Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightഅഞ്ചുദിവസം മുറികളിൽ...

അഞ്ചുദിവസം മുറികളിൽ നിന്ന് സ്​മാർട്ഫോണും ലാപ്ടോപ്പും പുറത്താക്കാനാവുമോ എന്ന് ചോദ്യം, സമ്മതം മൂളി ​കൗമാരക്കാർ. പിന്നെ സംഭവിച്ചത്

text_fields
bookmark_border
അഞ്ചുദിവസം മുറികളിൽ നിന്ന് സ്​മാർട്ഫോണും ലാപ്ടോപ്പും പുറത്താക്കാനാവുമോ എന്ന് ചോദ്യം, സമ്മതം മൂളി ​കൗമാരക്കാർ. പിന്നെ സംഭവിച്ചത്
cancel

ന്യൂജഴ്സി: മൊബൈൽ ഫോൺ മുതൽ ലാപ്ടോപ്പും ടാബ്‍ലറ്റും വരെ കിടപ്പുമുറികളിൽ നിന്ന് അഞ്ചുദിവസം മാറ്റിനിർത്താനാവുമോ എന്നായിരുന്നു വെല്ലുവിളി. ഏറ്റെടുത്തത് നാല് കൗമാരക്കാർ, റേഡിയോ 5 ലൈവും ബി.ബി.സി ബൈറ്റ് സൈസ് സ്റ്റഡി സപ്പോർട്ടും സംയുക്തമായി സംഘടിപ്പിച്ച ‘വാർഷിക വിദ്യാർഥി ഉച്ചകോടി’യുടെ ഭാഗമായായിരുന്നു ചലഞ്ച്.

സ്മാർട്ട്‌ഫോണുകൾ മുതൽ സോഷ്യൽ മീഡിയയും കുറ്റകൃത്യങ്ങളും വരെ കൗമാരക്കാ​രെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ വിലയിരുത്താൻ ലക്ഷ്യമിട്ടാണ് വർഷം തോറും ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇക്കുറി വെല്ലുവിളി ഏറ്റെടുത്ത വിദ്യാർഥികൾക്ക് വീട്ടി​ലെ പൊതുഇടത്തിൽ മാത്രമാണ് ഫോണുകളും ലാപ്ടോപ്പുമടക്കം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്.

സംഗതി അത്ര എളുപ്പമല്ലെങ്കിലും പരമാവധി ശ്രമിക്കുമെന്നായിരുന്നു വെല്ലുവിളി ഏറ്റെടുത്തതിന് പിന്നാലെ വിദ്യാർഥികളിലൊരാളായ എലിസബത്തിന്റെ മറുപടി. സാധാരണയായി കിടപ്പുമുറിയിൽ കുടുതൽ സമയം ചെലവഴിക്കുന്ന എലിസബത്ത് പ്രതിദിനം നാലുമണിക്കൂറാണ് യൂട്യൂബ് വീഡിയോകൾ കാണാനായി ചെലവഴിച്ചിരുന്നത്.

എലിസബത്തിനൊപ്പം പ്രൊജക്ടിന്റെ ഭാഗമായ വെസ്റ്റ് യോർക് ഷെയർ സ്കൂളിലെ മറ്റ് മൂന്ന് വിദ്യാർഥികൾക്കും സമാനമായ അഭിപ്രായമായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കാനുള്ള സ്വകാര്യ ഇടത്തിൻറെ അഭാവമാവും വരും ദിവസങ്ങളിൽ ​തന്നെ ഏറെ ബുദ്ധിമുട്ടിക്കുകയെന്ന് നാൽവർ സംഘത്തിലെ അംഗമായ 15കാരി എലിസ പറഞ്ഞു. കിടപ്പുമുറിയിൽ സുഹൃത്തുക്കളുമായി വിശേഷങ്ങൾ പങ്കിടാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാനുമാണ് എലിസ കൂടുതൽ സമയം ​​ചെലവഴിച്ചിരുന്നത്.

