സഡൻ ബ്രേക്കിങ് വേണ്ട
text_fieldsവെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്. ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹസാർഡസ് വാണിങ് ലാമ്പ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക. മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കി ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് തടയും.
മഴക്കാലത്ത് പാർക്കിങ്, മരങ്ങളുടെ സമീപമോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ ആകാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവന്നാൽ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്ക്കുകയാണെങ്കില് ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയില്‍നിന്നിറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ച ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ എ.സി ഓഫ് ചെയ്യുന്നതാണ് നല്ലത്.
മഴക്കാലത്ത് പൊതുവേ ട്രാഫിക് ബ്ലോക്ക് കൂടും എന്നതിനാൽ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക. പാർക്ക് ചെയ്ത വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവിസ് സെന്ററില്‍ അറിയിക്കുക. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളുടെയും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെയും ക്ഷമത ഉറപ്പു വരുത്തുക.
ശക്തമായ മഴ മുന്നറിയിപ്പുള്ളപ്പോള്‍, പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമൊക്കെ പൊടുന്നനെ സംഭവിക്കുന്ന മലയോര മേഖലകളിലൂടെയാണ് യാത്രയെങ്കില്‍ പ്രത്യേകിച്ചും. രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിക്കുന്നതാണ് സുരക്ഷിതം.
രാത്രി മാത്രമല്ല പകൽ സമയത്തും പൊലീസിനെയോ കാമറകളെയോ ഭയന്ന് മാത്രം സീറ്റ് ബെൽറ്റ് ഇടുന്നവരാണ് നിങ്ങളെങ്കിൽ അത് മാറ്റി സുരക്ഷിതരായി തുടരേണ്ടത് അവനവന്റെ ജീവന്റെ പ്രശ്നമാണെന്ന് സ്വയം മനസ്സിലാക്കി മാറി ചിന്തിക്കുക. സീറ്റ് ബെൽറ്റ് വാഹനത്തിൽ കയറിയാലുടൻ തന്നെ ഇടുന്നത് ശീലമാക്കിയാൽ മടി ഒഴിവാക്കാവുന്നതേയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.