പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം മലീനീകരണം നിയന്ത്രിക്കുക
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും അവയുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്‌ട്രേഷൻ നിരക്കുകൾ കുത്തനെകൂട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിലാണ് പുതിയ നിരക്കുകൾ വർധിപ്പിക്കുന്ന ഉത്തരവുള്ളത്.
20 വർഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ പുതുക്കൽ ഫീസ് 1,000 രൂപയിൽ നിന്നും 2,000 രൂപയും, മുച്ചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും ഉയർത്തി. കൂടാതെ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പുതുക്കൽ ചെലവ് 10,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആദ്യം ഇത് 5,000 രൂപയായിരുന്നു.
ആഭ്യന്തര വാഹനനിർമാതാക്കളെ കൂടാതെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും കുത്തനെ വർധിപ്പിച്ച നിരക്ക് ബാധകമാകും. ഇറക്കുമതി ചെയ്യുന്ന പഴയ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുതുക്കൽ 10,000 രൂപയിൽ നിന്നും 20,000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 40,000 രൂപയിൽ നിന്നും 80,000 രൂപയാക്കി ഉയർത്തി.
ഈ വർഷം ഫെബ്രുവരിയിൽ പുതിയ രജിസ്‌ട്രേഷൻ നയവുമായി ബന്ധപ്പെട്ട് ഒരു കരട് നിർദ്ദേശം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. കേന്ദ്ര സർക്കാർ തലസ്ഥാനത്തും ഇതര പ്രദേശങ്ങളിലും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരത്തുകളിൽ ഇറക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ സുപ്രീം കോടതി താൽക്കാലിക സ്റ്റേ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടി. രാജ്യത്തുടനീളം ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.