ശ്രദ്ധിക്കണം മഞ്ഞളിനെയും
text_fieldsനമ്മുടെ ഭക്ഷണത്തിലും ചടങ്ങുകളിലും ചികിത്സ രീതികളിലെയും പ്രധാനിയാണ് മഞ്ഞൾ. ആയുർവേദത്തിൽ ഒരു വിധം എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഇവ ഉപയോഗിക്കുന്നുണ്ട്. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞളിന് സാധിക്കുന്നു. മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വൃക്കകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ആന്റിഓക്സിഡന്റ് ഗുണങ്ങൾ വൃക്ക കോശങ്ങളിൽ ഓക്സിഡേറ്റിവ് സമ്മർദം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സഹായിക്കുന്നു. എന്നാൽ, മഞ്ഞൾ നമ്മുടെ വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ മൂത്രത്തിലെ ഓക്സലേറ്റിന്റെ അളവ് വർധിപ്പിക്കും. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യനും ഡയബേറ്റ്സ് എജുക്കേറ്ററുമായ കനിക മൽഹോത്ര പറയുന്നു. കൂടാതെ, രക്തസ്രാവ പ്രശ്നങ്ങളുള്ളവരിലോ രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നവരിലോ മഞ്ഞളിന്റെ ഉപയോഗം അമിത രക്തസ്രാവത്തിനിടയാക്കാം.
മിതമായ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ഉയർന്ന അളവിൽ ശരീരത്തിലെത്തുന്ന മഞ്ഞൾ വൃക്കകൾക്ക് പ്രശ്നക്കാരായി മാറും. പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന അളവ് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ശാരീരിക പ്രശ്നങ്ങൾക്ക് മഞ്ഞൾ നേരിട്ടോ ഗുളികകളായോ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം കഴിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.