ഇലക്ട്രിക് ഹെവി ഡ്യൂട്ടി ട്രക്കുകൾ; സംശയം പ്രകടിപ്പിച്ച് ബിൽ ഗേറ്റ്സ്, 2026ൽ നിരത്തുകളിൽ എത്തുമെന്ന് ഇലോൺ മസ്ക്
text_fieldsബിൽ ഗേറ്റ്സ്, ഇലോൺ മസ്‌ക്
വാഷിങ്ടൺ: വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഇലക്ട്രിക് ഹെവി ഡ്യൂട്ടി ട്രക്കുകളെ കുറിച്ച് വർഷങ്ങളായി വ്യവസായ പ്രമുഖർക്കിടയിൽ ചർച്ചകൾ നടക്കുകയാണ്. പൂർണമായും ഇലക്ട്രിക് വകഭേദത്തിലെത്തുന്ന 18 ടയറുകളുള്ള ട്രക്കുകളുടെ പ്രയോഗികതയെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗ്രേറ്റസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണ ആത്മവിശ്വാസത്തോടെയാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ടെസ്‌ല പുറത്തിറക്കുന്ന 'ടെസ്‌ല സെമി' ട്രക്കുകൾ പ്രായോഗികം മാത്രമല്ല, ഇലക്ട്രിക് ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഭാവിയുമാണെന്ന് മസ്ക് പറഞ്ഞു.
ടെസ്‌ലയുടെ പൂർണ ഇലക്ട്രിക് സെമി ട്രക്കുകൾ അടുത്തവർഷം മുതൽ ഉത്പാദനം ആരംഭിക്കുകയും വർഷാവസാനം നിരത്തുകളിൽ എത്തിക്കാൻ സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. ഫോസിൽ ഇന്ധങ്ങളെ ആശ്രയിക്കുന്നത് കുറക്കുക വഴി വായു മലിനീകരണം കുറക്കാൻ ഇത്തരം വൈദ്യുത ട്രക്കുകളുടെ താൽപ്പര്യം ആഗോളതലത്തിൽ വർധിക്കുന്നുണ്ടെന്നുമാണ് മസ്കിന്റെ അവകാശവാദം. 2026 അവസാനത്തോടെ നിരത്തുകളിൽ എത്തുന്ന ടെസ്‌ല സെമി ട്രക്കിന്റെ വിപണി പ്രവേശനത്തിൽ ഏറെ പ്രതീക്ഷകളുമായാണ് ചരക്ക് ഗതാഗത മേഖല.
18 ടയറുകളുള്ള ഇലക്ട്രിക് ട്രക്കുകളെക്കുറിച്ച് ബിൽ ഗേറ്റ്സിന്റെ സംശയം
ഹെവി ചരക്ക് ട്രക്കുകളിൽ 18 ടയറുകളുള്ള വാഹനങ്ങൾക്ക് അടിസ്ഥാനപരമായി പരിമിതികൾ നേരിടേണ്ടി വരുമെന്നാണ് ബിൽ ഗേറ്റ്സ് വാദിക്കുന്നത്. ഹെവി ഡ്യൂട്ടി ദീർഘദൂര ട്രക്കുകളുടെ ബാറ്ററികൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വെല്ലുവിളികളാണ് ബിൽ ഗേറ്റ്സ് പ്രധാനമായും ഉയർത്തികാണിക്കുന്നത്. കൂടുതൽ ഭാരം വഹിച്ച് ദീർഘദൂര യാത്രകൾ നടത്തുമ്പോൾ ബാറ്ററിയുടെ കാര്യക്ഷമതയും പ്രായോഗികതയും കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഹെവി ചരക്ക് വാഹങ്ങൾ, ചരക്ക് കപ്പലുകൾ, പാസഞ്ചർ ജെറ്റുകൾ മുതലായവയുടെ വൈദ്യുതി വകഭേദം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബിൽ ഗേറ്റ്സ് വിശ്വസിക്കുന്നു.
ടെസ്‌ല സെമി ട്രക്കിനെക്കുറിച്ച് ഇലോൺ മസ്കിന്റെ ആത്മവിശ്വാസം
ഇലക്ട്രിക് വാഹനനിർമാണ മേഖലയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്ന അമേരിക്കൻ വാഹനനിർമാതാക്കളായ ടെസ്‌ല വലിയ പ്രതീക്ഷയോടെയാണ് ഓൾ-ഇലക്ട്രിക് സെമി ട്രക്കുകളെ കാണുന്നത്. 2026ൽ വൻതോതിൽ ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നാണ് മസ്‌ക് ഉറപ്പിച്ച് പറയുന്നത്. വാർഷിക അടിസ്ഥാനത്തിൽ 50,000 യൂനിറ്റുകൾ നിർമിക്കാനായി ഗിഗാഫാക്ടറിക്ക് സമീപം പ്രത്യേക ഉൽപ്പാദന കേന്ദ്രം നിർമ്മിച്ചതായും മസ്‌ക് കൂട്ടിച്ചേർത്തു.
ടെസ്‌ല സെമി ട്രക്കുകൾ ഒറ്റചാർജിൽ 500 മൈൽ (804 കിലോമീറ്റർ) റേഞ്ച്, ടോപ്-ടയർ ആക്‌സിലറേഷൻ, ഇൻസ്റ്റന്റ് ടോർക്ക് എന്നിവ വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം പരമ്പരാഗത ഡീസൽ ട്രക്കുകളിലേതിന് തുല്യമായ ഭാരം വഹിക്കാൻ സാധിക്കും. ചരക്ക് വാഹന മേഖലയിൽ അമേരിക്കയെ കൂടാതെ യൂറോപ്യൻ വിപണിയിലും മേധാവിത്വം ഉറപ്പിക്കാൻ ടെസ്‌ല ശ്രമിക്കുമെന്നും മസ്‌ക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.