ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹം നിയന്ത്രിക്കാം
text_fieldsപ്രമേഹരോഗം ഇന്ന് എല്ലാവരിലും പ്രായഭേദമന്യേ സർവസാധാരണ മായിരിക്കുന്നു. ഭക്ഷണകാര്യത്തിൽ വരുത്തുന്ന ചെറിയ അശ്രദ്ധകൾക്കു പോലും ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരാം. എന്നാൽ, നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾപോലും പ്രമേഹത്തെ തടയാൻ സഹായിക്കും
വെറും വയറ്റിൽ പഴങ്ങൾ കഴിക്കരുത്
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് പഴങ്ങൾ. എന്നാൽ, പ്രമേഹമുള്ളവർ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ പഴങ്ങളിലെ പഞ്ചസാര വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകുമെന്ന് പ്രമേഹ രോഗ വിദഗ്ധയായ കനിക്ക മൽഹോത്ര മുന്നറിയിപ്പ് നൽകുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ കൂടെ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം.
ബെറികൾ, ആപ്പിൾ, പിയർ തുടങ്ങി നാരുകളടങ്ങിയ പഴങ്ങൾ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ജ്യൂസുകളും ടിന്നിലടച്ച പഴങ്ങളും ഒഴിവാക്കാം. ഓർമിക്കുക, പ്രമേഹം നിയന്ത്രിക്കുന്നത് പഴങ്ങൾ ഒഴിവാക്കിക്കൊണ്ടാകരുത്, മറിച്ച് അവ ബുദ്ധിപൂർവം തെരഞ്ഞെടുക്കുകയും സമീകൃതാഹാരത്തിന്റെ ഭാഗമാക്കിയുമാകണം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃത ഭക്ഷണം തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
ആഹാരത്തിനുശേഷം നടക്കാം
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാർഗങ്ങളിലൊന്നാണ് ഭക്ഷണം കഴിച്ചതിനുശേഷമുള്ള നടത്തം. ഭക്ഷണത്തിനുശേഷം വെറും 10 മിനിറ്റ് നടക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ പ്രമേഹത്തെ ചെറുക്കുകയും ചെയ്യുന്നു.
സാലഡ് അല്ലെങ്കിൽ വഴറ്റിയ പച്ചക്കറികൾ പോലുള്ള അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രധാന ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് ആഹാരശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് നിയന്ത്രിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൽക്കി പറയുന്നു. ഇവയിലടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്.
അത്താഴം വൈകേണ്ട
വൈകിയുള്ള അത്താഴം ശരീരത്തിന്റെ സ്വാഭാവിക താളക്രമങ്ങളെ അസ്വസ്ഥമാക്കുന്നു. രാത്രിയിൽ ഇൻസുലിൻ സംവേദനക്ഷമത കുറവാണ്. അതിനാൽ വൈകി ഭക്ഷണം കഴിക്കുന്നത് രാത്രിയിൽ പഞ്ചസാരയുടെയും കോർട്ടിസോളിന്റെയും അളവ് വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
കാലക്രമേണ ഇത് രോഗാവസ്ഥ മൂർച്ഛിക്കാൻ കാരണമാകുന്നു. അത്താഴം നേരത്തേ കഴിക്കുന്നതും പച്ചക്കറികൾക്ക് മുൻഗണന നൽകുന്നതും പ്രമേഹത്തെ അകറ്റിനിർത്തുന്നതിൽ പ്രധാനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.