ശിശുമരണ നിരക്കിൽ കേരളം വികസിത രാജ്യങ്ങൾക്കൊപ്പം -ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
text_fieldsകോഴിക്കോട്: ശിശുമരണ നിരക്കിൽ കേരളം വികസിതരാജ്യങ്ങൾക്കൊപ്പമുള്ള നേട്ടം കൈവരിച്ചതായി കോഴിക്കോട്ട് നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം വിലയിരുത്തി.
ഈ നേട്ടം നിലനിർത്താനും കൂടുതൽ മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. മരണനിരക്ക് കുറവാണെങ്കിലും രോഗാതുരത താരതമ്യേന കൂടുതലാണ്. കുഞ്ഞ് ജനിച്ചുവീഴുന്ന ആദ്യനിമിഷത്തിൽ ആവശ്യമെങ്കിൽ കൃത്യമായ ചികിത്സ നൽകണം. അതിനായി ബ്ലോക്ക് തലത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആദ്യ സുവർണ നിമിഷത്തിൽ (ഫസ്റ്റ് ഗോൾഡൻ മിനിറ്റ്) നവജാത ശിശുക്കൾക്ക് നൽകേണ്ട പരിചരണത്തിൽ പരിശീലനം നൽകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
170ഓളം വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ആയിരത്തിലേറെ ശിശുരോഗ വിദഗ്ധർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്റ് ഡോ. രമേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ. സന്തോഷ് സോൻസ്, ഡോ. ടി.യു. സുകുമാരൻ, ഡോ. സച്ചിദാനന്ദ കമ്മത്ത്, അടുത്ത വർഷത്തെ ദേശീയ പ്രസിഡന്റ് ഡോ. ബസവരാജ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടകസമിതി ചെയർമാൻ ഡോ. ടി.പി. അഷറഫ് സ്വാഗതവും സെക്രട്ടറി ഡോ. നിഹാസ് നഹ നന്ദിയും പറഞ്ഞു. അടുത്തവർഷത്തെ സംസ്ഥാന പ്രസിഡൻറായി ഡോ. ഒ. ജോസ്, സെക്രട്ടറിയായി ഡോ. കൃഷ്ണമോഹൻ, വൈസ് പ്രസിഡന്റായി ഡോ. വി.എച്ച്. ശങ്കർ, ട്രഷററായി ഡോ. രഞ്ജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.