ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം: സംസ്ഥാനത്ത് 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി 450 ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും അഞ്ച് എണ്ണം റദ്ദാക്കുകയും ചെയ്തു.
കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 20 മുതൽ 30 ശതമാനം കുറഞ്ഞതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ എ.എം.ആർ ഉന്നതതലയോഗം ചേർന്നു. പാല്, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കാൻ യോഗം നിർദേശം നൽകി.
കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാൻ സമഗ്ര നടപടി സ്വീകരിക്കാനും നിർദേശം നൽകി. കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി കളർ കോഡിംഗ് കൊണ്ടുവരാനും തീരുമാനമായി. മൂന്ന് മാസത്തിനുള്ളിൽ എല്ലാ ആശുപത്രികളും ഇത് നടപ്പാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള മാർഗരേഖ പുറത്തിറക്കാനും നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.