Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിനുള്ളിൽ താക്കോൽ കുടുങ്ങിയോ?

text_fields
bookmark_border
വെപ്രാളത്തിൽ പലരും ചെയ്യുന്ന ചില വിഡ്ഢിത്തങ്ങൾ വാഹനത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുക
കാറിനുള്ളിൽ താക്കോൽ കുടുങ്ങിയോ?
cancel

യാത്രക്കിടയിൽ കാറിന്റെ താക്കോൽ സീറ്റിലോ ഡാഷ്‌ബോർഡിലോ വെച്ച് വാതിൽ ലോക്കായിപ്പോകുക എന്നത് പല ഡ്രൈവർമാരുടെയും പേടിസ്വപ്നമാണ്. പേഴ്സിലും പോക്കറ്റിലുമെല്ലാം തപ്പി ഒടുവിൽ കാറിന്റെ ചില്ലിനുള്ളിലൂടെ അകത്തുകിടക്കുന്ന താക്കോലിലേക്ക് നോക്കി നിൽക്കേണ്ടി വരുന്ന ഈ അവസ്ഥ ആർക്കും വരാം. ഈ ചെറിയ അബദ്ധം വരുത്തിവെക്കുന്ന മാനസിക ബുദ്ധിമുട്ട് ചെറുതല്ല.

ഉടൻ തന്നെ വാതിൽ തുറക്കാനുള്ള വെപ്രാളത്തിൽ പലരും ചെയ്യുന്ന ചില വിഡ്ഢിത്തങ്ങൾ വാഹനത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. പെട്ടെന്ന് മുന്നിൽ കാണുന്ന വഴികൾ തിരഞ്ഞെടുക്കുന്നതിന് പകരം അല്പം സാമാന്യബുദ്ധിയോടെ നീങ്ങിയാൽ ഈ പ്രതിസന്ധി എളുപ്പത്തിൽ മറികടക്കാം.

സ്മാർട്ട് കീ ഉള്ള വാഹനങ്ങളിൽ താക്കോൽ അകത്തുവെച്ച് ലോക്കാകുമോ?

ഇന്നത്തെ പുത്തൻ കാറുകളിലെല്ലാം സ്മാർട്ട് കീ സംവിധാനമാണുള്ളത്. സ്മാർട്ട് കീ ആണെങ്കിൽ "ഈ പ്രശ്നം വരില്ലല്ലോ, പേടിക്കേണ്ടതില്ലല്ലോ" എന്ന് കരുതുന്നവരുണ്ട്. ഒരു പരിധി വരെ അത് ശരിയാണ്. താക്കോൽ കാറിനുള്ളിൽ തന്നെയുണ്ടെങ്കിൽ ഡോർ ലോക്ക് ചെയ്യാൻ ശ്രമിച്ചാൽ സെൻസറുകൾ തിരിച്ചറിഞ്ഞ് പല കാറുകളും വാതിൽ ലോക്കാകാൻ സമ്മതിക്കാതെ ഹോൺ മുഴക്കുകയോ അല്ലെങ്കിൽ വാതിൽ ഓട്ടോമാറ്റിക് ആയി തുറക്കുകയോ ചെയ്യും.

എന്നാൽ സ്മാർട്ട് കീ ആയാലും ചില സാഹചര്യങ്ങളിൽ വാഹനം ലോക്കാകാം:

ബാറ്ററി പ്രശ്നങ്ങൾ: സ്മാർട്ട് കീയുടെ റിമോട്ട് ബാറ്ററി തീരാറായോ അല്ലെങ്കിൽ കാറിന്റെ പ്രധാന ബാറ്ററി ഡൗൺ ആയതോ ആണെങ്കിൽ സെൻസറുകൾക്ക് താക്കോൽ ഉള്ളിലുള്ള കാര്യം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ അറിയാതെ വാതിൽ ലോക്കായിപ്പോകാം.

സിസ്റ്റം ഗ്ലിച്ചുകൾ: ഇലക്ട്രോണിക് സെൻസറുകളിലുണ്ടാകുന്ന സാങ്കേതിക തകരാറുകൾ കാരണവും താക്കോൽ അകത്തിരിക്കെ വാഹനം ലോക്കാകാൻ സാധ്യതയുണ്ട്.