അതേസമയം, ലാപ്ടോപ്പും ​സ്മാർട്ട് ഫോണും ഒഴിവാക്കി പുസ്തകം വായിച്ച് ഉറങ്ങുമെന്നായിരുന്നു മറ്റൊരു വിദ്യാർഥിനിയായ മിഷെലിന്റെ കമന്റ്. ഉയർന്ന രീതിയിലുള്ള സ്മാർട്ഫോൺ ഉപയോഗം കൊണ്ടുതന്നെ താൻ പരമാവധി അഞ്ചുമണിക്കൂറാണ് ഉറങ്ങാറെന്നും മിഷേൽ വെളിപ്പെടുത്തി.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ പതിവായി മണിക്കൂറുകളോളം സുഹൃത്തുക്കൾക്കൊപ്പം​ ഓൺലൈൻ ഗെയിമിൽ സമയം ​ചെലവഴിക്കുന്ന ഹെൻറിയായിരുന്നു വെല്ലുവിളി ഏറ്റെടുത്ത മറ്റൊരാൾ. രാത്രി പത്തുവരെ ഗെയിം കളിക്കാറുണ്ടായിരുന്ന ഹെൻറി ചില ദിവസങ്ങളിൽ താൻ പുലർച്ചെ രണ്ടുവരെ ഇത്തരത്തിൽ ഉണർന്നിരിക്കാറുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. പ്രലോഭനം ഒഴിവാക്കാൻ ആദ്യഘട്ടത്തിൽ പ്ളേസ്റ്റേഷൻ കബോർഡിൽ വെച്ച് പൂട്ടിവെച്ചാണ് ഹെൻറി വെല്ലുവിളി ഏറ്റെടുത്തത്.

റേഡിയോ 5 ലൈവും ബി.ബി.സി ബൈറ്റ് സൈസ് സ്റ്റഡി സപ്പോർട്ടും സംയുക്തമായി 13-18 വയസിനിടയിലുള്ള 2,000 കുട്ടികൾക്കിടയിൽ നടത്തിയ സർവേയിൽ 38 ശതമാനം പേരും ആഴ്ചയിൽ ഏഴിലധികം മണിക്കൂറുകൾ കിടപ്പുമുറിയിൽ ​ഡിജിറ്റൽ ഉപകരണങ്ങളിൽ ഗെയിമുകൾക്കായി ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. 10ൽ ഒരാൾ വീതം മുറിയിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ഗെയിമുകൾക്കായി ചെലവഴിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉ​പയോഗം നിയന്ത്രിക്കുന്നതിലുടെ വിദ്യാർഥികളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുന്നുവെന്ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽ അസോസിയേറ്റ് ​പ്രൊഫസറായ ഡോ. കെയ്റ്റ്ലിൻ റെഗർ പറയുന്നു. സ്മാർട്ഫോണുകളുടെ അമിത ഉപയോഗം വിദ്യാർഥികളെ സ്കൂൾ സമയത്ത് കൂടുതൽ ക്ഷീണിതരാക്കുമെന്നും റെഗർ വ്യക്തമാക്കി.

മാറ്റങ്ങളുടെ ആ അഞ്ച് ദിവസം

പ്രൊജക്ട് അവസാനിക്കുന്ന ദിവസം കൗതുകകരമായ കഥകളുമായാണ് വിദ്യാർഥികൾ അധികൃതരെ കാണാനെത്തിയത്.

കബോർഡിൽ വെച്ച് പൂട്ടിയെങ്കിലും രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഗെയിം കൺസോളുമായി ലിവിങ് മുറിയിലെത്തിയെന്ന് ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു ​​ഹെൻറി തുടങ്ങിയത്. ഗെയിം കളി പൊതുഇടത്തേക്ക് മാറിയതോടെ മകനുമായി കൂടുതൽ സംസാരിക്കാനായതായും തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ഊഷ്മളമായതായും മാതാവ് അലിസൺ പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പായി ടിക്ടോക്കിൽ വീഡിയോ കാണുന്ന ശീലത്തിന് ഭംഗം നേരിട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ താൻ പതിയെ പൊരുത്തപ്പെടാനാരംഭിച്ചതായി ഹെൻറിയും വ്യക്തമാക്കി. കൂടുതൽ ഉറക്കം കിട്ടിയതോടെ വിദ്യാലയത്തിലും കൂടുതൽ മികച്ച പ്രകടനം നടത്താനായതായി ഹെൻറി പറയുന്നു. ഗെയിം കളിക്കുന്നത് പുനരാരംഭിക്കുമെങ്കിലും ഉറക്കസമയം കൃത്യപ്പെടുത്തുമെന്നും ഹെൻറി പറഞ്ഞു.

സ്മാർട് ഫോൺ ഉപയോഗം കുറച്ചതോടെ, നൃത്ത പഠനത്തിലും പാചകത്തിലും കൂടുതൽ സമയം ചെലവഴിക്കാനായതായി എലിസബത്ത് പറഞ്ഞു. കുടുംബത്തിനൊപ്പം ടി.വിയിൽ ഡോക്യൂമെന്ററികൾ കാണാനും ചോക്കലേറ്റ് കുക്കികൾ ഉണ്ടാക്കാനും സമയം കണ്ടെത്താനായതായി എലിസബത്ത് പറഞ്ഞു.

