ഡോ. ഓഫ്റോഡ് ഓൺ വീൽസ്
text_fieldsടാറ്റ ഹാരിയർ ഇ.വിയുടെ പരസ്യ ചിത്രീകരണത്തിനായി വാഗമൺ ആനപ്പാറയിലേക്ക് ഓടിച്ചുകയറ്റി വൈറലായ ഡോ. വി.പി. മുഹമ്മദ് ഫഹദ് 2024ലെ റെയിൻഫോറസ്റ്റ് ചലഞ്ച് േജതാവു കൂടിയാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ക്ലിനിക്കിലെ ആയുർവേദ ഡോക്ടറായ ഫഹദ് തന്റെ പാഷനെ ജോലിക്കൊപ്പവും വിടാതെ ട്രാക്കിലാക്കിയിരിക്കുകയാണ്.
‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ നിർത്തിയിട്ട, േജ്യഷ്ഠന്റെ ബൈക്ക് ആരും കാണാതെ വീടിനടുത്തുള്ള കുന്നിൻ മുകളിലേക്ക് ഉന്തിക്കയറ്റും. പിന്നെ അതിൽ ചാടിക്കയറി താഴേക്കു വരും. വീട്ടിൽ ബാപ്പ നിർത്തിയിട്ടു പോവുന്ന പഴയ ജീപ്പെടുത്ത് മുറ്റത്തും പറമ്പിലും വട്ടംചുറ്റും. ഏത് വണ്ടി കണ്ടാലും ഒന്നു കയറി നോക്കി ഓടിക്കാൻ വെമ്പൽകൊള്ളും’’ ശരാശരി ‘വണ്ടിഭ്രാന്ത’നായ ഒരു കുട്ടിയുടെ ചെറുപ്പത്തിലെ ജീവിത അനുഭവങ്ങൾ ഇങ്ങനെയൊക്കെ തന്നെയാവും. എന്നാൽ, തന്റെ പഠനവഴിക്കൊപ്പം ആ വണ്ടിഭ്രാന്ത് ഒരു പാഷനായി എടുത്ത് അതിലൊരു വിജയ കഥ തീർത്തവർ ചുരുക്കമായിരിക്കും. അത്തരമൊരു വണ്ടി ‘ഭ്രാന്ത’നായ ആയുവേദ ഡോക്ടറുടെ കുട്ടിക്കാലത്തെ അനുഭവമാണ് മുകളിൽ പങ്കുവെച്ചത്. കഴിഞ്ഞവർഷം ഗോവയിൽ നടന്ന ഇന്ത്യയിലെതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഓഫ്റോഡ് ഇവന്റായ ‘റെയിൻഫോറസ്റ്റ് ചലഞ്ച്’ (ആർ.എഫ്.സി) ജേതാവായ മലപ്പുറംകാരനാണ് ആ ഡോക്ടർ. കഴിഞ്ഞ ജൂണിൽ ടാറ്റ ഹാരിയർ ഇ.വിയുടെ പരസ്യത്തിനായി വാഗമണിലെ തങ്ങൾപാറയിലേക്ക് വണ്ടി ഓടിച്ചുകയറ്റി വൈറലായ താരംകൂടിയാണ് പെരിന്തൽമണ്ണ സ്വദേശിയായ ഡോ. ഫഹദ്. ടാറ്റയുടെ പരസ്യ ചിത്രീകരണമാണെങ്കിലും 35 ഡിഗ്രിയിലധികം ചരിഞ്ഞ മലയിൽ വാഹനം ‘ശരിക്കും’ ഓടിച്ചു കയറ്റിയാണ് ഫഹദ് വെല്ലുവിളി അതിജീവിച്ച് കൈയടി നേടിയത്.
