24 മണിക്കൂർ, 10,000 ബുക്കിങ്; ഇത് ഹാരിയർ.ഇ.വി യുഗം
text_fieldsന്യൂഡൽഹി: ടാറ്റ മോട്ടോർസ് ഏറെ അഭിമാനപൂർവം ഇന്ത്യയിൽ അവതരിപ്പിച്ച ഇലക്ട്രിക് ഫോർ-വീൽ വാഹനമായ ഹാരിയർ.ഇ.വി 24 മണിക്കൂർ കൊണ്ട് നേടിയത് 10,000 ബുക്കിങ്ങുകൾ. ജൂൺ ആറിനാണ് ഹരിയാർ.ഇ.വി ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ജൂലൈ 2 മുതൽ ബുക്കിങ് ആരംഭിക്കുമെന്ന് ടാറ്റ മോട്ടോർസ് അറിയിച്ചിരുന്നു. ജൂലൈ 2ന് ആരംഭിച്ച ബുക്കിങ് 24 മണിക്കൂർ പൂർത്തിയാക്കിയപ്പോൾ 10,000 ഓർഡറുകൾ ലഭിച്ചതായി ടാറ്റ അറിയിച്ചു. വാഹനത്തിന്റെ നിർമ്മാണം നേരത്തെ തന്നെ ആരംഭിച്ചതിനാൽ ഈ മാസം തന്നെ വിതരണം നടത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഫോർ-വീൽ, ക്വാഡ്-വീൽ ഡ്രൈവ് വാഹനമാണ് ടാറ്റ ഹാരിയർ.ഇ.വി. വാഹനത്തിന്റെ ബാറ്ററിക്ക് കമ്പനി ലൈഫ് ടൈം വാറന്റിയാണ് നൽകുന്നത്. 65kWh റിയർ-വീൽ ഡ്രൈവ്, 75kWh ഡ്യൂവൽ-മോട്ടോർ ഡ്രൈവ് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഹാരിയർ.ഇ.വിയുടെ കരുത്ത്. 65kWh റിയർ-വീൽ ഡ്രൈവ് യഥാക്രമം 238 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും. 75kWh ഡ്യൂവൽ-മോട്ടോർ ഡ്രൈവ് 313 ബി.എച്ച്.പി പവറും 504 എൻ.എം ഇൻസ്റ്റന്റ് ടോർക്കും ഉത്പാദിപ്പിക്കും.
സുരക്ഷക്ക് മുൻഗണന നൽകി നിർമ്മിച്ച വാഹനമായതിനാൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി കാമറ, ഡാഷ് കാമറ, ബ്ലൈൻഡ് സ്പോട് മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സംവിധാനവും വാഹനത്തിലുണ്ട്.
ക്രാഷ് ടെസ്റ്റിലും തിളങ്ങി ഹാരിയർ.ഇ.വി
ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിലും തിളങ്ങിയതോടെ ടാറ്റ ഹാരിയർ.ഇ.വിക്ക് വിപണിയിൽ ആരാധകർ കൂടി. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ അഞ്ച് സ്റ്റാർ സ്വന്തമാക്കാൻ ഹാരിയർ.ഇ.വിക്ക് സാധിച്ചു. മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിന്റും നേടിയാണ് ഹാരിയർ.ഇ.വി അഞ്ച് സ്റ്റാർ സുരക്ഷ സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.