ഇന്ന് മലേറിയ ദിനം; കേരളത്തിൽ രോഗ ബാധ വർധിക്കുന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് മലേറിയ (മലമ്പനി) കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തദ്ദേശീയ കേസുകളും ഇംപോർട്ടഡ് കേസുകളും (കേരളത്തിന് പുറത്തുനിന്ന് രോഗവ്യാപനം സംഭവിച്ചത്) വർധിക്കുന്നുണ്ട്. 2023ൽ ആറ് തദ്ദേശീയ കേസുകളും 560 ഇംപോർട്ടഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2024ൽ യഥാക്രമം 20ഉം 951ഉം ആയി ഉയർന്നു.
ഏഴ്, ആറ് മരണങ്ങളാണ് ഈ വർഷങ്ങളിലുണ്ടായത്. ഈ വർഷം ഏപ്രിൽ 22 വരെ 214 ഇംപോർട്ടഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളുടെ വർധനയും ഇതര സംസ്ഥാനങ്ങളിൽ ജോലി തേടുന്നവരുടെ എണ്ണം വർധിച്ചതുമാണ് രോഗം വർധിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കലാവസ്ഥ വ്യതിയാനവും രോഗം വർധിക്കാൻ ഇടയാക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. കുടിയേറ്റത്തൊഴിലാളികളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും രോഗം കണ്ടെത്തുന്നതും പ്രതിരോധത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. 2024ൽ തദ്ദേശീയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആറ് കേസുകളുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ.
നാലുവീതം കേസുകളുമായി മലപ്പുറവും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. അപകടകരമായ രോഗം വർധിക്കുന്നത് ആരോഗ്യവകുപ്പും ആശങ്കയോടെയാണ് കാണുന്നത്. 2027നകം മലേറിയ നിർമാജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കാറ്റഗറി -ഒന്ന് വിഭാഗത്തിലാണ് കേരളം ഉൾപ്പെടുന്നത്.
1000 പേർക്ക് ഒന്നിൽ താഴെ രോഗ ബാധ വരുന്ന സംസ്ഥാനങ്ങളാണ് ഇതിലുൾപ്പെടുക. കേസുകൾ ഇല്ലാത്ത അവസ്ഥയിലാണ് സീറോ കാറ്റഗറിയിലേക്ക് മാറുക. മൂന്നു വർഷമായി തദ്ദേശീയമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ സംസ്ഥാനത്തെ മലേറിയ നിർമാർജനം ചെയ്തതായി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂ.
നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് എന്നീ ആറ് ജില്ലകളിൽ തുടർച്ചയായി മൂന്നു വർഷം തദ്ദേശീയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 1019 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നു വർഷത്തോളമായി തദ്ദേശീയ മലമ്പനി വന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പകരുന്നതെങ്ങനെ:
- കൊതുകുകടിയേൽക്കുക
- മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുക
- അപൂർവമായി ഗർഭാവസ്ഥയിൽ അമ്മയിൽനിന്ന് കുഞ്ഞിലേക്ക്.
ലക്ഷണങ്ങൾ:
- പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയും.
- വിറയലോടുകൂടി ആരംഭിക്കുന്ന ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ ആവർത്തിക്കുക.
- മനംപുരട്ടൽ, ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം.
- പനി, ശക്തമായ തലവേദന എന്നിവ മാത്രം.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍:
- കൊതുകുകടി ഏല്‍ക്കാതിരിക്കാനായി വ്യക്തിഗത സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
- മലമ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.