എസ്.എം.എ മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതി, പരാതി ലഭിച്ചാൽ പരിഗണിക്കും: കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികളായ കുട്ടികൾക്ക് നൽകുന്ന മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതിയാണെന്നും ഗുണനിലവാരത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് നടപടി തുടങ്ങിയത്. മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധസമിതി നിർദേശിച്ചതെന്ന് കണ്ടെത്തിയ മരുന്നാണ് നൽകുന്നത്. വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഇന്ത്യൻ നിർമ്മിത മരുന്നുകളെക്കാൾ ചിലർക്ക് വിശ്വാസം വിദേശ മരുന്നുകളെയാണ്. ലക്ഷങ്ങളുടെ വിലവ്യത്യാസം രണ്ടു മരുന്നുകൾ തമ്മിലുമുണ്ട്. വില കുറഞ്ഞ മരുന്നിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ നൽകാൻ കഴിയും. രക്ഷിതാക്കളിൽ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കും. ഡോക്ടേഴ്സ് സാമ്പിൾ എന്ന് മരുന്നിൽ രേഖപ്പെടുത്തിയ കാര്യത്തിൽ അന്വേഷണം നടത്തും. ഏതെങ്കിലും വിദഗ്ധ ഡോക്ടർമാർക്ക് ഇന്ത്യൻ മരുന്നിന്റെ ഗുണമേന്മയിൽ സംശയമുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാം എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകിയ റിസ്ഡിപ്ലാം എന്ന ജനറിക് മരുന്നിന്റെ കുപ്പികളിൽ ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയത് മാതാപിതാക്കളെ ആശങ്കയിലാക്കുന്നു. സർക്കാർ നേരത്തെ സൗജന്യമായി നൽകിയിരുന്ന വിദേശകമ്പനിയുടെ അഞ്ചരലക്ഷത്തോളം വിലവരുന്ന മരുന്നിന് പകരം ഇന്ത്യൻ കമ്പനിയുടെ 15,000 രൂപയുടെ മരുന്നാണ് ഇന്നലെ മുതൽ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ ക്ലിനിക്കിൽ മരുന്ന് വാങ്ങാനെത്തിയ നാലു പേർക്കാണ് ‘ഫിസിഷ്യൻസ് സാമ്പിൾ, ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്ന് എഴുതിയ പാക്കറ്റിൽ മരുന്ന് നൽകിയത്. ഇതോടെ തങ്ങളുടെ കുട്ടികളെ ആരോഗ്യവകുപ്പ് പരീക്ഷണവസ്തുക്കളാക്കുകയാണെന്ന ഗുരുതര ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തി. പഴയ മരുന്നിലൂടെ ആരോഗ്യപുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് ഫലപ്രദമാകുമോ എന്ന ആശങ്കയിലാണ് മരുന്നിനെ ആശ്രയിക്കുന്ന 108 കുട്ടികളുടെ കുടുംബങ്ങൾ. ഇപ്പോൾ കുട്ടികൾക്കുണ്ടായിട്ടുള്ള പുരോഗതി കുറയുമോ എന്നും അവർ ആശങ്കപ്പെടുന്നു.
സ്വിസ് കമ്പനിയായ റോഷ് ആണ് നേരത്തെ ഈ മരുന്ന് ബോട്ടിലിന് അഞ്ചരലക്ഷം രൂപയ്ക്ക് വിതരണം ചെയ്തിരുന്നത്. പിന്നീട് ഇന്ത്യൻ കമ്പനിയായ നാറ്റ്കോ 'നാറ്റ്സ്മാർട്ട്' എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉൽപ്പാദിപ്പിക്കുകയായിരുന്നു. ഇതോടെ പേറ്റന്റ് വിഷയം ഉന്നയിച്ച് റോഷ് നിയമനടപടി സ്വീകരിച്ചു. എന്നാൽ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും ഉൾപ്പെടെ ഹർജികൾ തള്ളുകയും നാറ്റ്കോയുടെ മരുന്ന് വിൽക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഈ മരുന്ന് വാങ്ങാൻ തീരുമാനിച്ചത്.