റെയിൻഫോറസ്റ്റ് ചലഞ്ചിലെ ആദ്യ മലയാളി ചാമ്പ്യൻ
കഴിഞ്ഞ വർഷത്തെ റെയിൻഫോറസ്റ്റ് ചലഞ്ചിലെ ജേതാവെന്ന നിലക്കാണ് ടാറ്റ ഫഹദിനെ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. റെയിൻഫോറസ്റ്റ് ചലഞ്ചിൽ ഒാവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ ആദ്യത്തെ മലയാളിയാണ് ഫഹദ്. ഒരാഴ്ച നീണ്ട കടുത്ത മത്സരത്തിനൊടുവിൽ സഹ ഡ്രൈവർ രാജീവ് ലാലുമൊത്താണ് ഫഹദ് ജേതാവായത്. കടുപ്പം നിറഞ്ഞ 26 ഘട്ടങ്ങളിലെ മത്സരത്തിൽ 2600ൽ 2165 പോയന്റ് നേടിയാണ് ഫഹദ് വിജയലക്ഷ്യം പൂർത്തിയാക്കിയത്.
മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചലഞ്ചിന്റെ ഇന്ത്യൻ ചാപ്റ്ററാണ് ഗോവയിൽ നടന്നത്. ലോകത്തിലെതന്നെ കടുപ്പമേറിയതും ഓഫ്റോഡ് റേസുകളിൽ ഇടംനേടിയതും മുപ്പതിലധികം രാജ്യങ്ങളിൽ പ്രാദേശിക ചാപ്റ്ററുകളുള്ളതുമാണ് റെയിൻഫോറസ്റ്റ് ചലഞ്ച്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര ഓഫ്റോഡ് മോട്ടോർ സ്പോർട്ട് മത്സരമാണിത്.
തന്റെ നാലാമത്തെ ശ്രമത്തിൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഓഫ്റോഡ് മോട്ടോർ സ്പോർട്ട് ട്രോഫി നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഫഹദ് പറയുന്നു. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ആർ.എഫ്.സി ഇന്ത്യ രാജ്യത്തെ ഏറ്റവും ദുഷ്കരമായ ഓഫ് റോഡിങ് ഇവന്റാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് മത്സരത്തിലുടനീളം സ്ഥിരത പുലർത്തേണ്ടതുണ്ട്. ഓരോ വെല്ലുവിളിയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ കൊണ്ടുവരാൻ മനസ്സിനെ പാകമാക്കിയാണ് മത്സരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു.
‘ആനപ്പാറ’ കീഴടക്കിയ മല്ലു ഡ്രൈവർ
കഴിഞ്ഞ ജൂൺ ആദ്യവാരമാണ് ഹാരിയർ ഇ.വി ടാറ്റ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ പരസ്യ ചിത്രീകരണം സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. വാഗമണ്ണിലെ തങ്ങൾപാറയിലേക്ക് (ആനപ്പാറ) ഹാരിയർ ഇ.വി പാഞ്ഞുകയറിയ ദൃശ്യങ്ങളായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. ഹാരിയർ ഇ.വിയുടെ ഓഫ്റോഡ് ശേഷി തെളിയിക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഫഹദ് ആയിരുന്നു ഈ സാഹസിക ദൗത്യത്തിൽ ഹാരിയർ ഇ.വിയുടെ വളയം പിടിച്ചത്.
കർണാടകയിലാണ് ആദ്യം വിഡിയോ ചിത്രീകരണം പറഞ്ഞിരുന്നത്. എന്നാൽ, അവിടെ കണ്ടെത്തിയ കുന്നിന് ചെരിവ് കുറവാണെന്ന കാരണത്താലാണ് കേരളത്തിലെ തങ്ങൾപാറയിലേക്ക് എത്തുന്നത്. റെയിൻഫോറസ്റ്റ് ചലഞ്ച് ജേതാവായ തന്റെ പേരാണ് ഈ മേഖലയിലുള്ളവർ പരസ്യചിത്രീകരണം ഏറ്റെടുത്ത കമ്പനിക്ക് നിർദേശിച്ചത്. അൽപം കടുപ്പമേറിയ ടാസ്കാണെങ്കിലും മികച്ച ഒരവസരമായാണ് അതിനെ കണ്ടത്.
