എലിപ്പനി; രണ്ടുവർഷത്തിനിടെ വയനാട്ടിൽ 43 മരണം
text_fieldsകൽപറ്റ: വയനാട്ടിൽ രണ്ടുവർഷത്തിനിടെ 43 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 2024ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളുമുണ്ടായി. 25 പേർ മരണപ്പെട്ടു. 2025ൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തു. 18 പേരാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്.
പട്ടികവർഗ മേഖലയിലുള്ളവരും ഉൾപ്പെടുന്നു. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടുപോയവരാണ് ഭൂരിഭാഗവും. എലിപ്പനി ബാധക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ജോലിചെയ്യുമ്പോഴും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു.
പ്രായഭേദമെന്യേ എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കിൽ മരണം സംഭവിക്കാമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മൃഗങ്ങളുടെ മൂത്രവുമായി സമ്പർക്കമുണ്ടാകാവുന്ന സാഹചര്യങ്ങൾ വയനാട് ജില്ലയിലെ വനാതിർത്തികളിലും തോട്ടങ്ങളിലും കൂടുതലാണെന്നും പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി. മോഹൻദാസ് അറിയിച്ചു.
എലിപ്പനി എങ്ങനെ പകരാം?
എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. വെള്ളത്തിലും ചളിയിലും കലരുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ കാലിലെ ചെറിയ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ ശരീരത്തിലെത്തി രോഗബാധയുണ്ടാക്കും.
തലവേദനയോടുകൂടിയ പനിയും ശരീരവേദനയുമാണ് ലക്ഷണം. രോഗാവസ്ഥയനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് ഡോക്ടറെ കാണുകയും ചികിത്സക്ക് വിധേയമാക്കുകയും ചെയ്യണം.
രോഗം വരാതെ ശ്രദ്ധിക്കാം
എലി മാത്രമല്ല എലിപ്പനിയുണ്ടാക്കുന്നത്. നനവുള്ള പ്രദേശങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകൾ, വയലുകൾ, കുളങ്ങൾ, മലിനമായ സ്ഥലങ്ങൾ തുടങ്ങിയ എവിടെയും മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്നിട്ടുണ്ടാകാം. ചെരിപ്പിടാതെ നടക്കുന്നത് എലിപ്പനി ക്ഷണിച്ചുവരുത്തും.
ബൂട്ടും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടരുത്. കുട്ടികളെ ചളിയിലും വെള്ളത്തിലും കളിക്കാൻ വിടരുത്. കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടരുത്.
വീടും പരിസരവും പൊതുവിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികൾ പെരുകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക. മാലിന്യവുമായും മലിനജലവുമായും സമ്പർക്കമുണ്ടായാൽ കൈയും കാലും സോപ്പിട്ട് കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
എങ്ങനെ പ്രതിരോധിക്കാം?
മണ്ണുമായും മാലിന്യങ്ങളുമായും സമ്പർക്കമുണ്ടാകുന്ന തൊഴിലുകളിലേർപ്പെടുന്നവർ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ, ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
ഡോക്സിസൈക്ലിൻ എലിപ്പനി വരാതെ പ്രതിരോധിക്കാനും രോഗം ഗുരുതരമാകാതിരിക്കാനും സഹായിക്കും. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, വ്യക്തിഗത സുരക്ഷ മാർഗങ്ങൾ, ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക, നേരത്തേയുള്ള ചികിത്സ എന്നിവയിലൂടെ എലിപ്പനി പൂർണമായി തടയുന്നതിനും എലിപ്പനി മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനും കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.