കോളടിച്ചല്ലോ! ഇലക്ട്രിക് വിപണിയിലേക്കെത്തുന്നത് മൂന്ന് കമ്പനികളുടെ നാല് മോഡലുകൾ
text_fieldsന്യൂഡൽഹി: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനവിപണിയിൽ മൂന്നാം സ്ഥാനം ഇന്ത്യ ഇതിനോടകം നേടി കഴിഞ്ഞു. ഇന്ത്യൻ നിർമ്മിത വാഹനങ്ങളും വിദേശ വാഹനനിർമ്മാണ കമ്പനികളും ഇന്ത്യയിൽ വാഹന വിൽപ്പന വർധിപ്പിച്ചിട്ടുണ്ട്. നാല് വ്യത്യസ്ത കമ്പനികളുടെ അഞ്ച് മോഡലുകളാണ് ഈ മാസം ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്.
ഇന്ത്യൻ ഇരുചക്ര വാഹനനിർമ്മാതാക്കളായ 'ഹീറോ മോട്ടോകോർപ്' ഈയടുത്ത് പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറായ 'വിഡ വി.എക്സ് 2', ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വാഹനനിർമ്മാതാക്കളായ ടെസ്‌ലയുടെ 'മോഡൽ വൈ', ദക്ഷിണ കൊറിയൻ കമ്പനിയായ കിയ മോട്ടോഴ്സിന്റെ 'കാരൻസ് ക്ലാവിസ് ഇ.വി', വിയറ്റ്നാമീസ് ഇ.വി കമ്പനി വിൻഫാസ്റ്റ് ഇലക്ട്രികിന്റെ 'വി.എഫ് 6, വി.എഫ് 7' എന്നീ മോഡലുകളാണ് ജൂലൈ മാസത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ടെസ്‌ല, കിയ മോട്ടോർസ് എന്നീ കമ്പനികൾ ജൂലൈ 15 ന് രണ്ട് വാഹനങ്ങളുടെ വിപണിയിലേക്കുള്ള ഔദ്യോഗിക വരവറിയിക്കുന്നതോടൊപ്പം വിൻഫാസ്റ്റ് മോട്ടോഴ്സിന്റെ പ്രീ ബുക്കിങ്ങും ആരംഭിക്കും.
ടെസ്‌ല മോട്ടോർസ് - മോഡൽ വൈ
ജൂലൈ 15ന് ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ആദ്യത്തെ ഷോറൂം തുറക്കുന്നത്. ടെസ്‌ല മോട്ടോഴ്സിന്റെ 'മോഡൽ വൈ' ഇലക്ട്രിക് വാഹനമാകും ഇന്ത്യയിൽ അവതരിപ്പിക്കുക. രാജ്യത്ത് വാഹനനിർമ്മാണം ഇല്ലെന്ന് കമ്പനി നേരത്തെതന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന മോഡലാകും രാജ്യത്ത് വിൽപ്പന നടത്തുന്നത്. ചൈനയിൽ ടെസ്‌ല വലിയ തകർച്ച നേരിട്ടതിനാൽ അവിടെ നിർമ്മിച്ച മോഡലുകളാകും ഇന്ത്യയിൽ വിൽപ്പന നടത്തുന്നതെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്‌ലയുടെ രാജ്യത്തെ രണ്ടാമത്തെ ഷോറൂം ന്യൂഡൽഹിയിലാകും ആരംഭിക്കുന്നത്. ജൂലൈ അവസാനത്തോടെയാകും ഈ ഷോറൂം തുറക്കുക. റിയർ-വീൽ ഡ്രൈവ് ഓപ്ഷനിൽ ലഭിക്കുന്ന മോഡൽ വൈക്ക് ഏകദേശം 35 ലക്ഷംരൂപ അടിസ്ഥാനവിലയും 70 ശതമാനം അധിക ഇറക്കുമതി തീരുവയും നൽകേണ്ടിവരും.
വിൻഫാസ്റ്റ് ഇലക്ട്രിക്സ് - വി.എഫ് 6, വി.എഫ് 7
വിയറ്റ്നാമീസ് ഇലക്ട്രിക് ഭീമന്മാരായ വിൻഫാസ്റ്റ് മോട്ടോർസ് ജൂലൈ 15ന് അവരുടെ 'വി.എഫ് 6, വി.എഫ് 7' മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇറക്കുമതി ചെയ്യുന്ന വാഹനം പിന്നീട് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്വന്തം പ്ലാന്റിൽ നിർമ്മിക്കാനാണ് വിൻഫാസ്റ്റിന്റെ നീക്കം. ഇന്ത്യൻ ഓട്ടോമോട്ടീവ് കമ്പനിയായ 'മൈ ടി.വി.എസുമായി' സഹകരിച്ചിട്ടാണ് വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം. വാഹനത്തിന്റെ സർവീസുകൾ ചെയ്യുന്നത് മൈ ടി.വി.എസ് ആകും. കൂടാതെ ഇരു കമ്പനികളും ഒരുമിച്ചുകൊണ്ട് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകളാണ് വിൻഫാസ്റ്റ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
കിയ മോട്ടോർസ് - കാരൻസ് ക്ലാവിസ് ഇ.വി
ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമാണ് 'കാരൻസ് ക്ലാവിസ് ഇ.വി'. ഇത് കിയ കാരൻസിന്റെ അതെ മോഡലിൽ വരുന്ന ഇലക്ട്രിക് വാഹനമാണ്. എം.പി.വി സെഗ്‌മെന്റിൽ എത്തുന്ന ഈ വാഹനം ജൂലൈ 15ന് വിപണിയിലേക്കെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. കിയ കാരൻസിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാകും ക്ലാവിസ് ഇ.വി വിപണിയിലെത്തുന്നത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും വാഹനത്തിന് ഒറ്റ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.