ചിത്രീകരണത്തിനിടെ ചില വെല്ലുവിളികളും ഉണ്ടായിരുന്നു. മൂന്നാമത്തെ ക്ലൈമ്പിന് സാധാരണ 34 ഡിഗ്രി ചരിവാണ് ഉണ്ടായിരുന്നത്. എന്നാൽ കയറിപ്പോയപ്പോൾ ചില സ്ഥലങ്ങളിൽ ഇത് 38 ഡിഗ്രി വരെയായി. എന്നാൽ ട്രാക്ഷൻ കൺട്രോൾ മികച്ച രീതിയിൽ പ്രവർത്തിച്ചത് ഗുണമായി. വിജയകരമായി മുകളിലെത്തിയശേഷം, റിവേഴ്സ് എടുത്തിട്ടായിരുന്നു വാഹനം ആദ്യം തിരിച്ചിറക്കിയത്. എന്നാൽ അത് അബദ്ധമായി. മൂന്ന് മീറ്ററോളം കൺട്രോൾ നഷ്ടമായി താഴേക്ക് വാഹനം നീങ്ങി. എന്നാൽ വണ്ടി ഗ്രിപ് ചെയ്ത് നിന്നു. പിന്നീടാണ് വാഹനം മുന്നോട്ട് തന്നെ ഇറക്കിയതെന്നും ഫഹദ് പറഞ്ഞു.
പാഷൻ വിടാതെ മുന്നോട്ട്
2013 മുതൽ 2015 വരെ ഫൺ ഡ്രൈവിങ്ങുകളിൽ സജീവമായിരുന്നു. പെരിന്തൽമണ്ണയിലെ ‘മഡ് ഫൈറ്റേഴ്സ്’ ആണ് ഫഹദിന്റെ ആദ്യ ക്ലബ്. പഠനസമയം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫഹദ് ഓഫ്റോഡ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തുടക്ക സമയത്ത് മിക്ക മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ പിന്മാറിയ സാഹചര്യവും ഉണ്ടായി. എന്നാലും പാഷൻ വിടാതെ ഫഹദ് മുന്നോട്ടുള്ള ട്രാക്കിൽ നീങ്ങി.
അപ്രതീക്ഷിതമായാണ് ഫഹദ് ഓഫ്ട്രാക്കിലേക്ക് കടന്നുവരുന്നത്. മെഡിക്കൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് കോതമംഗലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളജിലെ അധ്യാപകനായ ഡോ. ഷിബു വര്ഗീസ് 2015ൽ കോളജിലെ ഓണാഘോഷത്തോടനുബന്ധിച്ച് ഭൂതത്താൻകെട്ടിൽ 4*4 ചലഞ്ച് ഓഫ്റോഡ് മഡ് റേസ് സംഘടിപ്പിക്കാമോ എന്ന് ചോദിക്കുന്നത്.
ഓഫ്റോഡ് മത്സരത്തെക്കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നെങ്കിലും രണ്ടും കൽപിച്ച് മുന്നോട്ടുപോവാനായിരുന്നു തീരുമാനം. തുടർന്ന് കോതമംഗലത്തുള്ള ഓഫ്റോഡ് റേസ് മേഖലയിലുള്ള സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. അവർ പിന്തുണച്ചതോടെയാണ് മത്സരം നടത്താൻ തീരുമാനിച്ചത്. ഓഫ്റോഡ് മത്സരരംഗത്ത് പരിചയമുള്ള ചിലരുടെ സഹായത്തോടെ ട്രാക്കിട്ടു. എല്ലാ മുന്നൊരുക്കങ്ങൾക്കും ഫഹദ് ചുക്കാൻ പിടിച്ചു.
