 മിനിറ്റു വരെ നീണ്ടു നിൽക്കും വിധം ഈ ക്രമം ഒന്നുകൂടി ആവർത്തിക്കാം.
- കൂൾ ഡൗൺ: അഞ്ചു മിനിറ്റ് സ്ട്രെച്ചിങ്/നടത്തം.
പലതരം ഓപ്ഷനുകൾ പരീക്ഷിക്കാം എന്നത് ഇന്റർമിറ്റന്റ് എക്സർസെസിന്റെ മേന്മയാണ്. ഓട്ടം, സൈക്ലിങ്, സ്ട്രെങ്ത്ത് ട്രെയിനിങ്, ബോഡി വെയ്റ്റ് വ്യായാമം എന്നിങ്ങനെ വിവിധ ഫിറ്റ്നസ് ലക്ഷ്യങ്ങൾക്കായി ഇത് കസ്റ്റമൈസ് ചെയ്യാം.
എന്തുകൊണ്ട് ഇന്റർമിറ്റന്റ് എക്സർസെസ് ?
- ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. രക്തസ്സമർദം കുറക്കുന്നു, രക്തയോട്ടം കൂട്ടുന്നു.
- കൊഴുപ്പു കുറക്കാം, വണ്ണം നിയന്ത്രിക്കാം: ചെറുതും കടുത്തതുമായ ആക്റ്റിവിറ്റിയിലൂടെ കലോറി പെട്ടെന്ന് കുറക്കാൻ കഴിയും.
- ഉപാപചയപ്രവർത്തനം നന്നാക്കും.
- പേശിബലം വർധിപ്പിക്കും.
- തിരക്കേറിയ ജീവിതശൈലിയുള്ളവർക്ക്, 20 മിനിറ്റിൽ താഴെ നേരം കൊണ്ട് കൂടുതൽ ഫലം നൽകുന്നതാണിത്
ഇത് ചെയ്യരുതാത്തവർ
- ഹൃദയത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് പെട്ടെന്നുള്ള ഹൃദയതാള വ്യത്യാസം പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
- ജോയിന്റ് പ്രശ്നങ്ങളും പൊട്ടലുമുള്ളവരിൽ ഇത്തരം കടുത്ത വ്യായാമങ്ങൾ അവരുടെ പരിക്ക് കൂട്ടും.
- ഗർഭിണികളും മുലയൂട്ടുന്ന അമ്മമാർക്കും ഇത്തരം കടുത്ത ആക്റ്റിവിറ്റികൾ നല്ലതല്ല.
- തുടക്കക്കാർക്ക് വളരെ ചെറിയ ചലനങ്ങളുള്ള വ്യായാമരീതികളാണ് അഭികാമ്യം. ഇത് പിന്നീട് കൂട്ടിക്കൊണ്ടുവരികയാണ് വേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.