ഹോമിയോ വകുപ്പിൽ സി.എം.ഒ തസ്തികകൾ കുറവ്; ജില്ലക്ക് നഷ്ടമാകുന്നത് പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം
text_fieldsമലപ്പുറം: 11 ഹോമിയോ മെഡിക്കൽ ഓഫിസർ ഡിസ്പെൻസറികൾ ചീഫ് മെഡിക്കൽ ഓഫിസർ സ്ഥാപനങ്ങളായി ഉയർത്താത്തത് കാരണം ജില്ലക്ക് നഷ്ടമാകുന്നത് പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം. ജില്ലയിൽ ആവശ്യമായ തസ്തികകളില്ലാത്ത സാഹചര്യത്തിൽ പ്രമോഷനാകുന്നതോടെ ഡോക്ടർമാർ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറി പോകുകയാണ് പതിവ്. ഇതോടെ രോഗികൾക്ക് പരിചയ സമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാതെ പോകുകയാണ്.
ജില്ലയിലെ മെഡിക്കൽ ഓഫിസർ ഡിസ്പെൻസറികളായ നെടിയിരുപ്പ്, അരീക്കോട്, പെരിന്തൽമണ്ണ, കോട്ടക്കൽ, പോരൂർ, നിലമ്പൂർ, പൊന്നാനി, പൊയിലിശ്ശേരി, പുകയൂർ, ആലങ്കോട്, വണ്ടൂർ, കൂരാട് എന്നിവിങ്ങൾ ചീഫ് മെഡിക്കൽ ഓഫിസർ ഡിസ്പെൻസറികളായി ഉയർത്തിയാൽ ഇത്രയും സ്ഥാപനങ്ങളിൽ സി.എം.ഒ തസ്തികകൾ ജില്ലക്ക് ലഭിക്കും. നിലവിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് കൂടുതൽ സി.എം.ഒ തസ്തികകളുള്ളത്.
മലപ്പുറത്ത് കുറവായത് ജില്ലയിൽ സേവനം ചെയ്യാൻ ഡോക്ടർമാർ സന്നദ്ധമായിട്ടും തസ്തികകളുടെ കുറവ് കാരണം മറ്റിടങ്ങളിലേക്ക് പോകുകയാണ്. ജില്ലയിൽ ആകെ ഏഴിടങ്ങളിലാണ് സി.എം.ഒ തസ്തികകളുള്ളത്. നിലവിൽ പട്ടർക്കടവ്, അങ്ങാടിപ്പുറം, കാളികാവ്, വട്ടംകുളം, പരപ്പനങ്ങാടി, കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രി, വണ്ടൂർ ഗവ.ഹോമിയോ കാൻസർ ആശുപത്രി എന്നിവിടങ്ങളിലാണ് ഇവ.
ജില്ലയിലേക്ക് കൂടുതൽ തസ്കികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ വകുപ്പിന് നിവേദനങ്ങൾ നൽകിയിരുന്നു. വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലുണ്ട്.
ആഗസ്റ്റ് 12ന് ജില്ലയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് എത്തിയപ്പോൾ കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ വിഷയം നേരിട്ട് ധരിപ്പിച്ചിരുന്നു. തസ്തികകളുടെ കുറവ് കാരണം അർഹതയുണ്ടായിട്ടും പല ഡോക്ടർമാർക്കും പ്രമോഷനും തടയപ്പെടുന്ന സ്ഥിതിയുമുണ്ട്.
എട്ട് മുതൽ 14 വർഷം വരെ പൂർത്തിയായ ഡോക്ടർമാരാണ് പ്രമോഷന് അർഹതയുണ്ടായിട്ടും ഇക്കാരണത്താൽ തടയപ്പെടുന്നത്. കൂടാതെ ജില്ലയിലെ 20 ഗവ. ഹോമിയോ ഡിസ്പെൻസറികളിൽ മെഡിക്കൽ ഓഫിസർമാരുടെ തസ്തിക സൃഷ്ടിച്ചിരുന്നെങ്കിലും ഫാർമസിസ്റ്റ് തസ്തികകൾ ഇപ്പോഴും നികത്തിയിട്ടില്ല. താത്കാലികമായിട്ടാണ് ഫാർമസിസ്റ്റ് തസ്തികയിൽ സേവനം നടക്കുന്നത്.
ഒഴൂർ, കണ്ണമംഗലം, വേങ്ങര, പെരുവള്ളൂർ, തേഞ്ഞിപ്പലം, മൂന്നിയൂർ, മേലാറ്റൂർ, പൊന്മുണ്ടം, കീഴാറ്റൂർ, വെട്ടത്തൂർ, മങ്കട, മുതുവല്ലൂർ, കൽപകഞ്ചേരി, ചെറിയമുണ്ടം, പുളിക്കൽ, അങ്ങാടിപ്പുറം, എടയൂർ, അരിമ്പ്ര, പട്ടർക്കടവ്, വട്ടംകുളം എന്നീ ഗവ.ഹോമിയോ ഡിസ്പെൻസറികളിലാണ് ഇനിയും ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.