Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാൾ മിന്നൽപ്രളയം: 17,000-ത്തിലധികം കുട്ടികൾക്ക് മാനസികാഘാതം; അടിയന്തര പിന്തുണ വേണമെന്ന് യുനിസെഫ്

text_fields
bookmark_border
നേപ്പാൾ മിന്നൽപ്രളയം: 17,000-ത്തിലധികം കുട്ടികൾക്ക് മാനസികാഘാതം; അടിയന്തര പിന്തുണ വേണമെന്ന് യുനിസെഫ്
cancel

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയം 17,000-ത്തിലധികം കുട്ടികളെ മാനസികാഘാതത്തിലാക്കിയതായും അവരുടെ അതിജീവനത്തിന് അടിയന്തര പിന്തുണ ആവശ്യമാണെന്നും യുനിസെഫ്. പ്രിയപ്പെട്ടവരുടെ വേർപാട്, വീടുകളുടെയും സ്കൂളുകളുടെയും തകർച്ച, സ്വന്തം നാട്ടിൽ നിന്നും ചുറ്റുപാടിൽ നിന്നുമുള്ള മാറ്റം, കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയവയാണ് കുട്ടികളിൽ കടുത്ത മാനസിക-വൈകാരിക ആഘാതത്തിന് കാരണമായത്.

ഒറ്റപ്പെടുകയോ കുടുംബത്തിൽ നിന്ന് വേർപെടുകയോ ചെയ്ത 541 കുട്ടികളുടെ നില ഗുരുതരമാണെന്നും ഏജൻസി പറഞ്ഞു. പ്രകടമായ നാശനഷ്ടങ്ങൾക്കപ്പുറം, വെള്ളപ്പൊക്കം കുട്ടികളിലും കുടുംബങ്ങളിലും ആഴത്തിലുള്ള വൈകാരിക മുറിവുകളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നേപ്പാളിലെ യുണിസെഫ് പ്രതിനിധി ആലീസ് അകുങ്ക പറഞ്ഞു. ഒറ്റപ്പെട്ടുപോയ 18 കുട്ടികളെ ഇതിനകം കുടുംബങ്ങളോടൊപ്പമെത്തിച്ചു. മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ട കുട്ടികൾക്കായി ബദൽ പരിചരണം ക്രമീകരിച്ചുവരികയാണ്.

സ്കൂൾ സമയത്തായിരുന്നു വെള്ളപ്പൊക്കമുണ്ടായത്. നിമിഷനേരം കൊണ്ട് ഭയാനകമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച നിരവധി കുട്ടികൾ ഇപ്പോൾ ഭയം, ഉത്കണ്ഠ, ദുഃഖം എന്നിവയോട് പോരാടുകയാണ്. തങ്ങൾ അനുഭവിച്ചതിനെക്കുറിച്ച് സംസാരിക്കാൻ പോലും ചിലർക്ക് കഴിയുന്നില്ലെന്നും അകുങ്ക കൂട്ടിച്ചേർത്തു.

ദുരന്തം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷവും കുട്ടികളിൽ ഭയം നിലനിൽക്കാമെന്നും ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിന് ഉടനടിയുള്ള മാനസിക പ്രഥമശുശ്രൂഷയും തുടർച്ചയായ പിന്തുണയും നൽകണമെന്നും നുവാകോട്ടിലെ ത്രിശൂലി ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും മുൻ യുണിസെഫ് യൂത്ത് അഡ്വക്കേറ്റുമായ ഡോ. ഷിതാൻഷു ധാക്കൽ പറഞ്ഞു.

കുടുംബങ്ങളെ കണ്ടെത്തൽ, പുനഃസംഗമം, മനോസാമൂഹിക പിന്തുണ എന്നിവയ്ക്കായി സർക്കാർ അധികാരികളുമായും മറ്റ് സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുണിസെഫ് അറിയിച്ചു.

അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും, മനുഷ്യക്കടത്ത്, ചൂഷണം എന്നിവ തടയുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. യുണിസെഫ് പിന്തുണയോടെ പ്രവർത്തിക്കുന്ന 13 ഉൾപ്പെടെ 18 ശിശുസൗഹൃദ കേന്ദ്രങ്ങൾ സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ, ഫ്രണ്ട്‌ലൈൻ പ്രവർത്തകർ എന്നിവരുടെ പിന്തുണയോടെ കുട്ടികൾക്ക് വേണ്ടി അതിജീവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുട്ടികൾക്ക് ആഘാതങ്ങളെ അതിജീവിക്കാനും, ജീവിതം പുനർനിർമ്മിക്കാനും തടസ്സമില്ലാത്ത പിന്തുണ ലഭ്യമാക്കാൻ കുട്ടികളുടെ സംരക്ഷണത്തിനും മാനസികാരോഗ്യ സേവനങ്ങൾക്കുമുള്ള നിക്ഷേപം വർധിപ്പിക്കണമെന്ന് യുണിസെഫ് ആവശ്യപ്പെട്ടു

പ്രളയത്തിൽ സെപ്റ്റംബർ 15 രാത്രി 7 മണി വരെ 1,399 മരണങ്ങളും 5,179 പേരെ കാണാതാവുകയും ചെയ്തതായി നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ചിറ്റ്വൻ, നവൽപരാസി ഈസ്റ്റ്, നവൽപരാസി വെസ്റ്റ്, നുവാകോട്ട്, രസുവ, ഗോർഖ, ധാഡിംഗ്, തനാഹുൻ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,742 പേരെ രക്ഷപ്പെടുത്തിയതായും 19 ആശുപത്രികളിലായി 343 പേർക്ക് ചികിത്സ നൽകിയതായും 282 പേരെ ഡിസ്ചാർജ് ചെയ്തതായും എൻഡിആർആർഎംഎ അറിയിച്ചു. വിവിധ സുരക്ഷാ ഏജൻസികൾ 9,496 പേർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ ആർമി 1,561 ഹെലികോപ്റ്റർ സർവീസുകളും എ.പി.എഫ്-നേപ്പാൾ 320 സർവീസുകളും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 17,000 flood affected children in Nepal need urgent mental health support- UNICEF
Next Story