വാഹനം വേഗപരിധി കടന്നാൽ ഇനി യാത്രക്കാർക്കും സന്ദേശം; ജി.പി.എസ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു
text_fieldsതിരുവനന്തപുരം: വാഹനം നിശ്ചയിച്ച വേഗപരിധിയെക്കാൾ കൂടുതലാണെങ്കിൽ ഡ്രൈവർക്ക് മാത്രമല്ല, യാത്രക്കാർക്കും മുന്നറിയിപ്പ് നൽകുന്ന ജി.പി.എസ് സംവിധാനം വരുന്നു. നിലവില്‍ വാഹനം അമിത വേഗത്തിലായാൽ അപായസൂചന (ബീപ് ശബ്ദം) മുഴങ്ങാറുണ്ട്. ഇത് ഡ്രൈവര്‍മാര്‍ അവഗണിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാര്‍ക്ക് കൂടി മനസ്സിലാകുന്ന വിധം സന്ദേശം നല്‍കുന്നത്. വാഹനം വേഗപരിധി ലംഘിച്ചാല്‍ യാത്രക്കാരുടെ കാബിനിലും അനൗണ്‍സ്മെന്റ് മുഴങ്ങുന്ന വിധത്തിലാണ് ജി.പി.എസ് നിബന്ധനകള്‍ ഗതാഗതവകുപ്പ് പരിഷ്കരിച്ചത്.
വടക്കഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പെടുന്നതിനു മുമ്പ് അമിതവേഗത്തിന്റെ അപായസൂചന ഡ്രൈവര്‍ക്കും, എസ്.എം.എസ് സന്ദേശം ഉടമക്കും നല്‍കിയിരുന്നു. ഈ ഘട്ടങ്ങളിൽ യാത്രക്കാരുടെ ഇടപെടല്‍ കൂടി ഉറപ്പാക്കാനാണ് ജി.പി.എസ് സംവിധാനം പരിഷ്കരിച്ചത്.
സംസ്ഥാനത്ത് ഓട്ടോറിക്ഷ ഒഴികെ എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ് നിര്‍ബന്ധമാണ്. ജി.പി.എസ് കമ്പനികളെ നിയന്ത്രിക്കാനും ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങള്‍ അടുത്ത ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കുമ്പോള്‍ പഴയ കമ്പനിയും മോഡലും നിലവിലുണ്ടാകില്ല. പുതിയ ഉപകരണം ഘടിപ്പിക്കേണ്ടിവരും. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ജി.പി.എസ് കമ്പനികളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
ജി.പി.എസ് കമ്പനികള്‍ വിപണനാനന്തര സേവനം നല്‍കാതെ മുങ്ങുന്നത് ഒഴിവാക്കാന്‍ 50 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഈടാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ട്രോള് റൂമുമായി വാഹനത്തിലെ ജി.പി.എസ് ബന്ധിപ്പിക്കുന്നതിന് സാങ്കേതിക സഹായം നല്കാന് കമ്പനികള്‍ കാള്‍സെന്ററുകള്‍ സജ്ജീകരിക്കണമെന്നതാണ് മറ്റൊരു തീരുമാനം.
നാലു മേഖലയിലും അംഗീകൃത വിതരണക്കാര്‍ ഉണ്ടായിരിക്കണം. വില്പന നടത്തിയതില്‍ 80 ശതമാനം ജി.പി.എസും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും പരാതി 20 ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ ഉപയോഗകാലാവധി (എന്‍ഡ് ഓഫ് ലൈഫ്) കഴിയുന്നതുവരെ സുരക്ഷ നിക്ഷേപം തിരികെ നല്‍കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.