കാർ വിൽപനയെന്ന വ്യാജേന പരസ്യം നൽകി തട്ടിപ്പ് സജീവം
text_fieldsതിരുവനന്തപുരം സ്വദേശിക്ക് ലഭിച്ച ഓൺലൈൻ പരസ്യം
മനാമ: ഓൺലൈനിൽ കാർ വിൽപനയെന്ന വ്യാജേന പരസ്യം നൽകി തട്ടിപ്പുനടത്തുന്ന സംഘം ബഹ്റൈനിൽ സജീവമാകുന്നതായി റിപ്പോർട്ട്. ഇരയായവരിൽ മലയാളികളടക്കമുള്ളവരുമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമ ആപ്പുകളിൽ കാണുന്ന പരസ്യം വഴി ബന്ധപ്പെടുന്നവരെ കാറിന്റെ വിലയും ചിത്രങ്ങളും കാണിച്ചാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. 1450 ദീനാറിന്റെ കാറിനായി ഡൗൺപേമെന്റ് 400 ദീനാറും മാസ തവണ 55 ദീനാറും നൽകാനാണ് സംഘം ആവശ്യപ്പെടുന്നതെന്ന് പരസ്യം കണ്ട് വിവരമന്വേഷിച്ച തിരുവനന്തപുരം സ്വദേശിയായ മലയാളി പറഞ്ഞു.
അദ്ദേഹം അനുഭവം വിവരിക്കുന്നതിങ്ങനെ: പ്രമുഖ സോഷ്യൽ മീഡിയ ആപ്പിൽ പരസ്യം കണ്ടാണ് ഞാൻ ഇവരുമായി ബന്ധപ്പെടുന്നത്. കൊറോള യാറിസ് കാറിനായിരുന്നു എന്റെ അന്വേഷണം. കാറ് നേരിട്ട് കാണിക്കാമെന്ന് പറഞ്ഞ സംഘം റിഫയിലെ ഒരു ലൊക്കേഷൻ വാട്സ്ആപ് വഴി അയച്ചുതന്നു. ലൊക്കേഷനിലെത്തിയെങ്കിലും അവരെ കാണാത്തതുകൊണ്ട് വിളിക്കാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.
വാട്സ് ആപ്പ് വഴി മാത്രമാണ് സംഘം ബന്ധപ്പെട്ടിരുന്നത്. സിമ്മിലേക്ക് നേരിട്ട് വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്തിരുന്നില്ല. അതോടെ സംഘം ബഹ്റൈനിൽ നിന്നല്ല കാര്യങ്ങൾ ഓപറേറ്റ് ചെയ്യുന്നതെന്ന ധാരണയിൽ ഞങ്ങളെത്തി. എന്നാൽ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മനാമയിലെ മറ്റൊരു ലൊക്കേഷനിലാണ് വണ്ടിയെന്ന് വാട്സ്ആപ് സന്ദേശം വഴി പറഞ്ഞു. മനാമയിലും അവരെ കാണാൻ പറ്റിയില്ല. ശേഷം ഹമലയിലേക്ക് ലൊക്കേഷൻ മാറ്റിതരുകയായിരുന്നു.
വാഹനത്തിന് ആവശ്യക്കാരുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരത്തിൽ ലൊക്കേഷൻ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. ശേഷം ഭാര്യയുടെ നമ്പറിൽ നിന്ന് അവരെ ബന്ധപ്പെടാൻ ശ്രമിച്ചത് വിജയം കണ്ടു. ഫോണെടുത്ത സംഘത്തിന്റെ സംസാരത്തിൽ അന്യ രാജ്യക്കാരാണെന്ന് വ്യക്തമായി. ആഫ്രിക്കൻ സ്വദേശികളാണ് സംഘത്തിലുള്ളതെന്നാണ് മനസ്സിലായത്. അതോടെ ഞങ്ങൾ ശ്രമത്തിൽനിന്ന് പിന്മാറുകയായിരുന്നു. അഡ്വാൻസ് തുക ആവശ്യപ്പെട്ട് ബെനഫിറ്റ് നമ്പർ സംഘം നേരത്തെ നൽകിയിരുന്നു. മാസതവണ 55 ദീനാറും ഡൗൺപേയ്മെന്റ് 400 ദീനാറുമായിരുന്നു എന്നോടും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നേരത്തേ പണമൊന്നും നൽകാതിരുന്നത് ഗുണപ്പെട്ടു.
നേരത്തേ സമാന തട്ടിപ്പിൽ മറ്റൊരു വിദേശവനിത ഇരയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഡ്വാൻസ് തുകയായി 50 ദീനാറാണ് അവർ സംഘത്തിന് നൽകിയിരുന്നത്. പിന്നീട് കാറ് കാണാനെന്ന വ്യാജേനെ ഇത്തരത്തിൽ ലൊക്കേഷൻ നൽകി സംഘം കബളിപ്പിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. നിലവിൽ രാജ്യത്ത് കുറഞ്ഞ വാടകക്ക് കാറ് ലഭിക്കാത്ത സാഹചര്യമുണ്ട്.
വിദേശികൾക്ക് ചെറിയ ആവശ്യങ്ങൾക്ക് പോലും വലിയ തുക നൽകി കാറുകൾ വാടകക്കെടുക്കേണ്ട സാഹചര്യമാണ്. ഈ അവസരം മുതലെടുത്തുകൂടിയാണ് സംഘം കുറഞ്ഞ വിലക്ക് കാറ് വിൽപ്പനെക്കെന്ന തരത്തിൽ പരസ്യം പ്രചരിപ്പിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് അധികൃതർ അറിയിച്ചു. ശരിയായി മനസ്സിലാക്കി വ്യക്തമായതിന് ശേഷമേ ഏതൊരു കാര്യത്തിലും പണമടക്കം നൽകാൻ പാടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.