മനസമാധാനം കിട്ടാൻ ‘ബാത്റൂം ക്യാമ്പിങ് !’ ശീലമാക്കിയവർ
text_fields
നിങ്ങളുടെ ഫോണിലെ ഗൂഗ്ൾ ക്രോമിന് മാത്രമല്ല, തലച്ചോറിലും മൾട്ടിപ്പിൾ ടാബുകൾ ഓപണായി കിടക്കുന്നുണ്ട്; ടു ഡു ലിസ്റ്റ്, നോട്ടിഫിക്കേഷൻ, ഡെഡ് ലൈൻ, ചെയ്തു തീർക്കേണ്ട മറ്റനേകം കാര്യങ്ങൾ അങ്ങനെ... തലച്ചോറിനെ സംബന്ധിച്ച് ഈ അവസ്ഥ ഡീഫാൾട്ടാണെന്നുതന്നെ പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഇത്തരം ‘തല വേദനകൾ’ എല്ലാം ഷട്ട് ഡൗൺ ചെയ്ത് മനഃസമാധാനം കൊതിക്കാത്തവർ ആരുണ്ട്. മനുഷ്യ മനസ്സിനെ സമയവും കാലവുമില്ലാതെ കയറിപ്പിടിക്കുന്ന ഒന്നാണ് മാനസിക സമ്മർദം. സ്ട്രെസിന്റെ അതിപ്രസരം സഹിക്കാൻ കഴിയാതെ എങ്ങോട്ടെങ്കിലും രക്ഷപ്പെടാൻ എല്ലാരും കൊതിക്കും. പക്ഷേ, എങ്ങോട്ട്? ഈ ചോദ്യം ‘ജൻ Z’ യോടാണെങ്കിൽ അവരിൽ പലരും പറയും ‘വാഷ്റൂം’ എന്ന്. അതിനൊരു പേരും ഇട്ടിട്ടുണ്ട്, ‘ബാത്റൂം ക്യാമ്പിങ് !’
എന്താണ് സംഭവം?
ടെന്റോ ക്യാമ്പ് ഫയറോ നിലാവ് നിറഞ്ഞ ആകാശമോ ഈ ‘ക്യാമ്പി’ൽ ഇല്ല. പക്ഷേ, ബാക്ടീരിയകൾ എന്ന ‘വന്യജീവികൾ’ അനേകായിരമുണ്ട്. ബാത്റൂമിൽ അഥവാ ശൗചാലയത്തിൽ ഏറെ നേരം ചെലവഴിക്കുക എന്നതിനാണ് പുതുതലമുറയിലെ ഒരു വിഭാഗത്തിന്റെ സ്ട്രെസ് റിലീഫ് വിദ്യയെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനല്ലാതെ, വെറുതെ പോയിരിക്കാൻ വാഷ് റൂം തെരഞ്ഞെടുക്കുന്ന പ്രതിഭാസമാണിത്. ആരുടെയും കണ്ണിൽപെടാതെ ശാന്തമായി ഇരിക്കാനും പാട്ടുകേൾക്കാനും ഫോൺ അനന്തമായി സ്ക്രോൾ ചെയ്യാനും അവർ തെരഞ്ഞെടുത്ത വഴിയാണിത്.
നന്നായി സമ്മർദങ്ങൾക്ക് അടിപ്പെടുമ്പോൾ താൻ ബാത്റൂം ക്യാമ്പിങ് പരീക്ഷിക്കാറുണ്ടെന്നു പറഞ്ഞ് ഒരു ഷികാഗോ സ്വദേശി ഇത് ടിക് ടോക്കിൽ ഷെയർ ചെയ്തു. ഇതോടെ സംഭവം ട്രെൻഡിങ്ങായി. സമൂഹമധ്യത്തിൽ സ്ഥിരമായി ഒരു വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന പൊതുധാരണയുടെ ഫലമായി പലരും സമ്മർദത്തിൽ വീർപ്പുമുട്ടുന്നതായി ഒരു മാനസികാരോഗ്യ സ്റ്റാർട്ടപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ധ്രുവ് റാവത്ത് അഭിപ്രായപ്പെടുന്നു. ആരും ഇടിച്ചുകയറി വരാത്ത ബാത്ത്റൂം അങ്ങനെ ഇവരുടെ സ്വസ്ഥമായ ഇടമായി മാറുന്നുവത്രെ.
ഒട്ടും നല്ല ശീലമല്ല
ബാക്ടീരിയകൾ നിറഞ്ഞുതുളുമ്പുന്ന ശൗചാലയത്തിൽ ഏറെ നേരം ചെലവഴിക്കുമ്പോഴുള്ള ശുചിത്വ ഭീഷണി മാറ്റിനിർത്തിയാൽത്തന്നെ മാനസികാരോഗ്യത്തിന് ദോഷമായ പലതും ബാത്റൂം ക്യാമ്പിങ്ങിലുണ്ടെന്ന് ധ്രുവ് റാവത്ത് മുന്നറിയിപ്പുനൽകുന്നു.
‘‘സമ്മർദം കുറക്കാൻ പലരും ചായ കുടിക്കുകയോ പുകവലി പോലുള്ള ദുശ്ശീലങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നപോലെ തെരഞ്ഞെടുക്കുന്ന വഴിയാണ് ബാത്റൂം. ശുചിത്വ ഭീഷണിക്കു പുറമെ, ചിലർക്ക് ജോലിയിൽനിന്നും മീറ്റിങ്ങുകളിൽനിന്നും സാമൂഹിക ഇടപെടലുകളിൽ നിന്നും ഒളിച്ചോടാനുള്ള ഉപായമായി ഇതു മാറുന്നു’’ -റാവത്ത് കൂട്ടിച്ചേർക്കുന്നു. ഇതു പിന്നീട് ആങ്സൈറ്റി ഡിസോഡർ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ബ്രഷ് മുതൽ ഓരോ അണുവിലും അനേകം ബാക്ടീരിയകൾ നിറഞ്ഞുനിൽക്കുന്ന ശൗചാലയത്തിൽ അണുബാധ സാധ്യത ഏറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.