മാനുവൽ ലോക്കിങ്ങ്​: റിമോട്ട് ഉപയോഗിക്കാതെ, ചില സാങ്കേതിക തകരാറുകൾ മൂലം ഡോർ ഓട്ടോമാറ്റിക് ആയി ലോക്കാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ 'സ്മാർട്ട് കീ ആണെങ്കിൽ പൂർണ്ണമായും സേഫാണ്' എന്ന് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല.

വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ:

ജനൽ ചില്ല് തകർക്കരുത് (അടിയന്തര ഘട്ടങ്ങളിലൊഴികെ):

താക്കോൽ അകത്ത് കുടുങ്ങിയാൽ ജനൽ ചില്ല് അടിച്ചുതകർക്കുക എന്നത് എളുപ്പമായി തോന്നിയേക്കാം. എന്നാൽ പൊട്ടിയ ഗ്ലാസ് ചില്ലുകൾ മൂലം പരിക്കേൽക്കാനും വലിയ തുക ചെലവഴിക്കേണ്ടി വരാനും ഇത് ഇടയാക്കും.

കാറിനുള്ളിൽ ചെറിയ കുട്ടിയോ വളർത്തുമൃഗമോ കുടുങ്ങിക്കിടക്കുകയും ജീവന് അടിയന്തര ഭീഷണിയുള്ള സാഹചര്യവും ഉണ്ടായാൽ മാത്രമേ ഈ കടുംകൈ ചെയ്യാൻ പാടുള്ളൂ.

ലോക്കിനുള്ളിൽ വയറോ സ്ക്രൂഡ്രൈവറോ കയറ്റരുത്:

പഴയകാല കാറുകളിൽ കമ്പിയോ സ്കെയിലോ ഉപയോഗിച്ച് ലോക്ക് തുറക്കുന്ന വിദ്യകൾ വിജയിച്ചിട്ടുണ്ടാകാം. എന്നാൽ ആധുനിക കാറുകളുടെ വാതിലുകൾക്കുള്ളിൽ ഇലക്ട്രോണിക് സെൻസറുകളും സങ്കീർണ്ണമായ വയറിങ് സംവിധാനങ്ങളുമാണുള്ളത്. തെറ്റായ രീതിയിൽ ഏതെങ്കിലും വസ്തുക്കൾ അകത്തേക്ക് തള്ളിക്കയറ്റിയാൽ സെൻസറുകൾ തകരാറിലാകാൻ ഇത് കാരണമാകും.

വാതിൽ ബലമായി വലിക്കുകയോ വിടവ് ഉണ്ടാക്കാൻ നോക്കുകയോ ചെയ്യരുത്:

പൂട്ടിയ വാതിൽ ആവർത്തിച്ച് ബലമായി വലിക്കുന്നത് ഡോർ ഹാൻഡിലിനും ലോക്കിങ് മെക്കാനിസത്തിനും റബ്ബർ സീലുകൾക്കും തകരാറുണ്ടാക്കും. വാതിലിനും ബോഡിക്കുമിടയിൽ കമ്പിയോ മറ്റോ കയറ്റി വിടവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ വാഹനത്തിന്റെ പെയിന്റും ബോഡി ഫ്രെയിമും ശാശ്വതമായി നശിക്കാം.

ആദ്യം എന്തുചെയ്യണം?

സ്പെയർ കീ പരിശോധിക്കാം:

വാഹനം ലോക്ക് ആയിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് സ്പെയർ കീ ലഭ്യമാണോ എന്ന് നോക്കുകയാണ്. ക്ഷമയോടെയും പരി​ഭ്രാന്തരാകാതെയും വേണം ഇത്തരം അവസ്ഥയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്ന്​ പറയേണ്ടതില്ലല്ലോ. വീട്ടിലാണ് സ്പെയർ കീ ഉള്ളതെങ്കിൽ, വീട്ടിലുള്ളവരോട് അത് എത്തിക്കാൻ പറയാം. എന്നാൽ നമ്മൾ വീട്ടിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ ദൂരത്തുള്ള ഒരു സ്ഥലത്താണ് യാത്രയിലുള്ളതെങ്കിൽ ഈ ഓപ്ഷൻ നടക്കില്ല. അത്തരം സന്ദർഭങ്ങളിൽ സമയം കളയാതെ താഴെ പറയുന്ന മാർഗ്ഗങ്ങൾ നോക്കാം.

