നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്; വീട്ടിലെ പ്രസവവും വാക്സിനോടുള്ള എതിര്‍പ്പും തിരിച്ചടി
text_fieldsതിരുവനന്തപുരം: 2023-24ലെ നീതി ആയോഗിന്റെ ആരോഗ്യക്ഷേമ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. സൂചിക നിർണയം ആരംഭിച്ച 2018 മുതൽ 20 വരെ ഒന്നാം സ്ഥാനത്തായിരുന്നു. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത് (90). മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചല്‍ പ്രദേശ് (83) സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളില്‍ (56 പോയന്റ്).
കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും 89 പോയന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തുമാണ്. നീതി ആയോഗ് റേറ്റിങ്ങിനായി കണക്കാക്കുന്ന 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തിലും കേരളം ഒന്നാമതെത്തിയെങ്കിലും രോഗപ്രതിരോധം, വീടുകളിലെ പ്രസവം, അമിത ചികിത്സാച്ചെലവ് എന്നിവയാണ് തിരിച്ചടിയായത്. മാതൃമരണ അനുപാതം, അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്.ഐ.വി അണുബാധ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്ദ്രത എന്നീ വിഭാഗങ്ങളിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. ആത്മഹത്യാനിരക്ക്, അപകട മരണനിരക്ക്, തനത് വിഹിതം ചെലവഴിക്കല്‍ തുടങ്ങിയ സൂചകങ്ങള്‍ തിരിച്ചടിയായപ്പോൾ 2020-21ല്‍ കേരളം 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വൈകാതെ 2024-25ലെ സൂചിക പുറത്തുവരും.
9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയില്‍ കേരളം പിന്നോട്ടുപോയി. വാക്സിനേഷന് ശതമാനം 85.40 ആയി കുറഞ്ഞു. 2020-21ല്‍ ഇത് 92 ശതമാനമായിരുന്നു. ആശുപത്രിയിലെ പ്രസവങ്ങള്‍ 99.90 ശതമാനത്തില്‍നിന്ന് 99.85 ആയി കുറഞ്ഞു. പുതിയതായി ഉള്‍പ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് കാഴ്ചവെച്ചത്ത്.
ആത്മഹത്യ നിരക്ക് മുന്‍ കണക്കുകളെക്കാള്‍ ഉയര്‍ന്നു. 2020-21ൽ 24.30 ആയിരുന്നത് 2023-24 ല്‍ 28.50 ആയി. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തില്‍ ഇരട്ടിയിലധികം രേഖപ്പെടുത്തിയത്. റോഡപകട മരണനിരക്ക് ഇത്തവണ കുറഞ്ഞു. ഒരുലക്ഷം പേരില്‍ 12.10 ആണ് ഈ കണക്ക്. എങ്കിലും ദേശീയ ശരാശരിയേക്കാള്‍ (12.4) ഉയര്‍ന്ന നിലയിലാണ്. കേരളത്തില്‍ 17 ശതമാനമാണ് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാച്ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.