റോട്ട വാക്സിൻ ക്ഷാമത്തിന് പരിഹാരമായില്ല; ആരോഗ്യവകുപ്പ് നിസ്സംഗതയിൽ
text_fieldsകണ്ണൂർ: ജില്ലയിൽ കഴിഞ്ഞ മാസങ്ങളായി തുടരുന്ന റോട്ട വാക്സിൻ ക്ഷാമം ഇനിയും പരിഹരിച്ചില്ലെന്ന് ആരോപണം. മിക്ക ആരോഗ്യകേന്ദ്രങ്ങളിലും റോട്ട വാക്സിൻ ഇപ്പോഴും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ജില്ലയിലെ പല ആരോഗ്യസ്ഥാപനങ്ങളിലും ആവശ്യത്തിന് ഈ വാക്സിൻ കിട്ടിയിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതർ ഇതിൽ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.
ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരുമാണ് ഇതിൽ അതത് സ്ഥലങ്ങളിലെ ആർക്കൊക്കെ കുത്തിവെപ്പ് എടുത്തില്ലായെന്ന് റിപ്പോർട്ട് ചെയ്യുകയും കുത്തിവെപ്പ് എടുപ്പിക്കാനുള്ള നിർദേശം നൽകുന്നതും. എന്നാൽ, ഇവർക്കുതന്നെ എന്ന് റോട്ട വാക്സിൻ വരുമെന്നോ എന്ന് കുത്തിവെപ്പെടുക്കാൻ പറ്റുമെന്നോ ധാരണയില്ല. അതേസമയം, കേന്ദ്ര ആരോഗ്യവകുപ്പിൽനിന്നുള്ള ക്ഷാമമാണ് ഈ വാക്സിൻ ആവശ്യത്തിന് ലഭിക്കാതിരിക്കാൻ കാരണമെന്നും 3000 ഡോസ് ജില്ലയിൽ ലഭിച്ചിട്ടുണ്ടെന്നും ഇത് വിതരണം ചെയ്തിട്ടുണ്ടെന്നും വാക്സിൻ കൈകാര്യം ചെയ്യുന്ന ജില്ലതല ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് അറിയിച്ചു. എന്നാൽ, ഇനിയും ലഭിക്കാത്ത സർക്കാർ ആശുപത്രികൾ ജില്ലയിലുണ്ട്. പോളിയോ വാക്സിനും മറ്റും എടുക്കേണ്ട ജാഗ്രത ഇതിനോടില്ല എന്നാണ് ജനങ്ങൾ പറയുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും ജില്ല ജനറൽ ആശുപത്രികൾവഴിയുമാണ് നവജാതശിശുക്കൾക്ക് റോട്ട വൈറസ് വാക്സിൻ സൗജന്യമായി നൽകുന്നത്. സാധാരണയായി കുട്ടികൾക്ക് ആറ്, 10, 14 ആഴ്ചകളിലാണ് ഈ വാക്സിൻ നൽകുന്നത്. ചെറിയ കാലതാമസം വന്നാലും ഡോക്ടറുടെ നിർദേശപ്രകാരം ബാക്കി ഡോസുകൾ പൂർത്തിയാക്കാം. എന്നാൽ, ഇത് നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യവകുപ്പുതന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്. തുള്ളിമരുന്നായി നൽകുന്ന റോട്ട വാക്സിൻ കുട്ടികളിലുണ്ടാകുന്ന വയറിളക്കവും നിർജലീകരണവും തടയാനാണ് നൽകുന്നത്.
ഒന്നാം ഡോസ് കുഞ്ഞിന് ആറ് ആഴ്ച (ഒന്നര മാസം) പ്രായമാകുമ്പോൾ നൽകണമെന്നാണ് കണക്ക്. ഇത് നൽകുന്നതിന് കൃത്യമായ പ്രായപരിധികളും ആരോഗ്യവകുപ്പുതന്നെ നിർദേശിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ കുഞ്ഞിന് വാക്സിൻ നൽകാൻ സാധിക്കുകയുമില്ല. എല്ലാ ഡോസുകളും പൂർത്തിയാക്കേണ്ട പരമാവധി സമയം കുഞ്ഞ് ജനിച്ച് (32 ആഴ്ച) പ്രായമാകുന്നതിന് മുമ്പ് വേണമെന്നാണ്. എട്ടുമാസത്തിനുശേഷം ഈ വാക്സിൻ കുഞ്ഞുങ്ങൾക്ക് നൽകാനും പാടില്ല. ഗ്രാമപ്രദേശങ്ങളിലുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ക്ഷാമം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

