ഉറക്കമില്ലായ്മ മുതൽ കാൻസർ വരെ, ശരിക്കും വില്ലനാണോ വൈ-ഫൈ? വിശദീകരണവുമായി വിദഗ്ദർ
text_fieldsകോഴിക്കോട്: രാത്രിയിൽ ഉറക്ക സമയത്ത് വൈ-ഫൈ കണക്ഷൻ ഓഫ് ചെയ്യണോ വേണ്ടയോ എന്ന ചർച്ചയിലാണ് നെറ്റിസൺസ്. വൈ-ഫൈ ഉപകരണങ്ങളിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി (ആർ.എഫ്) സിഗ്നലുകൾ ഉറക്കത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ വാദത്തിന് ശാസ്ത്രീയമായ പിന്തുണയില്ലെന്ന് മറുവിഭാഗവും ചൂണ്ടിക്കാണിക്കുന്നു. ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ വ്യാപനത്തിനൊപ്പം വീടുകളിലേക്കും വൈഫൈ സാങ്കേതിക വിദ്യ വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ടോ? സത്യത്തിൽ വൈ-ഫൈ അത്രക്ക് പ്രശ്നക്കാരനാണോ?
വൈ-ഫൈ സാങ്കേതിക വിദ്യയുടെ ആരോഗ്യ പ്രത്യഘാതങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളിൽ ഭൂരിഭാഗവും മൃഗങ്ങളിലാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടുതന്നെ മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങളടക്കം പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങളാവശ്യമുണ്ട്. എലികളിൽ നടത്തിയ പഠനങ്ങളിൽ വൈ-ഫൈ വന്ധ്യതക്ക് കാരണമാകുന്നുവെന്ന് സൂചനകളുണ്ടെങ്കിലും മനുഷ്യരിൽ അത് സ്ഥിരീകരിച്ചില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ആശങ്കയ്ക്ക് കാരണം?
ഒരു വയർലെസ് റൂട്ടറിൽ നിന്ന് അടുത്തുള്ള ഒരു ഉപകരണത്തിലേക്ക് അയയ്ക്കുന്ന റേഡിയോ സിഗ്നലാണ് വൈ-ഫൈ, ഉപകരം സിഗ്നലിനെ നിങ്ങൾക്ക് കാണാനും ഉപയോഗിക്കാനും കഴിയുന്ന ഡാറ്റയിലേക്ക് വിവർത്തനം ചെയ്യുന്നു. വൈ-ഫൈ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ തലച്ചോറിനെ ബാധിക്കുന്ന റേഡിയേഷന് കാരണമാവുമെന്ന് പ്രചാരണത്തെ ചുറ്റിപ്പറ്റിയാണ് ആശയക്കുഴപ്പങ്ങളുടെ തുടക്കം. യഥാർഥത്തിൽ, വൈ-ഫൈ അപകടം കുറഞ്ഞ നോൺ-അയോണൈസിംഗ് റേഡിയേഷനാണ് ഉപയോഗിക്കുന്നത്, ഇത് സി.ടി സ്കാനുകളുമായോ എക്സ്-റേകളുമായോ താരതമ്യപ്പെടുത്തുമ്പോൾ വളരെ ദുർബലമായതാണ്. നോൺ-അയോണൈസിംഗ് റേഡിയോ ഫ്രീക്വൻസി സിഗ്നലുകൾ തലച്ചോറിലെ കോശങ്ങളെ തകരാറിലാക്കാൻ പര്യാപ്തമല്ലെന്ന് സാങ്കേതിക വിദഗ്ദർ വിശദമാക്കുന്നു. വൈ-ഫൈ തരംഗങ്ങളും ബ്രെയിൻ ട്യൂമറും, ഓർമക്കുറവുമടക്കം തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റേഡിയോ-ഫ്രീക്വൻസി തരംഗങ്ങൾ ഉയർന്ന അളവിൽ ദീർഘനേരം കടന്നുപോകുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ നേരിയ തോതിൽ ബാധിച്ചേക്കാമെന്ന തരത്തിൽ പുറത്തുവന്ന ചില ഗവേഷണങ്ങളാണ് ആശങ്കകൾക്ക് ആക്കം കൂട്ടിയത്. വൈ-ഫൈയും മൊബൈൽ റേഡിയേഷനും ഒരാൾ ആഴത്തിലുള്ള ഉറക്കത്തിലായിരിക്കുമ്പോൾ തലച്ചോറിന്റെ തരംഗങ്ങളെ നേരിയ തോതിൽ ബാധിച്ചേക്കാം, പക്ഷേ ഈ മാറ്റങ്ങൾ നിസ്സാരമാണെന്ന് ജർമനിയിലെ ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സ്ലീപ്പ് മെഡിസിൻ കോമ്പിറ്റൻസ് സെൻറർ, ഓസ്ട്രിയയിലെ സീബേഴ്‌സ്‌ഡോർഫ് ലബോറട്ടറീസ് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം പലപ്പോഴും മാനസികാരോഗ്യം, ഉറങ്ങാൻ കിടക്കുന്നതിന് മുമ്പുള്ള സ്ക്രീൻ ഉപയോഗം, ക്രമരഹിതമായ ഉറക്കശീലങ്ങൾ എന്നിവക്ക് പുറമെ ഇതര ആരോഗ്യ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
നല്ല ഉറക്കത്തിന് എന്തുചെയ്യണം?
