ക്രെറ്റക്ക് താഴെ കരുത്തനായി ഹ്യുണ്ടായ് 'ബയോൺ'; കോംപാക്ട് എസ്‌യുവി വിപണിയിൽ വൻ പോരാട്ടം
text_fieldsഹ്യുണ്ടായ് ബയോൺ
ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായുടെ പുതിയ മിഡ്-സൈസ് എസ്‌യുവി 'ബയോൺ' (Hyundai Bayon) എത്തി. 9.99 ലക്ഷം രൂപ എന്ന ആകർഷകമായ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ക്രെറ്റക്ക് താഴെയായി സ്ഥാനം പിടിക്കുന്ന എസ്‌യുവിക്കായുള്ള ബുക്കിങ് രാജ്യത്തുടനീളം കമ്പനി ആരംഭിച്ചു കഴിഞ്ഞു. ചെന്നൈയിലെ ഹ്യുണ്ടായ് പ്ലാന്റിൽ നിർമിക്കുന്ന ബയോൺ ഇന്ത്യയിൽ വിൽക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി റൈറ്റ്-ഹാൻഡ്, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പുകളിൽ ലഭ്യമാക്കും.
ആകർഷകമായ ഡിസൈനും വലിപ്പവും
ഹ്യുണ്ടായുടെ പുതിയ 'ആർട്ട് ഓഫ് സ്റ്റീൽ' (Art of Steel) ഡിസൈൻ ഭാഷയിലാണ് ബയോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി നിർമിച്ച ഹ്യുണ്ടായുടെ 'ഗ്ളോബൽ കെ എൻഹാൻസ്ഡ്' (Global K Enhanced) പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി മോഡലായ ക്രെറ്റയേക്കാൾ അല്പം കുറവാണ് (ക്രെറ്റ - 4.3 മീറ്റർ, ബയോൺ 4.2 മീറ്റർ) ബയോണിന്.
എക്സ്റ്റീരിയർ വിശേഷങ്ങൾ
കോംപാക്ട് എസ്‌യുവി വിപണിയിലേക്കെത്തുന്ന ബയോൺ എക്സ്റ്റീരിയർ ഡിസൈനിൽ തന്നെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മുൻവശത്ത് പുതിയ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്ന എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകൾ. വശങ്ങളിലായി ഫ്ലെയർഡ് വീൽ ആർച്ചുകൾ, ഷാർപ്പ് ലൈനുകൾ, 17 ഇഞ്ച് പെറ്റൽ-സ്റ്റൈൽ അലോയ് വീലുകൾ എന്നിവയും പിൻവശത്തായി കറുത്ത ബാൻഡിൽ ഘടിപ്പിച്ച എൽഇഡി ടെയിൽ ലാമ്പുകൾ, 'BAYON' ബാഡ്ജിങ്, സ്പോയിലർ എന്നിവയും നൽകിയിട്ടുണ്ട്.
ഫീച്ചറുകളും പ്രീമിയം ഇന്റീരിയറും
അത്യാധുനിക സാങ്കേതികവിദ്യയും ആഡംബരവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഇന്റീരിയറാണ് ബയോണിൽ സജ്ജീകരിച്ചിട്ടുള്ളത്. 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും ചേരുന്ന കർവ്ഡ് (Curved) ലേഔട്ട്, സംഭാഷണങ്ങൾ മനസ്സിലാക്കാൻ ശേഷിയുള്ള Generative AI വോയിസ് അസിസ്റ്റന്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്മെന്റ്, ബോസ് (Bose) സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ & വയർലെസ് ചാർജർ, ബ്ലൂലിങ്ക് (Bluelink) കണക്റ്റഡ് കാർ സാങ്കേതികവിദ്യയും OTA അപ്‌ഡേറ്റുകൾ എന്നിവക്ക് പുറമെ ഡ്രൈവിങ് സുഖകരമാക്കുന്ന ഇക്കോ, നോർമൽ, സ്പോർട് ഡ്രൈവിങ് മോഡുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്.
എഞ്ചിൻ, പെർഫോമൻസ് & മൈലേജ്
ഹ്യുണ്ടായ് ക്രെറ്റക്ക് സമാനമായ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് ബയോണിന് കരുത്തേകുന്നത്. ഈ എൻജിൻ 115 പി.എസ് കരുത്തും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാന്യുവൽ അല്ലെങ്കിൽ iVT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്.
സുരക്ഷക്ക് മുൻഗണന
സുരക്ഷക്ക് മുൻഗണന നൽകിയാണ് ഹ്യുണ്ടായ് ബയോൺ നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം), ആറ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ & ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
iVT വേരിയന്റിന് ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് 18.6 kpl മൈലേജ് ലഭിക്കും. കൂടാതെ ഓവർടേക്ക് ചെയ്യുമ്പോൾ ഉടനടി കരുത്ത് നൽകാൻ iVT വേരിയന്റിൽ ഡാഷ് ബൂസ്റ്റ് മോഡ് (Dash Boost Mode) സവിശേഷത ലഭ്യമാണ്. നിലവിൽ ടർബോ-പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ ബയോണിൽ ലഭ്യമാകില്ല. എന്നാൽ, 2027 ജനുവരിയിൽ ബയോണിന്റെ സിഎൻജി (CNG) പതിപ്പ് പുറത്തിറക്കും. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായുടെ ആദ്യ സിഎൻജി മോഡലായിരിക്കും ഇത്.

