Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജാസ്മിന്റെ പ്രശ്‌നം;...

ജാസ്മിന്റെ പ്രശ്‌നം; സലീമിന്റെയും

text_fields
bookmark_border
ജാസ്മിന്റെ പ്രശ്‌നം; സലീമിന്റെയും
cancel

തൃശൂരിലെ ഒരു സൈക്യാട്രിസ്റ്റാണ് ജാസ്മിനെയും സലീമിനെയും എനിക്ക് റഫര്‍ ചെയ്തത്. 2004 മാര്‍ച്ചിലായിരുന്നു വിവാഹം. സലീമിന് ദുബൈയിലായിരുന്നു ജോലി. ഓരോ വര്‍ഷത്തിലും മൂന്നോ നാലോ ആഴ്ചത്തെ ലീവിലാണ് സലീം നാട്ടില്‍ വന്നുപോയിരുന്നത്. മൂന്നു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്നപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അന്വേഷിച്ചുതുടങ്ങി. ‘‘എന്താണ് കുട്ടികള്‍ ഇല്ലാത്തത്? ആര്‍ക്കാണ് പ്രശ്നം? ഡോക്ടറെ കണ്ടോ?’ ഒരു പ്രമുഖ വന്ധ്യത ചികിത്സാ കേന്ദ്രത്തിലാണ് അവര്‍ ആദ്യം പോയത്. ശാരീരിക പരിശോധനകള്‍ക്ക് വിധേയമാകാന്‍ ജാസ്മിന്‍ ബലംപിടിക്കുകയും വല്ലാതെ ബഹളം വെക്കുകയും ചെയ്തു. ‘‘ഇവള്‍ക്ക് എന്തോ മാനസിക രോഗമാണ് എന്നു പറഞ്ഞ് ഡോക്ടര്‍ അവരെ മടക്കി അയച്ചു. മാനസിക രോഗം എന്നു കേട്ടപ്പോള്‍തന്നെ ഇരുവരും തകര്‍ന്നുപോയി. വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഒരു വര്‍ഷത്തേക്ക് ഒരു ഡോക്ടറെയും കാണാന്‍ അവള്‍ സമ്മതിച്ചില്ല. പിന്നീട്, അടുത്ത കൂട്ടുകാരിയുടെ നിര്‍ബന്ധപ്രകാരമാണ് അവള്‍ മറ്റൊരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ സമ്മതിച്ചത്. ആ ഡോക്ടറുടെ സ്നേഹപൂര്‍വമായ പെരുമാറ്റം ജാസ്മിന് ഏറെ ആശ്വാസം പകര്‍ന്നു. അവളുടെ പേടി കാരണം ശാരീരിക പരിശോധന സാധിച്ചില്ല. ഡോക്ടര്‍ പറഞ്ഞു: ‘‘മോള് വിഷമിക്കേണ്ട മറ്റൊരു ദിവസം വന്നാല്‍ മതി, മയക്കിയതിനു ശേഷം പരിശോധിച്ചുനോക്കാം.’’ അങ്ങനെ മറ്റൊരു ദിവസം അനസ്തേഷ്യ കൊടുത്ത് മയക്കിയ ശേഷം ഡോക്ടര്‍ ജാസ്മിനെ പരിശോധിച്ചു. കന്യാചര്‍മം ഉണ്ടായിരുന്നതിനാല്‍ അത് നീക്കുകയും ചെയ്തു. ജാസ്മിന് ശാരീരികമായി ഒരു കുഴപ്പവുമില്ലായിരുന്നു. മൂന്നാഴ്ചകള്‍ക്കുശേഷം ശ്രമിച്ചുനോക്കുവാന്‍ പറഞ്ഞു. വീണ്ടും ശ്രമിച്ചെങ്കിലും അവര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സമയമാകുമ്പോള്‍ ജാസ്മിന് പേടി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. വീണ്ടും ഡോക്ടറെ സമീപിച്ചപ്പോഴാണ് ഒരു മന$ശാസ്ത്രജ്ഞനെ കണ്ടുനോക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. അവര്‍ നേരെ പോയത് ഒരു സൈക്യാട്രിസ്റ്റിന്‍െറ അടുത്തേക്കാണ്. ആറു മാസത്തോളം മരുന്നുകള്‍ കഴിച്ചു. ഒരു മാറ്റവും കാണാതിരുന്നപ്പോള്‍ ആരോ പറഞ്ഞുകേട്ടതനുസരിച്ച് ഒരു