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം കൃത്യമായ ഒരു ശീലം ഉണ്ടാക്കിയെടുക്കുക എന്നതാണെന്ന് പഠനങ്ങൾ നിർദേശിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുമ്പ് മൊബൈലടക്കം സ്ക്രീൻ ഉപയോഗം കുറക്കുക, ഉറങ്ങാൻ ശാന്തവും ഇരുണ്ടതുമായ അന്തരീക്ഷം സജ്ജീകരിക്കുക, ഉറങ്ങാനായി കൃത്യമായ ഒരു സമയം തീരുമാനിക്കുക എന്നവയൊക്കെ നല്ല ഉറക്കം കിട്ടാൻ സഹായിക്കും. രാത്രിയിൽ വൈ-ഫൈ ഓഫാക്കുന്നത് ഇന്റർനെറ്റ് ബന്ധം വിഛേദിക്കുന്നതുകൊണ്ടുതന്നെ ഡിജിറ്റൽ സ്ക്രീനുകൾ മാറ്റിവെച്ച് ഉറങ്ങാൻ പരോക്ഷമായി സഹായിക്കും.
കാൻസറുമായി എന്തെങ്കിലും ബന്ധമുണ്ടോ?
വൈ-ഫൈ കാൻസറിന് കാരണമാകുമെന്നത് ഒരു മിഥ്യയാണ്. ലോകാരോഗ്യ സംഘടനയും മറ്റ് പ്രമുഖ ആരോഗ്യ സംഘടനകളും അവലോകനം ചെയ്ത പഠനങ്ങൾ ഉൾപ്പെടെ വിപുലമായ ഗവേഷണങ്ങളിൽ, വൈ-ഫൈ തരംഗങ്ങളും കാൻസർ വികസനവും തമ്മിൽ ഒരു കാര്യകാരണ ബന്ധവും കണ്ടെത്തിയിട്ടില്ല. നിയന്ത്രിത പരിധിക്കുള്ളിൽ ഉപയോഗിക്കുമ്പോൾ വൈ-ഫൈ സുരക്ഷിതമാണെന്ന് ഈ സംഘടനകൾ വാദിക്കുന്നു.
മറ്റ് മിഥ്യാധാരണകൾ?
ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വൈ-ഫൈ അപകടകരമാണെന്ന് ചിലർ പറയാറുണ്ട്. ഇതിനും ശാസ്ത്രീയ പിന്തുണയില്ല. ഇത്തരത്തിൽ അപകട സാധ്യത ഒരു പഠനത്തിലും വ്യക്തമായിട്ടില്ല.
വൈ-ഫൈ പേസ്മേക്കറിനെ തടസ്സപ്പെടുത്തുമോ?
പേസ്‌മേക്കറുകൾ, ശ്രവണസഹായികൾ തുടങ്ങിയ ആരോഗ്യ ഉപകരണങ്ങളെ വൈ-ഫൈ തടസ്സപ്പെടുത്തുമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ആർ.എഫ് ഇടപെടലിനെ ചെറുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, വൈ-ഫൈ ഇത്തരം ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈ-ഫൈ ഉപകരണങ്ങളും മെഡിക്കൽ ഉപകരണങ്ങളും ഒരുമിച്ച് സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് റെഗുലേറ്ററി മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.