സമാധാനവും സ്വസ്ഥതയും ഇല്ലാതായതായി തോന്നിയതുകൊണ്ട് നിരവധി തവണ ചലഞ്ച് ​ലംഘിക്കേണ്ടി വന്നുവെന്ന് മിഷേൽ മിഷേൽ വ്യക്തമാക്കി. അൽപം ബുദ്ധിമുട്ടിയെങ്കിലും വരുംദിവസങ്ങളിൽ ഫോൺ ഉപയോഗം കുറക്കാനുള്ള പ്രചോദനം ലഭിച്ചതായും മിഷേൽ പറഞ്ഞു.

എന്നാൽ, കാര്യമായി ഒന്നും ചെയ്യാനില്ലാതായതോടെ വീട്ടിലെ ബോറഡി മാറ്റാൻ കൂട്ടുകാരുടെ ഒപ്പം സിനിമക്ക് പോയതടക്കം കഥകളാണ് എലിസക്ക് പറയാനുണ്ടായിരുന്നത്.

​അതേസമയം, വായിക്കാൻ പദ്ധതിയിട്ട് കയ്യിലെടുത്ത പുസ്തകത്തിൽ ഒരധ്യായം മാത്രമാണ് പൂർത്തിയാക്കാനായതെന്ന് മിഷേൽ പറഞ്ഞു. പുസ്തകം വായന പറ്റിയ പണി​യല്ലെന്നും മിഷേലിൻറെ മറുപടി.

ബ്രിട്ടനിലെ കൗമാരക്കാരിൽ 38 ശതമാനവും ശരാശരി ഒരു ദിവസം അഞ്ചോ അതിലധികമോ മണിക്കൂർ ഫോണിൽ ചെലവഴിക്കുന്നതായി സർവേഷൻ എന്ന കമ്പനി നടത്തിയ ഓൺലൈൻ സർവേ പറയുന്നു. മാതാപിതാക്കളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കൃത്യമായി ഉപയോഗ പരിധികൾ നിശ്ചയിക്കാറില്ലെന്നും 27 ശതമാനം കുട്ടികളും പറഞ്ഞതായി സർവേ ഫലം വ്യക്തമാക്കുന്നു.

ഇന്ത്യയിലും വ്യത്യസ്ഥമല്ല കാര്യങ്ങൾ

ആഗോളതലത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബഹുഭൂരിപക്ഷവും സ്മാർട്ട്‌ഫോണിലൂടെയാണ് ഇന്റർ​നെറ്റ് ഉപയോഗിക്കുന്നത്. ലോക്കൽ സർക്കിൾസ് ഓൺലൈൻ കമ്മ്യൂണിറ്റി നടത്തിയ ഒരു സർവേയിൽ, ഇന്ത്യൻ വീടുകളിൽ 40 ശതമാനത്തിലും എട്ടുവയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാനാരംഭിക്കുന്നതായി കണ്ടെത്തിയിരുന്നു.


ഇന്ത്യൻ വീടുകളിൽ 40 ശതമാനത്തിലും എട്ടുവയസ്സുള്ളപ്പോൾ തന്നെ കുട്ടികൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാനാരംഭിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു

സ്മാർട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. അമിതമായ സ്‌ക്രീൻ സമയം കുട്ടികളുടെ ശ്രദ്ധാ ദൈർഘ്യം കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസേന രണ്ട് മണിക്കൂറിലധികം സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് കുട്ടികളിൽ അധ്യയനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമിക്കാനുമുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തലുണ്ട്.

ആരോഗ്യത്തിലും വെല്ലുവിളി

ദീർഘനേരം സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്നത് കണ്ണുകൾ വരളുന്നതിനും കാഴ്ച മങ്ങലിനും തലവേദനയ്ക്കും കാരണമാകും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിൽ കുട്ടികളിൽ ഹ്രസ്വദൃഷ്ടി (മയോപിയ) ഗണ്യമായി വർദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു, ഇത് അമിതമായ സ്‌ക്രീൻ സമയം മൂലമാകാമെന്നും നിഗമനമുണ്ട്.

ഫോൺ സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിൽ നിർണായകമായ മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു. ദിവസവും രണ്ട് മണിക്കൂറിലധികം ഫോണിൽ ചെലവഴിക്കുന്ന ഇന്ത്യക്കാരായ കുട്ടികളിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായും കണ്ടെത്തലുണ്ട്.

