ചൈനയിൽ അടിപതറിയ ടെസ്‌ലക്ക് യൂറോപ്പിലും രക്ഷയില്ല; കാർ വിപണി തൂത്തുവാരി ബി.വൈ.ഡി
text_fieldsടെസ്‌ല, ബി.വൈ.ഡി കാറുകൾ
യൂറോപ്യൻ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന വിപണിയിൽ വിൽപ്പന വർധിപ്പിച്ച് ചൈനീസ് വാഹനനിർമാതാക്കളായ ബി.വൈ.ഡി. 2025 ജൂലൈ മാസത്തിൽ മാത്രം യു.കെയിലും മറ്റ് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ മാർക്കറ്റിലുമായി 13,503 കാറുകളാണ് ബി.വൈ.ഡി നിരത്തുകളിൽ എത്തിച്ചത്. ഇത് മുൻവർഷത്തെ ജൂലൈ മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 225 ശതമാനത്തിന്റെ അധിക വിൽപ്പനയെന്ന നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചു.
അമേരിക്കൻ വാഹനഭീമന്മാരായ ടെസ്‌ലക്ക് ജൂലൈ മാസത്തിൽ 8,837 യൂനിറ്റ് വാഹനങ്ങൾ മാത്രമേ വിൽപ്പന നടത്താൻ സാധിച്ചൊള്ളു. ഇത് മുൻ വർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
കാർ വിപണിയിലെ മാറ്റങ്ങൾ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല മോട്ടോർസ് യൂറോപ്യൻ വിപണിയിൽ തുടർച്ചയായ ഏഴാം മാസമാണ് കാർ വിൽപ്പനയിൽ തകർച്ച നേരിടുന്നത്. യൂറോപ്യൻ യൂനിയൻ സബ്‌സിഡി വിരുദ്ധ നിയമങ്ങൾ പ്രകാരം കാറുകൾക്ക് 27 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നതിനാൽ ബി.വൈ.ഡിയുടെ വളർച്ച ശ്രദ്ധേയമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വിൽപ്പന നടത്താനും ബി.വൈ.ഡിക്ക് സാധിച്ചതിനാൽ യൂറോപ്യൻ വിപണി തൂത്തുവാരാൻ ചൈനീസ് നിർമാണ കമ്പനിക്ക് സാധിച്ചു.
യൂറോപ്യൻ യൂനിയനിലെ പ്രധാന രാജ്യമായ സ്പെയിനിൽ മാത്രം ജൂലൈ മാസത്തിൽ 2,158 യൂനിറ്റ് വാഹനങ്ങൾ വിൽപ്പന നടത്താൻ ബി.വൈ.ഡിക്ക് സാധിച്ചു. ഇത് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് മടങ് അധിക വിൽപ്പന നടത്തി നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ യു.കെയിൽ 3,184 യൂനിറ്റ് വാഹനങ്ങളും ബി.വൈ.ഡി വിറ്റു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ നാല് മടങ് അധിക നേട്ടത്തിലേക്കെത്താൻ സാധിച്ചിട്ടുണ്ട്. മൊത്തം വിൽപ്പനയിൽ 390 ശതമാനത്തിന്റെ അധിക നേട്ടം ജർമനിയിൽ കൈവരിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം ജർമനിയിൽ ടെസ്‌ലയുടെ വിൽപ്പനയിൽ 58 ശതമാനത്തിന്റെ ഇടിവ് നേരിടേണ്ടിവന്നു. ജൂലൈ മാസത്തിൽ 1,100 വാഹങ്ങൾ മാത്രമേ വിൽപ്പന നടത്താൻ ടെസ്‌ലക്ക് സാധിച്ചൊള്ളു.
ചൈനീസ് നിർമാതാക്കളായ ബി.വൈ.ഡി അവരുടെ ഓട്ടോമോട്ടീവ് വ്യവസായം യൂറോപ്പിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്. 2024ന്റെ തുടക്കത്തിൽ 2.7 ശതമാനമായിരുന്ന വിപണി വിഹിതം 2025ന്റെ തുടക്കത്തിൽ 5.1 ശതമാനമായി ഉയർത്താൻ കമ്പനിക്ക് കഴിഞ്ഞു. ഡെൻമാർക്ക്, നോർവേ, സ്പെയിൻ, സ്വീഡൻ, പോർച്ചുഗൽ തുടങ്ങിയ വിപണികളിലെല്ലാം ജൂലൈ മാസത്തിൽ ഇരട്ട സംഖ്യ വളർച്ച കൈവരിച്ചെങ്കിലും ടെസ്‌ലക്ക് മൊത്തം വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.