നിപയിൽ ആശ്വാസം; ബന്ധുക്കളുടെയടക്കം പരിശോധനഫലങ്ങൾ നെഗറ്റിവ്
text_fieldsതച്ചനാട്ടുകര (പാലക്കാട്): നിപ ബാധിച്ച വീട്ടമ്മയുടെ സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ള ബന്ധുക്കളുടെ പരിശോധനഫലം നെഗറ്റിവ്. മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം അറിയിച്ചു. കേന്ദ്രസംഘം സ്ഥലത്തെത്തുമെന്ന് സൂചനയുണ്ട്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ള രണ്ടു പേർ പനിയെതുടർന്ന് പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലും സമ്പർക്കത്തിലുള്ള അഞ്ചു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റിവാണ്.
പരിശോധന നടത്തിയവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞുമുൾപ്പെടും. കണ്ടെയ്ൻമെന്റ് സോണുകളിൽ മരുന്നിനും മറ്റാവശ്യങ്ങൾക്കുമായി ആർ.ടിയുടെ സേവനവും തുടങ്ങി. വവ്വാലുകളെ കൂട്ടത്തോടെ കാണുന്ന കിഴക്കുംപുറം ഭാഗത്ത് വനംവകുപ്പ് പരിശോധന നടത്തി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ വിവരശേഖരണം തിങ്കളാഴ്ച അവസാനിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അടച്ച് 24 മണിക്കൂറും പൊലീസ് കാവൽ തുടരുകയാണ്.
സ്കൂളുകൾ അടുത്തദിവസം മുതൽ ഓൺലൈൻ പഠനത്തിലേക്ക് മാറാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദേശം നൽകി. നിപ നിയന്ത്രണവിധേയമായതിനുശേഷം വവ്വാലുകളെ തുരത്താൻ നടപടിയുണ്ടാകും. നിപ സ്ഥിരീകരിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.