വൈകാരിക ആഘാതം

സ്മാർട്ട്‌ഫോണുകളുടെ നിരന്തര ഉപയോഗം കുട്ടികളി​ൽ മാനസികവും വൈകാരികവുമായ തലത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. സമൂഹമാധ്യങ്ങളുടെ ഉപയോഗം മൂലമുള്ള ഉത്കണ്ഠയും സമ്മർദ്ദവും ഇത്തരത്തിലുള്ളതാണ്. സ്വന്തം ഓൺലൈൻ സ്വത്വം നിലനിർത്താനുള്ള സമ്മർദ്ദവും അത് നഷ്ടമാവുമെന്നുള്ള ഭയവും, സൈബർ ഭീഷണികൾ ഉണ്ടാക്കുന്ന മാനസിക പ്രതിസന്ധികളും കുട്ടികളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയേക്കും.

ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) നടത്തിയ പഠനത്തിൽ ഇന്ത്യൻ കൗമാരക്കാർക്കിടയിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു.

മുരടിക്കുന്ന സാമൂഹിക ​കഴിവുകൾ

കുട്ടികളിൽ അത്യാവശ്യമായ സാമൂഹിക കഴിവുകൾ (Social skills) വികസിപ്പിക്കുന്നതിന് സ്മാർട്ട്‌ഫോണുകൾ തടസ്സമാകുന്നതായി വിലയിരുത്തലുകളുണ്ട്. ശൈശവത്തിനും കൗമാരത്തിനും ഇടയിലുള്ള കാലഘട്ടം സാമൂഹികവും വൈകാരികവുമായ വികാസത്തിന് നിർണായകമായ സമയമാണ്. അമേരിക്കൻ അക്കാദമി ഓഫ് ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രിയുടെ അഭിപ്രായത്തിൽ, സ്കൂൾ, ജോലി, വ്യക്തിബന്ധങ്ങൾ എന്നിവയിൽ വിജയിക്കുന്നതിന് ശക്തമായ സാമൂഹിക കഴിവുകൾ അത്യാവശ്യമാണ്. കുട്ടികൾ കൂടുതൽ സമയവും ആളുകളുമായി ഇടപഴകുന്നതിന് പകരം സ്‌ക്രീനിൽ ​ചെലവഴിക്കുന്നത് ഇതിന് വെല്ലുവിളിയാവും.

ആസക്തിയുടെ ജാലകങ്ങൾ

മധുരപലഹാരങ്ങൾ പോലെ സ്മാർട്ട്‌ഫോണുകളും കുട്ടികളിൽ ആസക്തി ഉളവാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഗെയിമുകളും ആപ്പുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ആസക്തി ഉണ്ടാക്കുന്ന രീതിയിലാണ്. തലച്ചോറിൽ കൂടുതൽ ഡോപാമൈൻ ഉദ്പാദിപ്പിക്കാൻ ഇത് കാരണമാകുന്നു. ഇത് കുട്ടികളിൽ കൂടുതൽ ആസക്തിക്ക് കാരണമാകുന്നുവെന്നും വിദഗ്ദർ പറയുന്നു.


പ്രതീകാത്മക ചിത്രം

മാതാപിതാക്കൾക്ക് ചില പ്രായോഗിക നിർദേശങ്ങൾ

വ്യക്തമായ പരിധികൾ നിശ്ചയിക്കുക: സ്മാർട്ട്‌ഫോൺ ഉപയോഗത്തിന് വ്യക്തമായ നിയമങ്ങളും സമയ പരിധികളും തീരുമാനിക്കുക. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രായത്തിനനുസരിച്ച് സ്‌ക്രീൻ സമയ പരിധികൾ ശുപാർശ ചെയ്യുന്നു, 18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് സ്‌ക്രീൻ സമയമില്ല, 2-5 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം പരമാവധി ഒരു മണിക്കൂറാണ് സ്ക്രീൻ സമയം.

സ്വയം മാതൃക നൽകുക: മാതാപിതാക്കളിലെ അമിത സ്​മാർട് ഫോൺ ഉപയോഗം കുട്ടികളിലും അത് ശീലമാവാൻ കാരണമാവും. മാതാപിതാക്കൾ ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോഴും കുട്ടികളുമായി സമയം ചെലവഴിക്കുമ്പോഴും സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കണം.

