13.75 കോടിയുടെ ഫെരാറി പ്യൂറോസങ് സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യം
text_fieldsകൊച്ചി: ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് ബെന്‍സ് ജി63 എ.എം.ജി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷേ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുള്ള നടൻ ഫഹദ് ഫാസിലിന്റെ ഗരേജിലേക്ക് പുതിയ ഒരു അതിഥി കൂടിയെത്തി. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫെരാറി പുറത്തിറക്കിയ ആദ്യ പെർഫോമൻസ് എസ്.യു.വി
പ്യൂറോസങ് ആണ് ഫഹദ് സ്വന്തമാക്കിയത്. 13.75 കോടിയോളം രൂപ വിലവരുന്ന ഈ പ്യൂറോസങ് കേരളത്തിൽ ആദ്യത്തേതാണ്.ബിയാന്‍കോ സെര്‍വിനോ ഫിനീഷിങ്ങിലാണ് ഫഹദ് സ്വന്തമാക്കിയ പ്യൂറോസങ് ഒരുങ്ങിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ ഗാര്‍ണിഷുകള്‍ ഉള്‍പ്പെടെയുള്ളവ ആക്‌സസറിയായി നല്‍കിയിട്ടുള്ളതാണ്. ഇരട്ട നിറങ്ങളിലാണ് ഈ വാഹനത്തിന്റെ അലോയി വീല്‍ ഒരുങ്ങിയിരിക്കുന്നത്.
സ്‌പോര്‍ട്‌സ് കാറുകള്‍ക്കിടയിലെ എസ്.യു.വി എന്നാണ് വിളിപ്പേരെങ്കിലും എഫ്.യു.വി എന്നാണ് ഫെരാറി പുറോസാംഗ്‌വേയെ വിശേഷിപ്പിക്കുന്നത്. ഫെരാറി യൂട്ടിലിറ്റി വെഹിക്കിള്‍, ഫോര്‍ ഡോര്‍ യൂട്ടിലിറ്റി വെഹിക്കിള്‍, ഫണ്‍ യൂട്ടിലിറ്റി വെഹിക്കിള്‍ എന്നൊക്കെയാണ് എഫ്.യു.വിയെക്കുറിച്ച് വാഹന പ്രേമികള്‍ നല്‍കുന്ന നിര്‍വചനങ്ങള്‍. എന്തായാലും 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള മോഡല്‍ ഫെറാറി പുറത്തിറക്കുന്നത് ഇതാദ്യമാണ്.
കരുത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. 6.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 725 പിഎസ് പവറും 716 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എഫ് 1 ഗിയര്‍ബോക്‌സ് എന്ന് അറിയപ്പെടുന്ന എട്ട് സ്പീഡ് വെറ്റ് ക്ലെച്ച് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 310 കിലോമീറ്ററാണ് പരമാവധി വേഗത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.