പങ്കാളി നിങ്ങളെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്യുന്നില്ലേ ?
text_fields‘എന്റെ പങ്കാളി ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഏറെയൊന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നില്ല’ എന്ന് ആശങ്കപ്പെടുന്നവരുണ്ടെങ്കിൽ ഓർക്കുക, ആ ബന്ധം സുദൃഢവും സന്തോഷകരവുമായിരിക്കാൻ സാധ്യത ഏറെയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ബന്ധങ്ങൾ യഥാർഥമല്ലെന്ന് ചിന്തിക്കപ്പെടുന്ന കാലമാണല്ലോ ഇത്. നാം പെർഫെക്ട് ആണെന്ന് ലോകമറിയണമെങ്കിൽ ഓരോ മുഹൂർത്തവും നേട്ടവും ആഘോഷങ്ങളുമെല്ലാം ‘ലൈക്കി’ൽ കയറിയിറങ്ങണം.
എന്നാൽ, പഠനങ്ങൾ പലതും പറയുന്നത് മറിച്ചാണ്. യഥാർഥ ജീവിതത്തിൽ ബന്ധങ്ങളിൽ ശരിക്കും സന്തോഷം അനുഭവിക്കുന്നവർ തങ്ങളുടെ റിലേഷൻഷിപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറച്ചുമാത്രം പോസ്റ്റ് ചെയ്യുന്നവരാണത്രെ. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യേണ്ടതിന്റെയും എന്തെങ്കിലും തെളിയിക്കേണ്ടതിന്റെയും ആവശ്യമുണ്ടെന്ന് അവർക്ക് തോന്നാറില്ല. ലൈക്കും കമന്റും ചിന്തിക്കാതെ അവർ തങ്ങളുടെ ബന്ധങ്ങളിൽ മുഴുകുന്നവരായിരിക്കും.
റിലേഷൻഷിപ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാത്തവർ അങ്ങനെയല്ലാത്തവരെക്കാൾ മനോസമ്മർദം കുറവുള്ളവരായിരിക്കുമെന്ന് ബംഗളൂരു ബി.ജി.എസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. സുമലത വാസുദേവ് പറയുന്നു. അവർ ശാന്തരും സമാധാനമുള്ളവരുമാകാൻ സാധ്യത ഏറെയാണ്. സ്വകാര്യ മുഹൂർത്തങ്ങൾ സ്വകാര്യമായിതന്നെ സൂക്ഷിക്കുന്നതാണ് കൂടുതൽ സത്യസന്ധമെന്നും സുമലത അഭിപ്രായപ്പെടുന്നു. അതേസമയം, ഇതൊരു തീർപ്പല്ലെന്നും മറിച്ചുമുണ്ടാകാമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.