മുണ്ടിനീർ രോഗം വ്യാപിക്കുന്നു; രോഗ ബാധിതർ ഏറെയും വിദ്യാർഥികൾ
text_fieldsമുണ്ടിനീർ രോഗം ബാധിച്ച വിദ്യാർഥി
കരുനാഗപ്പള്ളി : താലൂക്കിന്റെ വിവിധഭാഗങ്ങളിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു.'മമ്പ്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ പകർച്ചവ്യാധി ബാധിച്ചവരിൽ ഏറെയും സ്കൂൾ വിദ്യാർഥികളാണ്. പാരാമിക്സൊ എന്ന വൈറസ് പരത്തുന്ന ഈ രോഗത്തിന് പ്രതിവിധിയായി നൽകുന്ന ( മീസിൽസ്-മംപ്സ്-റുബെല്ല) എന്ന എം.എം.ആർ വാക്സിൻ സ്കൂളുകളിൽ വിതരണം ചെയ്യുന്നത് വർഷങ്ങളായി നിലച്ച സ്ഥിതിയിലാണ്. രോഗബാധ കണ്ടെത്തിയ വിദ്യാർഥികൾ പഠിക്കുന്ന ക്ലാസുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അവധിനൽകി വരുന്നുവെങ്കിലും രോഗ പ്രധിരോധത്തിനുള്ള വാക്സിൻ വിതരണത്തിന് നടപടി എങ്ങും എത്തിയിട്ടില്ല .
ഉമിനീർ ഗ്രന്ഥികളിൽ (പാരോട്ടിറ്റിസ്) വേദനാജനകമായ വീക്കം ഉണ്ടാക്കുകയാണ് ഈ രോഗത്തിന്റെ പ്രധാന ദോഷം. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വളരെ സാധാരണമായി കണ്ടിരുന്ന രോഗമായിരുന്ന മുണ്ടിനീരിന് പരിഹാരമായി1967ൽ മുണ്ടിനീര് വാക്സിൻ ലഭ്യമായശേഷം, കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും കുട്ടികൾക്ക് പ്രത്യേകമായി നൽകുന്ന കുത്തിവെപ്പ് നിർത്തിവെച്ചതോടെ ഇപ്പോൾ രോഗം വ്യാപകമാകുകയാണ് .വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ രോഗവ്യാപനം ഏറെയും. കുട്ടികൾവഴി മുതിർന്നവരിലേക്കും രോഗബാധ ഉണ്ടാകുന്നു.
രണ്ടുമുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലും മുണ്ടിനീര് വാക്സിൻ എടുക്കാത്തവരിലും ആണ് സാധാരണ രോഗംപിടിപെടുന്നത്.ആദ്യ മുണ്ടിനീര് ലക്ഷണങ്ങൾ പലപ്പോഴും ലഘു ആയിരിക്കും. പനി,തലവേദന,പേശി വേദന,ക്ഷീണം,വിശപ്പില്ലായ്മഎന്നിവയാണ് രോഗലക്ഷണങ്ങൾ. പിന്നീട് ചെവിക്കും താടിയെല്ലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഉമിനീർ ഗ്രന്ഥികളായ പരോട്ടിഡ് ഗ്രന്ഥികളിൽ വേദനാജനകമായ വീക്കം സംഭവിച്ചാണ് മൂർധന്യാവസ്ഥയിലെത്തുന്നത്. മുഖത്തിന്റെ ഒരുവശത്തോ ഇരുവശമോ ആണ് രോഗം ഉണ്ടാകുന്നത്.
രോഗം മൂർച്ഛിച്ചു തലച്ചോറ്, പാൻക്രിയാസ്, വൃഷണങ്ങൾ അല്ലെങ്കിൽ അണ്ഡാശയങ്ങൾ ഉൾപ്പെടെ അവയവങ്ങളെ ബാധിക്കുമെന്നും കടുത്ത പനി, ദൃഢമായ കഴുത്ത്, കഠിനമായ തലവേദന, വയറുവേദന, ഛർദി എന്നിവ ഉണ്ടാകുമ്പോൾ അടിയന്തര വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു . കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എം.എം.ആർ വാക്സിൻ ലഭ്യമാണെന്നും ആവശ്യക്കാർക്ക് ഏത് സമയവും ഇവ ലഭ്യമാക്കുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് പറഞ്ഞു.
സ്കൂളുകളിൽ പടർന്നുപിടിക്കുന്ന മുണ്ടിനീർ രോഗത്തിന് വാക്സിൻ പ്രത്യേക ഡ്രൈവിലൂടെ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ഉന്നത വകുപ്പ് മേധാവികളെ വിവരം ധരിപ്പിക്കുമെന്നും കരുനാഗപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജയകുമാർ പറഞ്ഞു. പ്രതിരോധ വാക്സിൻ വിതരണം നിലച്ചതോടെ കലാലയങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനവും വർധിക്കുകയാണ്. മിക്ക സർക്കാർ ആശുപത്രികളിലും വാക്സിൻ സൗകര്യം ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.