ആദ്യം സൂറത്തിൽ, ഇപ്പോൾ ചെന്നൈയിൽ; കേരളത്തിലെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വിൻഫാസ്റ്റ്
text_fieldsവിൻഫാസ്റ്റ് ചെന്നൈയിൽ തങ്ങളുടെ ഏറ്റവും വലിയ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു
ചെന്നൈ: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് മോട്ടോർസ് രാജ്യത്തെ അവരുടെ രണ്ടാമത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചു. ചെന്നൈയിലെ തെയ്‌നാംപേട്ടിലാണ് പുതിയ ഷോറൂം കമ്പനി ആരംഭിച്ചത്. ഗുജറാത്തിലെ സൂറത്തിൽ ജൂലൈ 27ന് പ്രവർത്തനമാരംഭിച്ച ഷോറൂം രാജ്യവ്യാപകമായി ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് വിൻഫാസ്റ്റിന്റെ പുതിയ ഷോറൂം ചെന്നൈയിൽ ആരംഭിച്ചത്.
ഇന്ത്യയിൽ 27 നഗരങ്ങളിലായി 35 ഷോറൂമുകൾ തുറക്കുമെന്ന് വിൻഫാസ്റ്റ് പ്രഖ്യാപിച്ചിരുന്നു. മാനസരോവർ മോട്ടോഴ്‌സുമായി പ്രവർത്തിച്ച് 4,700 ചതുരശ്ര അടി വിസ്‌തീർണമുള്ള ഷോറൂമാണ് ചെന്നൈയിലേത്. ചെന്നൈ പോലുള്ള ഒരു വ്യാവസായിക നഗരത്തിൽ വിൻഫാസ്റ്റ് മോട്ടോർസ് ഷോറൂം ആരംഭിക്കുന്നത് കമ്പനിക്ക് ഏറെ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് വിൻഫാസ്റ്റ് ഏഷ്യയുടെ സി.ഇ.ഒ ഫാം സാൻ ചൗ പറഞ്ഞു.
21,000 രൂപ അഡ്വാൻസ് നൽകി വിൻഫാസ്റ്റിന്റെ വി.എഫ് 6, വി.എഫ് 7 മോഡലുകളുടെ ബുക്കിങ് ജൂലൈ 15ന് കമ്പനി ആരംഭിച്ചിരുന്നു. കൂടാതെ തമിഴ്നാട്ടിലെ തൂത്തുകുടിയിൽ ആരംഭിക്കുന്ന നിർമാണ പ്ലാന്റ് ദക്ഷിണേന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിൻഫാസ്റ്റ് പ്രതീക്ഷിക്കുന്നത്. ബുക്കിങ് പൂർത്തീകരിച്ചവർക്ക് ആദ്യം ഡെലിവറി ചെയ്യുന്നത് ഇറക്കുമതി ചെയ്ത മോഡലുകളായിരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
വിൻഫാസ്റ്റ് വി.എഫ് 7
വിൻഫാസ്റ്റ് മോട്ടോഴ്സിന്റെ പ്രീമിയം സ്വീപ്പി, ക്രോസ്ഓവർ സെഗ്‌മെന്റിൽ വിപണിയിൽ എത്തുന്ന ഇലക്ട്രിക് വാഹനമാണ് വി.എഫ് 7. കമ്പനിയുടെ ആദ്യ അക്ഷരമായ വി ആകൃതിയിൽ ഒരു ഡി.ആർ.എൽ ലൈറ്റിങിൽ എൽ.ഇ.ഡി ഹെഡ്ലൈറ്റുകളാണ് മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകളോടൊപ്പം 12.9- ഇഞ്ച് ടച്ച്സ്ക്രീൻ, ഹെഡ്-അപ് ഡിസ്പ്ലേ, വയർലെസ്സ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, റിക്ലൈനബിൾ റിയർ സീറ്റ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഏഴ് എയർബാഗുകൾ എന്നിവ ഉൾവശത്തെ പ്രത്യേകതകളാണ്. കൂടാതെ 19 ഇഞ്ചിന്റെ അലോയ് വീലുകൾ, 190 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, 537 ലീറ്റർ ബൂട്ട് സ്പേസ് എന്നിവയും വി.എഫ് 7ന് ലഭിക്കുന്നു.
70.8kWh ബാറ്ററി പാക്കിൽ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് വി.എഫ് 7 വിപണിയിൽ എത്തുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവ് 204 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് 350 എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. ഫ്രണ്ട്-വീൽ ഡ്രൈവിന് ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ചും ഓൾ-വീൽ ഡ്രൈവിന് 431 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വിൻഫാസ്റ്റ് വി.എഫ് 6
വി.എഫ് 7 അപേക്ഷിച്ച് നീളം കുറഞ്ഞ ഒരു മിഡ്-സൈസ് എസ്.യു.വി ഇലക്ട്രിക് വാഹനമാണ് വി.എഫ് 6. വി.എഫ് 6ന്റെ പ്ലസ് വകഭേദമാകും ഇന്ത്യയിൽ എത്തുന്നത്. ഏകദേശം വി.എഫ് 7ന്റെ ഒട്ടുമിക്ക ഫീച്ചറുകളും വി.എഫ് 6ലും ലഭിക്കും. എന്നാൽ 18 ഇഞ്ചിന്റെ അലോയ്-വീൽ ടയറുകളും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും 423 ലീറ്റർ ബൂട്ട് സ്പേസുമാകും വി.എഫ് 6നു ലഭിക്കുക. 59.6kWh ബാറ്ററി പാക്കാണ് വി.എഫ് 6ന്റെ കരുത്ത്. ഇത് ഒറ്റ ചാർജിൽ 480 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.