ഡിജിറ്റൽ ആപ്പുകളും റിമോട്ട് അൺലോക്കും:

ഇന്നത്തെ ആധുനിക കാറുകളിൽ സ്മാർട്ട്‌ഫോൺ ആപ്പുകൾ വഴി വാഹനം റിമോട്ട് ആയി അൺലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. നിങ്ങളുടെ ഫോണിൽ അത്തരം കണക്റ്റഡ് കാർ ആപ്പുകൾ സജീവമാണെങ്കിൽ, ഇന്റർനെറ്റ് സഹായത്തോടെ വിദൂരത്തിരുന്നുകൊണ്ട് വാതിൽ തുറക്കാൻ സാധിക്കും.

മറ്റ് വാതിലുകളും ട്രങ്കും പരിശോധിക്കുക:

എല്ലാ വാതിലുകളും കൃത്യമായി ലോക്ക് ആയിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുക. ചിലപ്പോഴെങ്കിലും കാറിന്റെ ഡിക്കിയോ പിൻവാതിലുകളോ ലോക്കാകാതെ കിടക്കുന്നുണ്ടാകാം. ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കാവുന്നതാണ്​.

റോഡ് സൈഡ് അസിസ്റ്റൻസ് വിളിക്കുക:

നിങ്ങൾ എടുത്തിട്ടുള്ള കാർ ഇൻഷുറൻസിനോടൊപ്പമോ അല്ലെങ്കിൽ വാഹന കമ്പനിയുടെയോ റോഡ് സൈഡ് അസിസ്റ്റൻസ് (RSA)സേവനം ലഭ്യമാണെങ്കിൽ ഉടൻ അവരെ വിളിക്കുക. കാറിന്റെ ഡോറുകൾക്ക് കേടുപാടുകൾ വരുത്താതെ, പ്രഫഷനൽ ടൂളുകൾ ഉപയോഗിച്ച് കൃത്യമായി വാതിൽ തുറക്കാൻ ഇവർക്ക് സാധിക്കും.

ലോക്കൽ വർക്ക്​ ഷോപ്പുകളുടെ സഹായം തേടാം:

അടുത്തുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകളെയോ അല്ലെങ്കിൽ കാർ കീ എമർജൻസി സർവീസ് നടത്തുന്ന വിദഗ്ധരെയോ ബന്ധപ്പെടുകയാണെങ്കിൽ വലിയ കേടുപാടുകൾ കൂടാതെ വാഹനം തുറക്കാനുള്ള വഴി അവർ കാണിച്ചുതരും.

രാത്രി സമയത്താണെങ്കിൽ പ്രായോഗികമായി ചെയ്യാൻ പറ്റിയ കാര്യം പരിഭ്രാന്തരാകാതെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്​. വാഹനം വിജനമായ റോഡരികിലാണെങ്കിൽ, കഴിയുമെങ്കിൽ വണ്ടി വെളിച്ചമുള്ളതോ ആളനക്കമുള്ളതോ ആയ ഏതെങ്കിലും പെട്രോൾ പമ്പിന്റെയോ, കടയുടെയോ മുന്നിലേക്കോ അല്ലെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റി നിർത്താൻ നോക്കുക. വാഹനം മാറ്റാനായില്ലെങ്കിലും ചെറിയ കുട്ടികളുൾപ്പടെ വാഹനത്തിലെ യാത്രികരെ സുരക്ഷിത സ്ഥലത്തെത്തിക്കുക തുടങ്ങിയവയും ഇതിനൊപ്പം ചെയ്യേണ്ടതുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to Unlock Car When Keys Are Inside
Next Story