പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ; അപകട മധുരത്തിൽനിന്ന് അകന്ന് ജനം
text_fieldsപരപ്പനങ്ങാടി: വിപണി തന്നെ നിയന്ത്രിക്കാൻ കരുത്തുണ്ടായിരുന്ന പഞ്ചസാരയുടെ വിൽപന കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.
വെളുത്ത വിഷം എന്ന് പഞ്ചസാരയെ വിളിച്ച് ആരോഗ്യ ബോധവത്ക്കരണത്തിന് തുടക്കമിട്ടത് സംഘടിത പ്രകൃതി ചികിത്സാ പ്രവർത്തകരായിരുന്നു. പിന്നീട് ജീവിത ശൈലി രോഗങ്ങൾ വർധിച്ചതോടെ മധുരം അമിതമായി ഉപയോഗിക്കുന്നതും പഞ്ചസാര അനിയിന്ത്രിതമായി കടന്നു വരുന്നതും ശക്തമായി നിയന്ത്രിക്കണമെന്ന വാദവുമായി ആധുനിക ചികിത്സാ വിദഗ്ധരും രംഗത്തുവന്നതോടെ പഞ്ചസാര വെളുത്ത വിഷമാണന്ന വാദത്തിന് പൊതു അംഗീകാരം കിട്ടി തുടങ്ങി. അസംസ്കൃത വസ്തുവായ കരിമ്പിനോടൊപ്പം ഇവ വെളുപ്പിച്ചെടുക്കാൻ എല്ലിൻ പൊടിയും കെമിക്കലും ചേർക്കുന്നതാണ് കൂടുതൽ അപകടകരമെന്ന ബോധവത്ക്കരണ സന്ദേശങ്ങളോട് പുതിയ തലമുറ പോസിറ്റീവായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് പഞ്ചസാരയിൽനിന്ന് സമൂഹം അകലം പാലിക്കാൻ തുടങ്ങിയത്.
ദാരിദ്യം മൂലം ശർക്കര പൊടിയെ ആശ്രയിച്ചിരുന്ന പഴയ തലമുറ സ്വയം പര്യാപ്തതയിലേക് വഴി മാറിയതോടെയാണ് പഞ്ചസാര അനിയന്ത്രിതമായി നുണയാൻ തുടങ്ങിയത്. ചായ ശീലമാക്കിയവർ അവയുടെ ചായയുടെ എണ്ണം വർധിപ്പിച്ചതോടെ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവും അറിയാതെ കൂടിയിരുന്നു. പഞ്ചസാര ഉപയോഗവും അരി ഭക്ഷണവും ഒന്നിച്ച് ചേർന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരാം വിധം ഉയർത്തി. അവയവങ്ങൾ നീക്കുകയും ഡയാലിസസ് സാധാരണ ചികിത്സാ രീതിയായി മാറുകയും ചെയ്തു. കാഴ്ചയറ്റ കണ്ണുകളും തരിപ്പ് കയറിയ കാൽപാദങ്ങളുമായി മുതിർന്നവർ ദുരിതം പേറുന്നത് കണ്ടു മടുത്ത പുതിയ തലമുറയാണ് അപകട മധുരത്തിൽനിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചത്.
അതുകൊണ്ട് തന്നെ രൂപക് എത്ര മൂല്യ ശോഷണം സംഭവിച്ചിട്ടും പഞ്ചസാരക് കിലോ അമ്പതിൽ താഴെ മാത്രമായി നിലകൊള്ളുന്നതിന്‍റെ രഹസ്യവും മധുരത്തോടുള്ള ഈ അകൽച്ചയാണ്. പഞ്ചസാര ഒരു പതിവ് ആഹാരം എന്ന ചിന്താഗതി മാറി ഒരു വിശേഷ ഇനം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. പഞ്ചസാരയുടെ കച്ചവടത്തിന്‍റെ തോത് കുറഞ്ഞെങ്കിലും പകരം ശർക്കര ആ നിലക്ക് ഉയർന്ന് വന്നിട്ടുമ്മില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