സ്‌ക്രീൻ രഹിത മേഖലകൾ സൃഷ്ടിക്കുക: പരസ്പരമുള്ള ആശയവിനിമയവും കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിന് കിടപ്പുമുറികൾ, അത്താഴ മേശകൾ തുടങ്ങിയ വീട്ടിലെ പ്രത്യേക സ്ഥലങ്ങൾ ‘ഫോൺ രഹിത മേഖലകൾ’ ആയി നിശ്ചയിക്കുക.

ഇതരമാർഗങ്ങൾ നൽകുക: ബോർഡ് ഗെയിമുകൾ കളിക്കുക, ഒരുമിച്ച് വായിക്കുക, പുറത്ത് സമയം ചെലവഴിക്കുക, രസകരമായ ഹോബികൾ കണ്ടെത്തുക തുടങ്ങി സ്‌ക്രീൻ സമയം കുറക്കാൻ ലക്ഷ്യമിട്ട് പുതിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നിർദേശിക്കാം.

തുറന്ന ആശയവിനിമയം: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക. സൈബർ ഭീഷണിയുടെയും മോശം ഉള്ളടക്കത്തിന്റെയും അപകടങ്ങളെക്കുറിച്ച് അവരോട് സംസാരിക്കുക. ഓൺലൈനിൽ അവർ നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും മാതാപിതാക്കളോട് പറയാൻ പ്രോത്സാഹിപ്പിക്കുക.

രക്ഷാകർതൃ നിയന്ത്രണങ്ങൾ: അനുചിതമായ ഉള്ളടക്കത്തിലേക്ക് കടക്കുന്നത് തടയാനും സ്‌ക്രീൻ സമയം നിയന്ത്രിക്കുന്നതിനും സ്മാർട്ട്‌ഫോണുകളിലെ രക്ഷാകർതൃ നിയന്ത്രണ സജ്ജീകരണങ്ങൾ ഉപയോഗിക്കുക.

സമൂഹമാധ്യമങ്ങൾ പറയുന്നത്

മാതാപിതാക്കൾക്ക് കുട്ടികളുടെ സ്ക്രീൻ സമയം സജ്ജീകരിക്കാനാവുമെന്ന് ടിക് ടോക് വ്യക്തമാക്കുന്നു. ‘ഫാമിലി പെയറിങ് ടൂൾ’ ഉപയോഗിച്ച് ചില സമയങ്ങളിൽ കുട്ടികൾ ടിക്ക്​ ടോക്ക് ഉപയോഗിക്കുന്നത് വിലക്കാനുമാവും. 16 വയസിന് താഴെയുള്ള വിദ്യാർഥികൾ 10 മണിക്ക് ശേഷം പ്ളാറ്റ്ഫോം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ​ ​പെട്ടാൽ ഉറങ്ങാനുള്ള ഓർമ​പ്പെടുത്തൽ തുടർച്ചയായി കാണിക്കുമെന്നും ടിക് ടോക് വ്യക്തമാക്കി.

കുട്ടികളുമായി ചേർന്ന് സ്ക്രീൻ സമയം സജ്ജീകരിക്കാൻ മാതാപിതാക്കൾക്കാവുമെന്ന് സ്നാപ് ചാറ്റും വ്യക്തമാക്കുന്നു.

രാത്രി 10ഓടെ സ്‍ലീപ് മോഡിലേക്ക് മാറുന്ന രീതിയിലാണ് ഇൻസ്റ്റാഗ്രാം കൗമാരക്കാർക്കായി ടീൻ അക്കൗണ്ടുകൾ സജ്ജീകരിച്ചിരിക്കു​ന്നതെന്ന് മെറ്റ വ്യക്തമാക്കി. ഫേസ്ബുക്ക്,​ മെസഞ്ചർ എന്നിവിടങ്ങളിലും മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾക്ക് സൗകര്യമുണ്ടെന്നും മെറ്റ അറിയിച്ചു.

വിപുലമായ പാരന്റൽ കൺട്രോൾ സൗകര്യം ഇതിനകം പ്ളാറ്റ് ഫോമിലേർപ്പെടുത്തിയിട്ടുണ്ടെന്ന് യുട്യൂബ് പറഞ്ഞു. ഉറങ്ങാൻ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഇടവേളയെടുക്കാൻ പ്രേരിപ്പിക്കുന്നതുമടക്കം സംവിധാനങ്ങൾ നിലവിലുണ്ടെന്നും പ്ളാറ്റ്ഫോം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthMobile UseAdolescence
News Summary - These teens turned their rooms into tech-free zones. This was the result
Next Story