ജൂലൈയിൽ വാഹന വിൽപനയിൽ ഇടിവ്; ആവശ്യക്കാർ കൂടിയത് ട്രാക്ടറിന് മാത്രം!
text_fieldsന്യൂഡൽഹി: ജൂലൈയിൽ ഇന്ത്യയിലെ യാത്രാ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ റീട്ടെയിൽ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 4.31 ശതമാനം കുറഞ്ഞ് 1.96 ദശലക്ഷം യൂണിറ്റായി. ഉപഭോക്തൃ ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വാണിജ്യ വാഹന വിൽപനയിൽ മാറ്റമൊന്നുമില്ലെങ്കിലും, യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ചില്ലറ വിൽപ്പനയിൽ ഈ മാസം കുറവുണ്ടായി. രാജ്യത്ത് കൂടുതൽ മഴ ലഭിക്കുകയും വിളയിറക്കുകയും ചെയ്തതോടെ ട്രാക്ടർ വിൽപന മാത്രം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡീലർമാരുടെ ലോബി ഗ്രൂപ്പായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്.എ.ഡി.എ) സമാഹരിച്ച ഡേറ്റ പ്രകാരം, 2024 ജൂലൈയിൽ വിവിധ വിഭാഗങ്ങളിലായി ഏകദേശം 20 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ പോർട്ടലിൽ നിന്നാണ് എഫ്.എ.ഡി.എ ഡേറ്റ ശേഖരിച്ചത്.
ഈ വർഷം ജൂലൈയിൽ ഇരുചക്ര വാഹന വിൽപന 6.5 ശതമാനം ഇടിഞ്ഞ് 1.36 ദശലക്ഷം യൂണിറ്റിലെത്തിയപ്പോൾ, പാസഞ്ചർ വാഹനങ്ങളുടെ വിൽപന 1 ശതമാനം കുറഞ്ഞ് 328,613 യൂണിറ്റായി. കഴിഞ്ഞമാസം വാണിജ്യ വാഹന വിൽപന 76,439 യൂണിറ്റായി മാറ്റമില്ലാതെ തുടർന്നു. എന്നാൽ മുച്ചക്ര വാഹന വിൽപന 0.8 ശതമാനം വർധിച്ച് 1,11,426 യൂണിറ്റായെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.