നിപ: സംസ്ഥാനത്ത് 674 പേര് സമ്പര്‍ക്കപ്പട്ടികയില്‍
text_fieldsമലപ്പുറം: വിവിധ ജില്ലകളിലായി 674 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 131, പാലക്കാട്ട് 426, കോഴിക്കോട്ട് 115, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം.
മലപ്പുറം ജില്ലയില്‍ 12 പേര് ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇവിടെ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റിവായിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍നിന്നുള്ള 81 പേരെയും പാലക്കാട്ടുനിന്നുള്ള രണ്ടുപേരെയും എറണാകുളത്തുനിന്നുള്ള ഒരാളെയും സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ 32 പേര് ഹയസ്റ്റ് റിസ്ക് വിഭാഗത്തിലും 111 പേര് ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്കി. മലപ്പുറത്ത് ഐ.സി.എം.ആര് ടീം സന്ദര്‍ശനം നടത്തി. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്ക് നിര്‍ബന്ധം
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി കലക്ടര്‍. മണ്ണാർക്കാട് താലൂക്ക് പരിധിയിലെ പൊതുഇടങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കും പുറത്ത് താമസിക്കുകയും കണ്ടെയ്ൻമെന്റ് സോണുകളിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കും പരമാവധി ‘വർക്ക് ഫ്രം ഹോം’ സൗകര്യം ഒരുക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.