വിപണിയിലെത്തിയത് നാല് മാസം മുമ്പ്, നിലവിൽ മൂന്ന് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; കിടിലൻ ഓഫറുകളുമായി ഫോക്സ്‌വാഗൺ
text_fieldsഫോക്സ്‌വാഗൺ ടിഗ്വാൻ
ന്യൂഡൽഹി: ഫോക്സ്‌വാഗൺ അവരുടെ വാഹങ്ങൾക്ക് ഓഗസ്റ്റ് മാസത്തിലുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. വെർട്യൂസ് സെഡാൻ, ടൈഗൺ എസ്.യു.വി, പുതുതലമുറ ടിഗ്വാൻ എസ്.യു.വി തുടങ്ങിയ മോഡലുകൾക്കാണ് ഫോക്സ്‌വാഗൺ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ വേരിയന്റ് മോഡലും നിർമാണ വർഷവും അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് കാറുകളിൽ ക്യാഷ് ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് എന്നിവ ലഭിക്കും.
ഇന്ത്യയിൽ പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷം പുതുതമുറ ടിഗ്വാൻ അതിന്റെ ആർ ലൈൻ മോഡലിന് രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ മൂന്ന് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഈ എസ്.യു.വിക്ക് ഏകദേശം 49 ലക്ഷം രൂപ എക്സ് ഷോർറൂം വിലയിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തിയത്.
ഫോക്സ്‌വാഗൺ ടിഗ്വാൻ
ഫോക്സ്‍വാഗണിന്റെ സെഡാൻ മോഡൽ വാഹനമായ വെർട്യൂസിനും കമ്പനി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. വെർട്യൂസിന്റെ 1.0 ലീറ്റർ ടി.എസ്.ഐ വേരിയന്റുകൾക്ക്, ടോപ്‌ലൈൻ എ.ടി പവർട്രെയിൻ മോഡലിന് പരമാവധി 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വെർട്യൂസ് ജി.ടി ലൈൻ വേരിയന്റിന് 50,000 രൂപ വരെ കിഴിവ് ലഭിക്കും. 11.56 ലക്ഷം രൂപ വിലയുള്ള അടിസ്ഥാന വെർട്യൂസ് കംഫർട്ട്‌ലൈൻ 1.0 ടി.എസ്.ഐ എം.ടി വേരിയന്റ് 10.54 ലക്ഷം രൂപ പ്രത്യേക ഓഫർ വിലയിൽ ലഭ്യമാണ്. ഉയർന്ന വകഭേദമായ വെർട്യൂസ് ജി.ടി 1.5 ലീറ്റർ ടി.എസ്.ഐ DSG ക്രോം വേരിയന്റുകൾ 18.80 ലക്ഷം രൂപയുടെ പ്രത്യേക ഓഫർ വിലയിൽ സ്വന്തമാക്കാം. വെർട്യൂസ് ജി.ടി പ്ലസ് സ്‌പോർട് മോഡലുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 1.10 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഫോക്സ്‌വാഗൺ വെർട്യൂസ്
ഫോക്സ്‍വാഗണിന്റെ പ്രീമിയം എസ്.യു.വിയായ ടൈഗൺ ടോപ് ലൈൻ 1.0 ലിറ്റർ ടി.എസ്.ഐ AT വേരിയന്റിൽ 2.50 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യം ലഭിക്കുന്നു. അതേസമയം, ടൈഗൺ ഹൈലൈൻ, ജി.ടി ലൈൻ വേരിയന്റുകൾക്ക് യഥാക്രമം 1.12 ലക്ഷം രൂപയും 1.30 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വെർട്യൂസിനെപോലെ ടൈഗണിന്റെ അടിസ്ഥാന കംഫർട്ട്‌ലൈൻ ട്രിം 10.99 ലക്ഷം രൂപ പ്രത്യേക ഓഫർ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് എക്സ് ഷോറൂം വിലയേക്കാൾ 80,000 രൂപ കുറവ്. ടൈഗൺ ജി.ടി 1.5 ലിറ്റർ ടി.എസ്.ഐ (ക്രോമിലും സ്‌പോർട്ടിലും) വേരിയന്റുകൾക്ക്, എം.ടി, ഡി.എസ്.ജി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാങ്ങുന്നവർക്ക് 2.44 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
ഫോക്സ്‌വാഗൺ ടൈഗൺ
എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം അടിസ്ഥാനമാക്കിയുള്ളതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.