2.5കോടി രൂപ വിലയുള്ള ഫെരാരി കാർ, പത്ത് വർഷം കാത്തിരുന്ന് സ്വന്തമാക്കി; ഒരു മണിക്കൂറിനുള്ളിൽ നടുറോഡിൽ ചാരമായി
text_fieldsടോക്കിയോ: രണ്ടര കോടിയിലധികം വിലയുള്ള ഫെരാരിയുടെ 458 സ്പൈഡർ കാർ ഡെലിവറിയെടുത്ത് ഒരു മണിക്കൂറിനകം കത്തിനശിച്ചു. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറോളം ഓടിയപ്പോൾ പുക ഉയരുന്നത് കണ്ട് ഉടമ പുറത്തിറങ്ങിയ സമയത്താണ് തീ ആളിപടർന്നത്. ടോക്കിയോയിലെ മിനാറ്റോ എന്ന സ്ഥലത്ത് വെച്ചാണ് തീപിടിച്ചത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി അരമണിക്കൂറിനകം തീ അണച്ചുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. മ്യൂസിക് പ്രൊഡ്യൂസറായ 33കാരനായ ഹോങ്കോണാണ് വാഹനത്തിന്റെ ഉടമ. 2.5 കോടി രൂപയിലധികം വിലയുള്ള വാഹനം പത്ത് വർഷത്തിലേറെ കാത്തിരുന്നാണ് ഇദ്ദേഹം സ്വന്തമാക്കിയത്. കാറിന് തീപിടിച്ച വാർത്ത അദ്ദേഹം തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.
ജപ്പാനിൽ ഇത്തരമൊരു ദുരനുഭവം നേരിടുന്ന ഒരേയൊരു വ്യക്തി താനായിരിക്കുമെന്ന് കരുതുന്നതായി വാഹനത്തിന്റെ ഉടമയായ ഹോങ്കോൺ എക്‌സിൽ പോസ്റ്റിൽ പറഞ്ഞു.
പത്ത് വർഷത്തിലേറെയായുള്ള തന്റെ ആഗ്രഹം ഒരു നിമിഷം കൊണ്ട് കത്തിയമർന്ന ദുഖമാണ് അദ്ദേഹം പങ്കുവെച്ചത്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.