എന്താണ് പെട്ടെന്നുള്ള കുഴഞ്ഞുവീണ് മരണങ്ങൾക്ക് പിന്നിൽ; ചിലതൊക്കെ ശ്രദ്ധിക്കണം
text_fieldsഎന്താണ് പെട്ടെന്നുള്ള കുഴഞ്ഞുവീണ് മരണങ്ങൾക്ക് പിന്നിൽ? ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഇതിന് കാരണമെങ്കിലും ഇതുകൂടാതെ മറ്റ് ചില കാരണങ്ങളും പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചേക്കാം. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയത്തിന്റെ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ചില രോഗലക്ഷണങ്ങൾ കണ്ടെന്നിരിക്കാം. എന്നാൽ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.
ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായി കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോൾ നിർജലീകരണം സംഭവിക്കുക, വേനൽക്കാലത്ത് വിയർപ്പു കൂടി ഡിഹൈഡ്രേഷൻ സംഭവിക്കുക ഇങ്ങനെ വരുമ്പോൾ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവിൽ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാൽ ഹൃദയം പെട്ടെന്നു നിന്നുപോകും.
തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്ന് ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. കുഴഞ്ഞുവീണ് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ചില ഹോർമോണുകൾ കൂടുന്നതും ഹൃദയതാളത്തിൽ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം.
ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മർദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഹൃദയം നിലച്ച് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ എത്തുന്നവർക്ക് നൽകുന്ന പ്രഥമശുശ്രൂഷയാണു സി.പി.ആർ. നെഞ്ചിന്റെ നടുഭാഗം മൂന്നു മുതൽ അഞ്ചു വരെ സെന്റീമീറ്റർ താഴുന്ന രീതിയിൽ, മിനിറ്റിൽ 100 തവണ എന്ന കണക്കിൽ ശക്തമായി അമർത്തുകയാണ് ഇതിൽ പ്രധാനം. 30 തവണ അമർത്തിക്കഴിഞ്ഞാൽ രണ്ട് തവണ കൃത്രിമശ്വാസം നൽകാം. രോഗിയുടെ ഹൃദയമിടിപ്പും ശ്വാസവും തിരിച്ചുകിട്ടുന്നതുവരെ സി.പി.ആർ കൊടുക്കണം. താൽക്കാലികമായി തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലനിർത്താൻ ഈ പ്രാഥമിക ചികിത്സവഴി സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.