ഹിപ്നോതെറാപിസ്റ്റിനെ കണ്ടു. ഏതോ ഒരു ഓണംകേറാമൂലയിലെ കടമുറികളിലൊന്നിലായിരുന്നു അയാളുടെ ചികിത്സ. ചികിത്സക്കൊടുവില്‍ അയാള്‍ പറഞ്ഞു: ‘‘ഞാന്‍ ഹിപ്നോട്ടിസം ചെയ്ത് ഇവളുടെ ഉള്ളിലുണ്ടായിരുന്ന ബാധ ഒഴിപ്പിച്ചിട്ടുണ്ട്. പേടിയും മാറ്റിയിട്ടുണ്ട്. ഭര്‍ത്താവിനെ വരുത്തിക്കോളൂ എല്ലാം ശരിയാകും’’. ജാസ്മിന്‍ അറിയിച്ചതിനെ തുടര്‍ന്ന് സലീം രണ്ടാഴ്ചത്തെ അവധിയെടുത്ത് നാട്ടിലത്തെി. വീണ്ടും എല്ലാം പഴയപടിതന്നെ ഒരു മാറ്റവുമില്ല. അപ്പോഴേക്കും നീണ്ട ആറു വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. സലീമിന്‍െറ വീട്ടില്‍നിന്ന് അവളെ ഒഴിവാക്കാനുള്ള സമ്മര്‍ദം ഏറിക്കൊണ്ടിരുന്നു. രണ്ടു വീട്ടുകാരും ഒരുമിച്ചിരുന്നു സംസാരിച്ചു. സലീമും ജാസ്മിനും തമ്മില്‍ ശാരീരികബന്ധം നടന്നിട്ടില്ല എന്നാതൊഴിച്ചാല്‍ അവര്‍ക്കിടയില്‍ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും ചര്‍ച്ച ചെയ്ത് വിവാഹമോചനം നേടാന്‍ തീരുമാനിച്ചു. അതനുസരിച്ചാണ് വക്കീലിനെ കണ്ടത്. വക്കീല്‍ പറഞ്ഞു: ‘‘നിങ്ങള്‍ തമ്മില്‍ ദാമ്പത്യബന്ധം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിവാഹമോചനത്തിന് കോടതി സമ്മതിക്കും.’’ ഈ കാര്യം കാണിച്ച് ചികിത്സിച്ച സൈക്യാട്രിസ്റ്റിന്‍െറ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ് അടുത്തദിവസം ഡോക്ടറെ കാണാന്‍ സലീം എത്തിയത്. വിവരങ്ങള്‍ കേട്ടശേഷം ഡോക്ടര്‍ പറഞ്ഞു: ‘‘ഇവള്‍ ഇതുവരെയും എന്നോട് മനസ്സ് തുറന്നിട്ടില്ല. ഇപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ വന്നിട്ടുണ്ട്. അവരെ ഒന്നു കാണിച്ചുനോക്കൂ. ലേഡി ഡോക്ടറായതുകൊണ്ട് ജാസ്മിന് കുറച്ചുകൂടി തുറന്നു സംസാരിക്കാന്‍ കഴിയുമായിരിക്കും.’’ അടുത്തദിവസം രണ്ടുപേരും ബന്ധുക്കളെയും കൂട്ടി ലേഡി ഡോക്ടറെ കാണാനത്തെി. പഴയ ഫയല്‍ മുഴുവനും വായിച്ചുനോക്കി. ജാസ്മിനെയും സലീമിനെയും വെവ്വേറെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അതിനുശേഷം എല്ലാവരെയും ഒരുമിച്ച് വിളിച്ച് ഡോക്ടര്‍ പറഞ്ഞു: ‘‘ഇവള്‍ക്ക് ശാരീരികമായി യാതൊരു പ്രശ്നവുമില്ല. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴുള്ള ഭയം ഒരു മാനസിക പ്രശ്നമാണ്. അത് കൃത്യമായ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും മാറിക്കൊള്ളും. ഇതിന് വിവാഹമോചനം അല്ല, ശരിയായ ചികിത്സയാണ് ആവശ്യം.’’ ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് എന്‍െറ സ്റ്റുഡന്‍റായിരുന്ന ലേഡി ഡോക്ടര്‍ ഇത്തരം കേസുകള്‍ ചികിത്സിച്ചു മാറ്റുന്നതില്‍ എന്നെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ജാസ്മിനെ അവര്‍ എന്‍െറ അടുത്തേക്ക് അയച്ചത്. അന്നുതന്നെ ജാസ്മിനും സലീമും ബന്ധുക്കളുമൊക്കെയായി പത്തുപതിനഞ്ചു പേരുടെ അകമ്പടിയോടെ എന്നെ കാണാനത്തെി. വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം ഞാന്‍ പറഞ്ഞു: ‘‘ഈ പ്രശ്നം പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. അതിന് മൂന്നാഴ്ചത്തെ സമയം വേണം. നിങ്ങള്‍ ഇരുവരും ആശുപത്രിയില്‍ അഡ്മിറ്റാകണം. അപ്പോഴാണ് സലീം പറഞ്ഞത്. ‘‘ഞാന്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞു. എന്‍െറ ലീവ് തീര്‍ന്നു. അടുത്താഴ്ച ജോയിന്‍ ചെയ്തില്ളെങ്കില്‍ എന്‍െറ ജോലി നഷ്ടപ്പെടും.’’ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായെങ്കിലും ഇവര്‍ ഒന്നിച്ചു താമസിച്ചിരുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം. അതിനിയില്‍ ബന്ധത്തിനുള്ള സമയം വളരെ പരിമിതമായിരുന്നു. ചികിത്സ ഇനിയും നീട്ടിവെച്ചാല്‍ ഒരു വര്‍ഷത്തിനുശേഷമേ അത് സാധിക്കൂ. ജോലിയുടെ പേരില്‍ ഈ ചികിത്സ വൈകിക്കുന്നതില്‍ അര്‍ഥമില്ളെന്ന് വീട്ടുകാര്‍ക്കും ബോധ്യപ്പെട്ടു. സലീം ഗള്‍ഫിലെ ജോലി ഉപേക്ഷിക്കാന്‍ തയാറായി. അടുത്ത തിങ്കളാഴ്ചതന്നെ ചികിത്സക്കത്തെി. ഒരാഴ്ചയിലെ ചികിത്സയിലൂടെ ഇരുവരുടെയും ഉത്കണ്ഠയും ടെന്‍ഷനുമൊക്കെ മാറ്റാന്‍ കഴിഞ്ഞു. രണ്ടാമത്തെ ആഴ്ച ആയപ്പോഴേക്കും ജാസ്മിന്‍െറ ഭയം മാറി. മൂന്നാമത്തെ ആഴ്ചയില്‍ അവരുടെ ദാമ്പത്യം വിജയകരമായി. മൂന്നാഴ്ച തികയുന്നതിനു മുമ്പേതന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ചിട്ടയായ സെക്സ് തെറാപ്പിയിലൂടെ അവരുടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞയാഴ്ച മറ്റൊരു ആവശ്യത്തിനുവേണ്ടി എറണാകുളത്ത് എത്തിയപ്പോഴാണ് സലീമും ജാസ്മിനും കുട്ടികളെയും കൂട്ടി എന്നെ കാണാന്‍ എത്തിയത്. ഇപ്പോള്‍ ജാസ്മിന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.
നമ്മുടെ നാട്ടില്‍ വിവാഹമോചനങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ പലതും ശരിയായ ചികിത്സയിലുടെ പരിഹരിക്കാന്‍ കഴിയുന്നതായിരിക്കും. ഭാര്യക്കും ഭര്‍ത്താവിനും ഒന്നിച്ച് ജീവിക്കാന്‍ വേണ്ടത്ര സമയം കിട്ടാത്തതും പല ഗള്‍ഫുകാരുടെയും ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാണ്. വിവാഹമോചനത്തിന് എടുത്തുചാടുന്നതിനുമുമ്പ് മിക്ക ലൈംഗിക പ്രശ്നങ്ങളും ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയുന്നതാണ് എന്ന് മനസ്സിലാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story