വെന്യുവിന്റെ ചിറകിലേറി പറക്കാനൊരുങ്ങി ഹ്യുണ്ടായ്; ആദ്യ മാസം സ്വന്തമാക്കിയത് റെക്കോഡ് ബുക്കിങ്!
text_fieldsഹ്യുണ്ടായ് വെന്യു
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ച രണ്ടാം തലമുറയിലെ വെന്യുവിന് വിപണിയിൽ ലഭിക്കുന്നത് മികച്ച പ്രതികരണം. 2025 നവംബർ നാലിന് നിരത്തിലെത്തിയ വാഹനം, ഒരുമാസം പിന്നിടുമ്പോൾ 32,000 ബുക്കിങ്ങുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. 7.90 ലക്ഷം രൂപയെന്ന ആകർഷമായ എക്സ് ഷോറൂം വിലയിലാണ് മോഡലിന്റെ വില ആരംഭിക്കുന്നത്. ഹ്യുണ്ടായ് വാഹനനിരയിലെ മികച്ച വിൽപ്പന രേഖപ്പെടുത്തുന്ന എസ്.യു.വിയാണ് വെന്യു.
ഹ്യുണ്ടായ് ഗ്ലോബൽ കെ1 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് വെന്യു എസ്.യു.വി നിർമിച്ചിട്ടുള്ളത്. പുതിയ വെന്യു പഴയ മോഡലിനെ അപേക്ഷിച്ച് ഉയരം കുറവാണെകിലും വീതിയും വീൽബേസും കൂടുതലാണ്. അതിനാൽ തന്നെ കാബിനിൽ കൂടുതൽ സ്ഥലം വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ കമ്പനിയുടെ പുണെയിലുള്ള ഫാക്ടറിയിൽ നിന്നും ആദ്യം പുറത്തിറക്കുന്ന വാഹനം എന്ന ക്രെഡിറ്റും വെന്യുവിന് സ്വന്തം. 2030 ആകുമ്പോഴേക്കും 26 പുതിയ പ്രൊഡക്ടുകൾ നിർമാണ പ്ലാന്റിൽ നിന്നും പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പുത്തൻ ഡിസൈനും പുതിയ കളർ ഓപ്ഷനും
രണ്ടാം തലമുറയിലെ വെന്യുവിനെ ഏറ്റവും പുതിയ ഡിസൈനിലാണ് ഹ്യുണ്ടായ് നിരത്തിലെത്തിച്ചത്. ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ, ക്വാഡ്-ഭീം എൽ.ഇ.ഡി ഹെഡ്ലാമ്പ്, ട്വിൻ-ഹോൺ എൽ.ഇ.ഡി ഡി.ആർ.എൽ, ഹൊറിസോൺ-സ്റ്റൈൽ എൽ.ഇ.ഡി ടൈൽലാമ്പ് എന്നിവ പുറത്തെ പ്രത്യേകതകളാണ്. കൂടാതെ പുതിയ സി-പില്ലർ ഗാർണിഷ്, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റൈൽസ്, ഗ്ലാസ് വെന്യു ചിഹ്നം എന്നിവയും ലഭിക്കുന്നു.
ആറ് മോണോടോൺ നിറത്തിലും രണ്ട് ഡ്യൂവൽ-ടോൺ നിറത്തിലും വെന്യു എസ്.യു.വി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇതിൽ ഹസൽ ബ്ലൂ, മിസ്റ്റിക് സഫയർ, ഡ്രാഗൺ റെഡ് എന്നീ നിറങ്ങളും ഉൾപ്പെടും. ഡ്യൂവൽ-ടോൺ ഓപ്ഷനിൽ ഹസൽ ബ്ലൂ അല്ലെങ്കിൽ അറ്റ്ലസ് വൈറ്റ് അബിസ് ബ്ലാക്ക് റൂഫിൽ ലഭിക്കുന്നു. എൻ-ലൈൻ വകഭേദത്തിന് 32 ഡിസൈൻ എലമെന്റുകൾ അധികമായി കമ്പനി നൽകുന്നുണ്ട്. ഇതിൽ റെഡ് അക്സെന്റിൽ എൻ-ലൈൻ പ്രത്യേക ബമ്പർ, ആർ17 ഡയമണ്ട്-കട്ട് അലോയ് വീൽ, ട്വിൻ-ടിപ്പ് എക്സോസ്റ്റ്, റെഡ് ബ്രേക്ക് കാലിപ്പർ, ബോഡി നിറത്തിലുള്ള ക്ലാഡിങ് എന്നിവയും ഉൾപ്പെടുന്നു.
മൂന്ന് എൻജിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെന്യുവിൽ സജ്ജീകരിച്ചിരിക്കുന്നത്. 1.2-ലിറ്റർ കപ്പ എംപിഐ പെട്രോൾ എൻജിൻ, 83 ബി.എച്ച്.പി കരുത്തും 114.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. മറ്റൊരു എൻജിൻ ഓപ്ഷനാണ് 1.0-ലിറ്റർ കപ്പ ടർബോ ജിഡിഐ പെട്രോൾ. പരമാവധി 120 ബി.എച്ച്.പി പവറും 172 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. മൂന്നാമതായി എത്തുന്ന 1.5-ലിറ്റർ യു2 സിആർഡിഐ ഡീസൽ എൻജിൻ 116 ബി.എച്ച്.പി കരുത്തും 250 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ്. എന്നാൽ വെന്യു എൻ-ലൈനിൽ 1.0-ലിറ്റർ ടർബോ പെട്രോൾ എൻജിൻ കമ്പനി അതേപടി നിലനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