ആ ട്രാക്കിലൂടെ ഥാർ ഓടിച്ചാണ് ആദ്യമായി ഓഫ്റോഡ് മത്സര പരിശീലനം നേടുന്നത്. സംഘാടകനായതിനാൽ മത്സരിക്കാൻ സാധിച്ചില്ലെങ്കിലും നിരവധി ഡ്രൈവർമാരെയും മത്സരവും പരിചയപ്പെടാനായി. തുടർന്ന് 2016ലാണ് മത്സരരംഗത്ത് സജീവമാകുന്നത്. ട്രാക്കിൽ പതിയെ വിജയങ്ങൾ കൊയ്തു തുടങ്ങിയതോടെ ആത്മവിശ്വാസമായി. 2021 മുതൽ റെയിൻഫോറസ്റ്റ് ചലഞ്ചിൽ പങ്കെടുത്തത് ഓഫ് റേസ് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടവരുത്തി. 2024ൽ റെയിൻഫോറസ്റ്റ് ചലഞ്ചിൽ വിന്നറായി ചരിത്രംകുറിച്ചു.
കൂട്ടാണ്, കരുത്താണിവർ
നിരവധി വാഹനങ്ങൾ ഫഹദിന്റെ ഓഫ്റേസിന് കൂട്ടായി വന്നിട്ടുണ്ട്. റെയിൻഫോറസ്റ്റ് ചലഞ്ചിൽ ഉപയോഗിച്ചത് അവസാനം നിർമിച്ച ‘സ്ലോത്ത്’ എന്നു പേരിട്ട വാഹനമാണ്. ഫോര്ച്യൂണറിന്റെ എൻജിനും ഗിയര് ബോക്സുമാണ് ഈ വാഹനത്തിന്. ഇന്ത്യയിലെ തന്നെ പ്രമുഖ ഓഫ്റോഡ് ബില്ഡറായ പഞ്ചാബിലെ സര്ബ്ലോഹ് മോട്ടോഴ്സാണ് സ്ലോത്തിന്റെ നിർമാതാക്കൾ. ഫഹദിന്റെ ആശയത്തിൽ നിർമിച്ചതാണ് വാഹനം. 2019 മുതൽ ‘കൊളോസസ്’ എന്ന പേരിട്ട ജീപ്പായിരുന്നു ഉപയോഗിച്ചത്. സി.ജെ. 500 ജീപ്പിൽ ഓഫ് റോഡിങ്ങിനു വേണ്ട മോഡിഫിക്കേഷനുകൾ വരുത്തി ആ കരുത്തിനെയാണ് കൊളോസസിലേക്ക് ആവാഹിച്ചത്. സംസ്ഥാനത്തെ മിക്ക ഓഫ്റോഡ് മത്സരത്തിലും ഈ വാഹനമായിരുന്നു ഫഹദിനൊപ്പം സഞ്ചരിച്ചത്.
‘ഓഫി’ലും സേവനം തുടരും
ഓഫ്റോഡ് റേസിലെ തിരക്കുകൾക്കിടയിലും തന്റെ ഡോക്ടർ ജോലിയും ഫഹദ് നന്നായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. പീഡിയാട്രിക്സിൽ മംഗലാപുരത്താണ് പി.ജി ചെയ്തത്. കോതമംഗലം സ്വദേശിയും ആയുർവേദ ഡോക്ടറുമായ ഡോ. കെ.ജെ. നെസ്നിനാണ് ഭാര്യ. നിലവിൽ പെരിന്തൽമണ്ണയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. നേരത്തേ മലപ്പുറം ജില്ല ആയുര്വേദ ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിലായിരുന്നു. ഐഗുല് ഇറം, അബ്ദുൽ അഹദ് മദാരി എന്നിവർ മക്കളാണ്. അരക്കുപറമ്പ് പൂത്തൂർ വലിയ പീടിയേക്കൽ പരേതനായ മുഹമ്മദ് കുട്ടിഹാജിയാണ് പിതാവ്. മാതാവ് ഖദീജ. .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.