30 ലക്ഷത്തിനു മുകളിൽ വിലവരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം നികുതി; മഹാരാഷ്ട്ര പിന്മാറി
text_fieldsമുംബൈ: 30 ലക്ഷത്തിനു മുകളിൽ വിലവരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം നികുതി ഈടാക്കാനുള്ള ശിപാർശ മഹാരാഷ്ട്ര സർക്കാർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഇത് സർക്കാറിന് കാര്യമായ വരുമാനം നൽകില്ലെന്നും ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന് പ്രതികൂലമാകുമെന്നും കണ്ടാണ് തീരുമാനം. ഉദ്ധവ് പക്ഷ ശിവസേന എം.എൽ.എ അനിൽ പരബിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2025-26 ബജറ്റിലാണ് 30 ലക്ഷത്തിനു മുകളിൽ വിലവരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം നികുതി ഈടാക്കാൻ തീരുമാനിച്ചത്.
ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഈ വർഷം ഒരു ഡസനോളം പുതിയ ഇലക്ട്രിക് കാർ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട്.
ഇന്ത്യയിലെ ഇവി വിപണി ചെറുതാണ്, ഉയർന്ന വിലയും ചാർജിങ് ശൃംഖലയിലെ പാളിച്ചകളും വാങ്ങുന്നവരെ പിന്നോട്ടടിക്കുന്നുണ്ട്. എന്നാൽ, 2024 ൽ വിറ്റഴിക്കപ്പെട്ട 4.3 ദശലക്ഷം കാറുകളിൽ ഏകദേശം 2.5 ശതമാനം ഇലക്ട്രിക് മോഡലുകളാണ്. 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമാക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024 ൽ 20 ശതമാനത്തിന്റെ വർധനവുണ്ട്. ആഗോള തലത്തിൽ വിൽപനയിൽ മുന്നിൽ ചൈനയാണ്. മൊത്തം വിൽപനയുടെ 60 ശതമാനവും വിറ്റത് ചൈനക്കാരാണ്. 2024 ൽ ചൈന 6.3 ദശലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റു. മുൻ വർഷത്തെ അപേക്ഷിച്ച് 27.5 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.